വീട് നിർമിക്കുമ്പോൾ ഒരു നില മതിയോ അതോ രണ്ടുനില വേണമോ എന്ന് സംശയിക്കുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ട കാര്യങ്ങൾ.

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് പല കാര്യങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വീട് നിർമിക്കുമ്പോൾ ഓരോരുത്തർക്കും തങ്ങളുടെതായ പല ആവശ്യങ്ങളും ഉണ്ടായിരിക്കും.

പലപ്പോഴും ആവശ്യങ്ങൾ അറിഞ്ഞു കൊണ്ട് ഒരു വീട് നിർമിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ബഡ്ജറ്റ് ഒന്നും നോക്കാതെ വലിയ വീടുകൾ പണിത് സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കുന്നവരും നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്.

പലർക്കും വീട് നിർമ്മിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന കാര്യം ഒറ്റ നില യാണോ ഇരുനില യാണോ കെട്ടേണ്ടത് എന്നതാണ്.മിക്ക ആളുകളും ഒറ്റ നില വീട് നിർമ്മിക്കുമ്പോൾ ചിലവ് കുറവാണ് എന്ന് കരുതുന്നു എങ്കിലും ഒറ്റ പണിയിൽ വീടുപണി പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി ഇരുനില വീട് കെട്ടുക എന്നത് തന്നെയാണ്.

എന്നാൽ രണ്ട് രീതിക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒറ്റ നില വീട് ഇരുനില വീട് എന്നിവ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ഇരുനില വീടുകൾ തിരഞ്ഞെടുക്കുമ്പോൾ

ഒരു വീടെന്ന സ്വപ്നത്തോടൊപ്പം പലരും കൂട്ടിച്ചേർക്കുന്ന കാര്യം ഇരുനില വീട് നിർമിക്കുക എന്നത് തന്നെയാണ്. വീടുവെക്കാൻ ഒരുങ്ങുന്ന വസ്തുവിന്റെ അളവ് കുറവാണ് എങ്കിൽ ഏറ്റവും മികച്ച രീതി ഇരുനില വീട് നിർമിക്കുക എന്നത് തന്നെയാണ്.

ഇപ്പോൾ പലരും കരുതുന്നത് കുറഞ്ഞ സ്ഥലത്ത് ഒരു ഒറ്റ നില വീട് നിർമ്മിക്കുന്നതല്ലേ കൂടുതൽ നല്ലത് എന്നതായിരിക്കും. കുറവ് സ്ഥലത്ത് വീടുവയ്ക്കുമ്പോൾ അതിന് പരിമിതികളും ഒരുപാടാണ്.

അതുകൊണ്ടുതന്നെ രണ്ടു നിലയിലായി വീട് നിർമ്മിച്ച് നൽകുമ്പോൾ പരിമിതികളെ മറികടന്നു കൊണ്ട് വീടിനകത്ത് ആവശ്യമായ സ്ഥലം കണ്ടെത്താനാകും.

കുറഞ്ഞ സ്ഥലത്ത് ഇരുനില വീട് എന്ന രീതിയിൽ പണിയുകയാണെങ്കിൽ അടുക്കളയിൽ നിന്നും വരുന്ന മാലിന്യങ്ങൾ കൃത്യമായി മാനേജ് ചെയ്യാനും, സെപ്റ്റിക് ടാങ്കും അതിരും തമ്മിലുള്ള അകലം കൃത്യമായി പാലിക്കാനും, കിണർ നൽകാനുമെല്ലാം സാധിക്കും.

ഒറ്റ നിലയിൽ നിർമ്മിക്കുന്ന വീടുകളേക്കാൾ കൂടുതൽ ഭംഗിയിൽ നിർമ്മിക്കാം എന്നതും ഇരുനില വീടുകളുള്ള പ്രിയം കൂടുതൽ വർദ്ധിക്കുന്നതിന് കാരണമാകുന്നു.

പലപ്പോഴും ഒറ്റ നിലയിൽ വീട് കെട്ടി പിന്നീട് മുകളിലേക്ക് എടുക്കാമെന്ന് പ്ലാൻ ഉള്ളവർക്ക് വീടുപണിക്കായി ചിലവഴിക്കേണ്ടി വരുന്നത് ഒരു വലിയ തുകയാണ്.

ഒരു വീടിനകത്ത് താമസിക്കുന്നവർക്ക്‌ ബെഡ്റൂമുകൾ തമ്മിൽ പ്രൈവസി കൂടുതലായി വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇരുനില വീട് തന്നെ നിർമ്മിക്കുന്നതാണ് നല്ലത്. രണ്ട് നിലയുള്ള വീടാണ് നിർമ്മിക്കുന്നത് എങ്കിൽ താഴത്തെ ഭാഗത്ത് ചൂട് കുറയ്ക്കുന്നതിനും സഹായിക്കും.

ഇരുനില വീട് കെട്ടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ

ഒറ്റ നിലയിൽ കെട്ടുന്ന വീടുകളേക്കാൾ എന്തുകൊണ്ടും ചിലവ് കൂടുതൽ ഇരുനില വീടുകൾക്ക് തന്നെയാണ്. മൂന്നു പേർ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന് പലപ്പോഴും ഇരുനില വീടുകളുടെ ആവശ്യം വരാറില്ല.

റൂമുകൾ കെട്ടിയിട്ട് പിന്നീട് അവ കൃത്യമായി നോക്കുകയോ പരിപാലിക്കുകയോ ചെയ്യാത്തപക്ഷം പൊടിപിടിച്ച് കിടക്കുക മാത്രമാണ് സംഭവിക്കുന്നത്.

വീട്ടുകാർ തമ്മിലുള്ള ആശയവിനിമയം ഒരു നില വീടുകളെ അപേക്ഷിച്ച് ഇരുനില വീടുകളിൽ പലപ്പോഴും കുറവായി കാണാറുണ്ട്.

ഇരുനില വീട് നിർമിക്കുമ്പോൾ സ്റ്റെയർകേസ്,അതിനോടു ചേർന്നു വരുന്ന ലിവിങ് റൂം എന്നിവയ്ക്ക് വേണ്ടി കൂടുതൽ പണം കണ്ടെത്തേണ്ടി വരും.

ഇരുനില വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ലേബർ കോസ്റ്റ് എപ്പോഴും കൂടുതലായിരിക്കും.

ഒറ്റ നിലയിൽ ഉള്ള വീട് പണിയുമ്പോൾ

വീടിന് ഒരു നില നൽകുമ്പോൾ പലരും ചിന്തിക്കുന്നത് വീടുനിർമ്മാണത്തിൽ ചിലവ് കുറയ്ക്കാം എന്നതാണ്.

ഇതിനുള്ള പ്രധാന കാരണം താഴെയുള്ള ഏരിയക്ക്‌ മാത്രമാണ് നിർമ്മാണ ചിലവ് വരുന്നുള്ളൂ എന്ന് തന്നെയാണ്.ഒറ്റ നിലയിൽ ഉള്ള വീടുകൾ നിർമ്മിക്കുമ്പോൾ അതിന് ഫൗണ്ടേഷൻ കൂടുതലായി നിർമ്മിച്ചു നൽകേണ്ടി വരാറുണ്ട്.

അതേസമയം ഫൗണ്ടേഷന്റെ വലിപ്പം കുറച്ച് വീടിന്റെ മുകൾ ഭാഗം കൂടി എടുക്കുമ്പോൾ നിർമ്മാണ ചിലവ് കുറവായി തോന്നും.

ഒറ്റ നിലയിൽ ഉള്ള ഒരു വീട് നിർമ്മിക്കുമ്പോൾ സ്റ്റെയർകേസ് ഒഴിവാക്കാം എന്നതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ചിലവാണ് കുറയുന്നത്.

ഒരു നിലയിൽ നിർമിക്കാവുന്ന വീടുകളിൽ പലപ്പോഴും ചൂട് കൂടുതലായി അനുഭവപ്പെടാറുണ്ട്. ഇതിനുള്ള കാരണം മുകൾ ഭാഗത്തേക്ക് ചൂട് കുറയ്ക്കുന്നതിന് ആവശ്യമായ ഒന്നും തന്നെ ഇല്ല എന്നതാണ്.

ഒരു നില വീട് കെട്ടി വീണ്ടും മുകളിലേക്ക് എടുക്കുമ്പോൾ കൂടുതൽ പണി ആവശ്യമായി വരാറുണ്ട്.

അതോടൊപ്പം തന്നെ താഴത്തെ നിലക്ക് പല രീതിയിലുള്ള കേടുപാടുകളും സംഭവിക്കാനുള്ള സാധ്യതയും മുന്നിൽ കാണണം. അതിനുള്ള ചിലവ് കൂടി കണ്ടെത്തി വേണം ഒറ്റനില വീട് നിർമ്മിക്കാൻ.

ഇത്തരത്തിൽ രണ്ടു രീതിയിൽ വീട് നിർമ്മിക്കുമ്പോഴും അവയ്ക്ക് ഗുണവും ദോഷങ്ങളും ഉണ്ട്. ഒരു വീട് എന്നത് മിക്കവരുടെയും സ്വപ്നത്തിന്റെ ഭാഗമാണ്.

അതുകൊണ്ടുതന്നെ തങ്ങളുടെ ആവശ്യം എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കിയശേഷം വീട് നിർമ്മാണം ആരംഭിക്കുക എന്നതാണ് പ്രധാനം.