പണി പൂർത്തിയായ ഒരു ബിൽഡിങ്ങിന് ബിൽഡിംഗ് നമ്പർ കിട്ടാൻ

ഒരു സ്വപ്നസാക്ഷാത്കാരം എന്ന നിലയ്ക്കാണ് നാം നമ്മുടെ വീട് പണിതുയർത്തുന്നത്. 

എന്നാൽ വീട് നിർമാണത്തിൽ ശാസ്ത്രീയമായ എത്ര കാര്യങ്ങൾ നാം പാലിക്കേണ്ടതുണ്ടോ, അതുപോലെ തന്നെ നിയമപരമായും ഏറെ കാര്യങ്ങൾ ഉണ്ട്. 

ഒരു സ്ഥലം വാങ്ങുമ്പോൾ ഉള്ള രജിസ്ട്രേഷൻ തുടങ്ങി കരം അടയ്ക്കുന്നതും ഒരു വീട് കെട്ടാനായി പെർമിറ്റ് വാങ്ങുന്നതും ഉൾപ്പെടെ തുടങ്ങുന്നു ഈ ചെറുതല്ലാത്ത പ്രക്രിയ. 

അങ്ങനെ എല്ലാ രീതിയിലുള്ള അനുവാദവും നേടി വീടുനിർമാണം ഒടുവിൽ പൂർത്തിയായി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ട ഒരുപക്ഷേ ഏറ്റവും ഒടുവിലത്തെ നടപടി എന്നു പറയാവുന്നതാണ് നിങ്ങളുടെ സ്വപ്നവീടിനു ഒരു ബിൽഡിംഗ് നമ്പർ ലഭിക്കുക എന്നത്. സർക്കാരിൻറെ കെട്ടിട രജിസ്ട്രേഷൻ ലിസ്റ്റിലേക്ക് കയറി പെടുന്നു നിങ്ങളുടെ വീടും അതോടുകൂടി. നിങ്ങൾ പണിത വീട് അതോടെ “റെഗുലറൈസ്” ചെയ്ത് കിട്ടുന്നു. 

പിന്നീടങ്ങോട്ട് നിങ്ങളുടെ കെട്ടിടവും ആയി ബന്ധപ്പെട്ട പിന്നീടുള്ള എല്ലാ ആശയവിനിമയങ്ങളും മറ്റും നടക്കുന്നത് ഈ നമ്പറിനെ ആസ്പദമാക്കി ആയിരിക്കും. വീടുപണി പൂർത്തിയായിക്കഴിഞ്ഞാൽ ബിൽഡിംഗ് നമ്പർ ലഭിക്കുവാനായി നാം ചെയ്യേണ്ട നടപടികളാണ് താഴെ വിവരിക്കുന്നത്:

ബിൽഡിംഗ് നമ്പർ ലഭിക്കാൻ:

നിർമ്മാണ പൂർത്തിയായിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് കേരള സർക്കാരിൻറെ വെബ്സൈറ്റിൽ കയറി നിങ്ങളുടെ പണി പൂർത്തിയായതിന്റെ ഡീറ്റെയിൽസ് സമർപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ ഈ  വിവരങ്ങൾ വെച്ച് നിങ്ങൾക്ക് ഒരു ഡോക്യുമെൻറ്റ് ലഭിക്കുന്നു. അവിടെ നിന്നാണ് ബിൽഡിംഗ് നമ്പർ ലഭിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങുന്നത്  

നിങ്ങളുടെ പഞ്ചായത്തിലോ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ, അത് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോർപ്പറേഷനോ ആകട്ടെ അവിടെയാണ് നിങ്ങൾ ബിൽഡിംഗ് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഒപ്പം നൽകേണ്ട ഡോക്യുമെൻറ്റുകൾ ഏതൊക്കെ എന്ന് ചുവടെ പറയുന്നു:

  • ഓൺലൈൻ ആയി സമർപ്പിച്ച കംപ്ലീഷൻ ഡീറ്റെയിൽസ്സിൻറെ കോപ്പി.
  • ബിൽഡിംഗ് പെർമിറ്റിൻറെയും ബിൽഡിംഗ് പ്ലാൻനിൻറെയും കോപ്പി.
  • പ്ലാൻ വരച്ചു ബിൽഡിംഗ് പെർമിറ്റ് എടുത്തു തന്ന ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത ലൈസൻസ് സർട്ടിഫിക്കറ്റിൻറെ കോപ്പി.
  • ലൈസൻസി  അറ്റസ്റ്റ് ചെയ്ത കംപ്ലീഷൻ പ്ലാൻ.
  • കരം അടച്ച രസീതിന്റെ കോപ്പി.
  • 100m2 മുകളിലുള്ള ബിൽഡിങ് ആണെങ്കിൽ വൺടൈം ടാക്സ് അടച്ചതിൻറെ വില്ലേജിൽ നിന്ന് കിട്ടിയ സർട്ടിഫിക്കറ്റ് കോപ്പി.

മേൽപ്പറഞ്ഞ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിൽ (അല്ലെങ്കിൽ  മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ) സമർപ്പിക്കണം .

ഈ ഡോക്യുമെൻട് എല്ലാം പരിശോധിച്ച ശേഷം, തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നും നിർദ്ദേശിക്കപ്പെട്ട അധികാരികൾ വന്നു നിങ്ങളുടെ ബിൽഡിംഗ് അളന്ന് പോകും. അതിൻറെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ (അല്ലെങ്കിൽ  മുൻസിപ്പാലിറ്റിലെ/കോർപ്പറേഷനിലെ) എൻജിനീയറിങ് സെക്ഷനിൽ നിന്നും ഫയൽ റവന്യൂ സെക്ഷനിലേക്ക് അയയ്ക്കും.

റവന്യൂ സെക്ഷനിൽ ഫയലുകളും മറ്റും പരിശോധിച്ച ശേഷം കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ, അവിടെ നിന്ന് നിങ്ങൾക്ക് ബിൽഡിംഗ് നമ്പർ ലഭിക്കേണ്ടതാണ്.