ഫ്ലോറിങ്ങിനായി മണ്ണിൽ തീർത്ത ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഫ്ലോറിങ് ഭംഗി യാക്കുന്നതിനു വേണ്ടി വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ പലരും.

പലപ്പോഴും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ എല്ലാവരുടെയും കാഴ്ച പറ്റുന്ന ഒരിടമാണ് ഫ്ലോർ ഏരിയ. മുൻകാലങ്ങളിൽ വീടുകളുടെ ഫ്ലോറിങ് ചെയ്യുന്നതിനായി കാവി, മൊസൈക് പോലുള്ള മെറ്റീരിയലുകൾ ആണ് ഉപയോഗപ്പെടുത്തിയിരുന്നത്.

പിന്നീട് അതിൽ മാറ്റം വരികയും ടൈൽ, ഗ്രാനൈറ്റ്, മാർബിൾ പോലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കാനും തുടങ്ങി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാകാലത്തും ട്രെൻഡിങ് ആയി നിൽക്കുന്നത് ടൈലുകൾ തന്നെയാണ്.

സെറാമിക്, വിട്രിഫൈഡ്,വുഡൻ, ടെറാക്കോട്ട എന്നിങ്ങനെ ടൈലുകൾ വിപണി അടക്കി വാഴുമ്പോൾ ഓരോന്നിനും അതിന്റെ തായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

അടുത്തിടെ നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ടൈലുകളാണ് കളിമണ്ണിൽ തീർത്തെടുക്കുന്ന ടെറാക്കോട്ട ടൈലുകൾ. വീടിന്റെ ഇന്റീരിയർ ചെയ്യുന്നതിനായി ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

എന്താണ് ടെറാക്കോട്ട ടൈലുകൾ?

കളിമണ്ണിൽ നിന്നും നിർമ്മിച്ചെടുക്കുന്ന ടെറാക്കോട്ട ടൈലുകൾക്ക് അതിന്റെ ഭംഗിയും ക്വാളിറ്റിയും ലഭിക്കുന്നതിനുവേണ്ടി നല്ല മണ്ണ് തന്നെ തിരഞ്ഞെടുക്കണം.

തുടർന്ന് മണ്ണ് മാവ് രൂപത്തിൽ അരച്ച് എടുത്ത ശേഷം പ്രത്യേക മോൾഡുകളിൽ ഒഴിക്കുന്നു. ഇവ നന്നായി ഉണക്കിയ ശേഷം മാത്രമാണ് തീയിൽ ചുട്ട് എടുക്കുന്നത്.

കൃത്യമായ പ്രോസസ് വഴി നിർമ്മിച്ച് എടുത്താൽ മാത്രമാണ് ടെറാക്കോട്ട ടൈലുകൾ ക്ക് അവയുടെ ഗുണവും ബലവും ലഭിക്കുകയുള്ളൂ.

ടൈലുകൾ വിരി ക്കേണ്ട രീതി

ടെറാക്കോട്ട ടൈലുകൾ വിരിച്ച് നൽകുമ്പോൾ തറയിലെ മണ്ണ് നല്ല രീതിയിൽ ഉറപ്പിച്ച ശേഷം അതിനുമുകളിൽ കോൺക്രീറ്റിംഗ് ചെയ്യണം.

ഫ്ലോർ ലെവൽ കൃത്യമായി പരിശോധിച്ചശേഷം മാത്രമാണ് ടൈലുകൾ പതിപ്പിച്ചു നല്കാൻ പാടുകയുള്ളൂ.

ടൈലുകൾക്കിടയിൽ വരുന്ന ജോയിൻസ് പേസ്റ്റ് ചെയ്ത് ഉറപ്പിക്കേണ്ടതുണ്ട്. പേസ്റ്റ് ചെയ്ത് നൽകുന്നതിനായി സിമന്റ് പേസ്റ്റ് ആണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

സിമന്റ് പെസ്റ്റ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിലും അവ കൂടുതൽ കാലം നിലനിൽക്കില്ല. അതേസമയം വിപണിയിൽ ലഭിക്കുന്ന ഗ്രൗട്ടിങ് പേസ്റ്റുകൾ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അവ കൂടുതൽ കാലം ഈടു നിൽക്കും.

ഗ്രൗട്ടിങ് പേസ്റ്റുകൾ തന്നെ വ്യത്യസ്ത നിറങ്ങളിൽ തിരഞ്ഞെടുക്കാൻ സാധിക്കും. റെഡ്,ഗ്രേ, ബ്ലാക്ക്, ബ്രൗൺ നിറങ്ങളിൽ ഗ്രൗട്ടിങ് പേസ്റ്റ് ഉപയോഗപ്പെടുത്താൻ സാധിക്കും.

ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

പൂർണമായും മണ്ണിൽ തീർത്തെടുക്കുന്ന ടെറാക്കോട്ട ടൈലുകൾ ക്കിടയിൽ ആവശ്യത്തിന് സുഷിരങ്ങൾ ഉള്ളതുകൊണ്ടു തന്നെ വായു സഞ്ചാരത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. വീടിന്റെ പുറം ഭാഗത്ത് ടെറാക്കോട്ട ടൈലുകൾ ഉപയോഗപ്പെടുത്തുമ്പോൾ വെള്ളം അബ്സോർബ് ചെയ്യുന്ന അതേ രീതിയിൽ തന്നെ വീടിനകത്ത് ഉപയോഗിക്കുമ്പോഴും കറകളെ വലിച്ചെടുക്കാനുള്ള ശേഷി ഇവക്കുണ്ട്.

എന്നാൽ ഇവ പരിഹരിക്കുന്നതിനുവേണ്ടി ടൈൽ ഒട്ടിച്ചതിന് ശേഷം അതിനുമുകളിൽ സീലിംഗ്, വാക്സ് പോളിഷിംഗ് പോലുള്ള കാര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ടൈലിന് കൂടുതൽ ഭംഗി ലഭിക്കുകയും ചെയ്യുന്നു.

കൂടാതെ പൂർണമായും പ്രകൃതിയോട് ഇണങ്ങി നിർമ്മിക്കുന്ന മെറ്റീരിയൽ ആയതുകൊണ്ട് തന്നെ യാതൊരുവിധ ദോഷങ്ങളും ഉണ്ടാകുന്നില്ല. അതേസമയം വീടിനകത്ത് നല്ല രീതിയിൽ തണുപ്പ് ലഭിക്കുകയും ചെയ്യും.

മറ്റ് ഫ്ലോറിങ് മെറ്റീരിയലുകൾ വെച്ച് കമ്പയർ ചെയ്യുമ്പോൾ ഇവക്ക് വരുന്ന ലേബർ കോസ്റ്റ്, ടൈലിന്റെ വില എന്നിവ താരതമ്യേനെ കുറവാണ്.

ദോഷവശങ്ങൾ

  • സാധാരണ ടൈലുകൾ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് കനം കുറവായതുകൊണ്ട് തന്നെ എന്തെങ്കിലും കനമുള്ള സാധനം താഴെ വീണാൽ ടൈൽ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.
  • കറകളും മറ്റും വീണാൽ അവ പെട്ടെന്ന് വലിച്ചെടുക്കുകയും പിന്നീട് ഏത് ടൈലിന്റെ ഭംഗി ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
  • ടൈലിന്റെ ഭംഗി അതേ രീതിയിൽ നിലനിർത്തണമെങ്കിൽ രണ്ടു വർഷത്തിലൊരിക്കലെങ്കിലും വാക്സ് പോളിഷിംഗ്, സീലിംഗ് എന്നിവ ചെയ്യേണ്ടതുണ്ട്.

വ്യത്യസ്ത നിറങ്ങളിലും ലഭിക്കും

പൂർണമായും കളിമണ്ണിൽ തീർത്ത ടെറാക്കോട്ട ടൈലുകൾ വ്യത്യസ്ത നിറങ്ങളിൽ വിപണിയിൽ നിന്നും വാങ്ങാൻ സാധിക്കും.ടെറ ഡൈൻ, നാച്ചുറൽ ടോൺ, നാച്ചുറൽ റസ്റ്റിക് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ വ്യത്യസ്ത ഷേഡുകളിലും,നിറങ്ങളിലും ടെറാക്കോട്ട ടൈലുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്.

ടെറാക്കോട്ട ടൈലുകൾക്കൊപ്പം, മറ്റ് ടൈലുകൾ ,മാർബിൾ പീസുകൾ എന്നിവകൂടി നൽകുന്നതിലൂടെ ഫ്ലോറിങ്ങിന് കൂടുതൽ ഭംഗി ലഭിക്കുന്നു. നിലത്ത് മാത്രമല്ല ടെറാക്കോട്ട ടൈലുകൾ ഉപയോഗിക്കാൻ സാധിക്കുക മറിച്ച് റൂഫ്, വീടിന്റെ പുറത്തു നൽകുന്ന സൈഡ് ടൈലുകൾ എന്നീ രീതിയിലും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപ നിരക്കിലാണ് ടെറാക്കോട്ട ടൈലുകൾ ക്ക് മാർക്കറ്റിൽ വിലയായി നൽകേണ്ടി വരുന്നത്.

പൂർണ്ണമായും പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് ടെറാക്കോട്ട ടൈലുകൾ. എന്ന് മാത്രമല്ല വീടിനകത്ത് പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് ഒരു പ്രത്യേക ലുക്ക് നൽകുന്നതിനും ടെറാകോട്ട ടൈലുകളുടെ സ്ഥാനം ഒരു പടി മുന്നിൽ തന്നെയാണ്.