മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി നമ്മുടെ വീടിനെ എങ്ങിനെ ഒരുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി പല ശ്രമങ്ങളും നടത്തി പരാജയപ്പെടുമ്പോൾ ഉപേക്ഷിക്കുന്ന മട്ടാണ് മിക്ക ആളുകൾക്കും ഉള്ളത്.
വീടിന്റെ ലുക്ക് അടിമുടി മാറ്റാനായി ചെറിയ ചില പരീക്ഷണങ്ങൾ ഇന്റീരിയറിൽ നടത്തി നോക്കാവുന്നതാണ്. കണ്ടു മടുത്ത വസ്തുക്കൾക്ക് ഒരു പുതിയ മാറ്റം കൊണ്ടു വരുമ്പോൾ അത് നമ്മുടെ കണ്ണിനും മനസ്സിനും ഒരേ രീതിയിൽ മാറ്റം കൊണ്ടു വരും എന്ന കാര്യത്തിൽ സംശയമില്ല.
തുടങ്ങാം അകത്തളത്തിൽ നിന്നു തന്നെ.
ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യമുള്ള ഒരു ഏരിയയാണ് അകത്തളങ്ങൾ. വീട്ടിലേക്ക് ഒരു അതിഥി വരുമ്പോൾ ആദ്യം കാണുന്ന ഭാഗവും അകത്തളങ്ങൾ തന്നെയാണ്.
പഴയ ലുക്കിൽ നിന്നും പുതിയ ലൂക്കിലേക്ക് അകത്തളത്തെ മാറ്റാനുള്ള ഏറ്റവും നല്ല ഐഡിയ കുത്തി നിറച്ച സാധനങ്ങൾ ഒഴിവാക്കുക എന്നതു തന്നെയാണ്.
അതിനായി ആവശ്യമുള്ള ഫർണിച്ചറുകൾ മാത്രം നിലനിർത്തി ബാക്കി വരുന്ന സ്പേസ് പൂർണ്ണമായും ഓപ്പൺ ആക്കി വിടാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മുറിക്ക് നല്ല വലിപ്പമുള്ള തായും വൃത്തിയുള്ള തായും അനുഭവപ്പെടും.
ചുമരുകളിൽ ഒരൊറ്റ പീസ് ചിത്രം മാത്രം നൽകുന്നത് റൂമിന്റെ വലിപ്പം കുറച്ച് തോന്നിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.
അതേസമയം മൂന്ന് പീസുകൾ ആയി വരുന്ന വാൾ ആർട്ടുകൾ തിരഞ്ഞെടുത്താൽ മുറിക്ക് കൂടുതൽ വലിപ്പം ഉള്ളതായി തോന്നി പ്പിക്കാം.
വ്യത്യസ്ത ഡിസൈനുകൾ പാറ്റേൺ നിറങ്ങൾ എന്നിവയിലുള്ള വാൾപേപ്പർ, സ്റ്റിക്കറുകൾ, മോട്ടിഫ് എന്നിവയെല്ലാം കുറഞ്ഞ വിലയിൽ വിപണിയിലെ ലഭിക്കുന്നുണ്ട്.
ഇവ ഇന്റീരിയറിൽ നൽകുന്നത് ഒരു പുത്തൻ ട്രെൻഡ് തന്നെയായിരിക്കും. എന്തിനു പറയണം സ്വിച്ച് ബോർഡുകളിൽ വരെ ഒട്ടിക്കാവുന്ന കുഞ്ഞൻ സ്റ്റിക്കറുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്.
സാധാരണയായി മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്ന റെയിൽ കർട്ടനുകൾ നൽകുമ്പോൾ കൂടുതൽ സ്ഥലം ഉപയോഗിക്കാറുണ്ട്.
അതിന് ഒരു മാറ്റം വരുത്തി ജനലിൽ തന്നെ ഫിറ്റ് ചെയ്യാൻ സാധിക്കുന്ന കനം കുറഞ്ഞ കർട്ടനുകൾ തിരഞ്ഞെടുക്കാം. കർട്ടൻ തിരഞ്ഞെടുക്കുമ്പോൾ ചെറിയ പ്രിന്റ്, സ്ട്രൈപ്പ് മോഡലുകൾ തിരഞ്ഞെടുത്താൽ ഒരു മോഡേൺ ലുക്ക് നൽകാൻ സാധിക്കും.
ഗാർഡനിലും ഡെക്കോറിലും ശ്രദ്ധ നൽകാം.
ലിവിങ് ഏരിയക്ക് പുതിയ ലുക്ക് നൽകുന്നതിനായി ഒരു ഇൻഡോർ പ്ലാന്റ് തിരഞ്ഞെടുത്ത് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് വീട്ടിനകത്തേക്ക് ശുദ്ധമായ വായു ലഭിക്കുന്നതിനും, മനസ്സിന് ഒരു കുളിർമ്മ നൽകുന്നതിനു സഹായിക്കും.
വീട്ടിൽ ഒരു നടുമുറ്റം അല്ലെങ്കിൽ,സൺ സൈഡ് ഉണ്ടെങ്കിൽ ചെടി വയ്ക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതുതന്നെയാണ്.
ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ അധികം ഉയരത്തിൽ പോകാത്ത രീതിയിലുള്ളവ വേണം തിരഞ്ഞെടുക്കാൻ. സൺ റൂഫിനോട് ചേർന്ന് ഒരു വേർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തു നൽകുന്നതും പ്രത്യേക ഭംഗി നൽകുന്നു.
പ്ലാന്റുകൾ മാത്രമല്ല പ്ലാന്റ് ഫ്രെയിമുകളും ഇപ്പോൾ വളരെയധികം ഹിറ്റായി മാറിയിരിക്കുന്നു. ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലുള്ള പ്ലാന്റ് ഫ്രെയിമുകൾ ഡൈനിങ് ടേബിൾ ഏരിയയിൽ സെറ്റ് ചെയ്തു നൽകാം.
ലിവിങ് ഏരിയക്ക് കൂടുതൽ വലിപ്പമുണ്ടെങ്കിൽ വലിയ ഇലകളുള്ള ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഇവ പൊടി പിടിക്കാതെ നല്ല രീതിയിൽ സൂക്ഷിച്ചാൽ അവ നിങ്ങളുടെ വീടിന്റെ ഒരു സിഗ്നേച്ചർ ആയി മാറാനും സാധ്യതയുണ്ട്.
കാണുന്നവർക്ക് സന്തോഷം നൽകുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ, ബോർഡുകൾ എന്നിവ ലിവിങ് റൂമിൽ നൽകുന്നത് കൂടുതൽ സന്തോഷം നൽകും.
സിറ്റൗട്ടിൽ പരീക്ഷിക്കാം മോഡേൺ ലുക്ക്.
- പൊടി പിടിച്ചു കിടക്കുന്ന ഷൂ റാക്ക് ആണ് മിക്ക സിറ്റൗട്ടുകളിലും അതിഥികളെ വരവേൽക്കുന്നത്.
- പുറത്തേക്ക് കാണാത്ത രീതിയിൽ ഒരു കബോർഡ് രൂപത്തിലുള്ള ഷൂ ഷെൽഫ് സജ്ജീകരിച്ച് നൽകാവുന്നതാണ്.
- ആവശ്യമില്ലാത്ത ചെരുപ്പുകൾ,ഷൂ. ഉപയോഗിച്ച് പഴകിയ ചെരുപ്പുകൾ എന്നിവ റാക്കിൽ നിന്നും എടുത്തു മാറ്റുക.
- പുതിയതായി ഷൂ റാക്ക് വാങ്ങുന്നില്ല എങ്കിൽ പഴയതുതന്നെ നല്ല രീതിയിൽ തുടച്ച് വൃത്തിയാക്കി വയ്ക്കാവുന്നതാണ്.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ തന്നെ വീടിന് നൽകാം ഒരു പുത്തൻ ലുക്ക്.