പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യമായി സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.
പണ്ടു കാലം തൊട്ടുതന്നെ വീടുകളിൽ പൂമുഖങ്ങൾ നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകിയിരുന്നു.
മരത്തിൽ തീർത്ത ചാരുപടികൾ, വലിപ്പമേറിയ തൂണുകൾ എന്നിവയെല്ലാം പൂമുഖത്തിന്റെ ഭാഗമായിരുന്നു.
അതുപോലെ ഒരു ചാരുകസേര, കാൽ കഴുകാനായി വെള്ളം, തോർത്ത് എന്നിവയെല്ലാം പൂമുഖത്തിന്റെ സ്ഥിരം കാഴ്ചയായിരുന്നു.
എന്നാൽ സിറ്റൗട്ടുകൾ എന്ന രീതിയിലേക്ക് പൂമുഖങ്ങൾ മുഖം മാറി തുടങ്ങിയതോടെ പലരീതിയിലുള്ള മാറ്റങ്ങളും വന്നു. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
വളരെയധികം ക്രിയാത്മകമായി ഡിസൈൻ ചെയ്യേണ്ട ഒരിടമായി സിറ്റൗട്ടുകൾ അഥവാ പൂമുഖം മാറിയിട്ടുണ്ട്.
ഒരു വീടിന്റെ ഇൻഡോർ,ഔട്ട്ഡോർ എന്നിവയെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് പൂമുഖങ്ങൾ സ്ഥാനം പിടിക്കുന്നത്. വ്യത്യസ്ത കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിച്ച് നിർത്താനും ഇത്തരം ഭാഗങ്ങൾക്കുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.
കൂടുതൽ സൂര്യപ്രകാശം, മഴ എന്നിവ വീട്ടിനകത്തേക്ക് എത്തുന്നതിനെ കൺട്രോൾ ചെയ്യാൻ ഇത്തരം ഭാഗങ്ങൾക്ക് സാധിക്കും.
മാത്രമല്ല ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ടു പോലും വലിയ വ്യത്യാസങ്ങൾ കൊണ്ടു വരാൻ സാധിക്കുന്ന ഇടമായി ഇത്തരം ഭാഗങ്ങളെ കണക്കാക്കുന്നു. പൂമുഖങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നവയാണ് ഫർണിച്ചറുകൾ.
പണ്ടുകാലത്ത് തടിയിൽ തീർത്ത ഫർണിച്ചറുകളോടായിരിന്നു ആളുകൾക്ക് പ്രിയമെങ്കിൽ ഇന്ന് അത് മാറി സ്റ്റീൽ അലൂമിനിയം പോലുള്ള മെറ്റീരിയലുകൾ ആണ് കൂടുതൽ ആളുകളും ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നത്.
അതിനുള്ള പ്രധാനകാരണം മഴ ചൂട് എന്നിവ കൂടുതലായി തട്ടിയാലും ഇവയ്ക്ക് വലിയ രീതിയിലുള്ള കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്.
വീടിന്റെ ഡിസൈനിന് യോജിക്കുന്ന രീതിയിൽ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. അതുപോലെ ഇൻഡോറിൽ നിന്നും ഔട്ട്ഡോറിലേക്ക് പ്രവേശിക്കുന്ന പ്രധാന വാതിലുകളും കൂടുതൽ ഭംഗിയിൽ നൽകാം.
പണ്ടു കാലത്ത് പ്രധാന വാതിലുകൾ തടിയിൽ കൊത്തുപണികൾ ചെയ്തും മറ്റും ഭംഗിയാക്കി നൽകിയിരുന്നു.
എന്നാൽ ഇന്ന് മിക്ക വീടുകളിലും യുപിവിസി സ്റ്റീൽ ഡോറുകൾ സ്ഥാനം പിടിച്ചതോടെ വ്യത്യസ്ത നിറങ്ങളിലുള്ള പ്രധാന വാതിലുകളാണ് പല വീടിന്റെയും മുഖ്യ ആകർഷണം.
അലങ്കാരങ്ങളും നൽകാം.
പുതിയ രീതിയിലുള്ള പൂമുഖങ്ങൾക്ക് പഴമ നിലനിർത്തുന്നതിനായി എൽഇഡി ബൾബുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന റാന്തൽ വിളക്കുകൾ ഉപയോഗപ്പെടുത്താം.
ഇവ തന്നെ വ്യത്യസ്ത നിറങ്ങളിൽ ഉള്ള ഗ്ലാസ്സുകൾ ഉപയോഗിച്ച് നിർമ്മിച്ചവയും അല്ലാത്തവയും ലഭ്യമാണ്. ഒരു ഊഞ്ഞാൽ, ചെയർ എന്നിവ സാധാരണ ഫർണീച്ചറുകൾക്ക് പകരമായി ഉപയോഗപ്പെടുത്താം.
പൂമുഖം പച്ചപ്പ് നിറയ്ക്കാനായി വള്ളിച്ചെടികൾ, ഇൻഡോർ പ്ലാന്റുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.
ചുമരുകളിൽ മ്യൂറൽ പെയിന്റ് അല്ലെങ്കിൽ വാൾ ക്ലാഡിങ് രീതി ഉപയോഗപ്പെടുത്താം. ക്ലാഡിങ് ചെയ്യാനായി പ്രത്യേക ടൈലുകൾ, വുഡ്, ട്രാവർ ടൈൻ, നാച്ചുറൽ സ്റ്റോൺ എന്നിവയെല്ലാം സുലഭമായി ഇപ്പോൾ ലഭിക്കുന്നുണ്ട്.
തടി ഉപയോഗിച്ചാണ് ക്ലാഡിങ് വർക്കുകൾ ചെയ്യുന്നത് എങ്കിൽ അവ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. പൂമുഖത്തിന് കൂടുതൽ ഭംഗി നൽകുന്നതിന് തിരഞ്ഞെടുക്കാവുന്ന അലങ്കാര ലൈറ്റുകൾ, സീലിംഗ് ലൈറ്റുകൾ എന്നിവയ്ക്കും വളരെയധികം ഡിമാൻഡ് ആണ് ഉള്ളത്.
മോഡേൺ ട്രഡീഷണൽ രീതി മിക്സ് ചെയ്തു കൊണ്ട് റസ്റ്റ്ക് ശൈലിയിലുള്ള വീടുകളുടെ പൂമുഖങ്ങൾക്ക് പുതുമ നൽകാനായി ഡിഫ്യൂസർ ലൈറ്റിംഗ് രീതിയാണ് ഏറ്റവും അനുയോജ്യം. ഇത്തരത്തിൽ വളരെ ചിലവ് കുറച്ചു തന്നെ വീടിന്റെ പൂമുഖങ്ങൾക്ക് കൂടുതൽ ഭംഗി കൊണ്ടു വരാനായി സാധിക്കും.
പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്നതാണ്.