കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ.

കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ.ഓപ്പൺ മോഡുലാർ ടൈപ്പ് കിച്ചണുകൾ ആണ് ഇന്ന് മിക്ക വീടുകളിലും കണ്ടു വരുന്നത്.

ഇവ കാഴ്ചയിൽ ഭംഗി തരുമെങ്കിലും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അത് വീടിന്റെ മുഴുവൻ ഭംഗിയും ഇല്ലാതാക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

കിച്ചൺ കൗണ്ടർടോപ്പിൽ കൂടുതലായും നാനോ വൈറ്റ്, കൊറിയൻ ടൈപ്പ് മാർബിളുകൾ ഉപയോഗപ്പെടുത്താനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

പൂർണമായും വെള്ള നിറത്തിനു പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഇത്തരം മെറ്റീരിയലുകൾ കറകളും ചളിയും പിടിക്കുന്നതോടെ ഭംഗി മുഴുവനായും ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ഗ്രാനൈറ്റ് പോലുള്ളവ കൗണ്ടർ ടോപ്പിൽ നൽകുമ്പോൾ അവയ്ക്ക് ഡാർക്ക്‌ നിറമായതുതു കൊണ്ടു തന്നെ പെട്ടെന്ന് പൊടിയും ചളിയും തിരിച്ചറിയാൻ സാധിക്കില്ല.

എന്നാൽ വളരെ സ്മൂത്ത് ആയ ഒരു ഫിനിഷിംഗ് ലഭിക്കുന്നതിനു വേണ്ടിയാണ് എല്ലാവരും കൗണ്ടർ ടോപ്പിലേക്ക് മാർബിൾ സെലക്ട് ചെയ്യുന്ന രീതി ഉപയോഗപ്പെടുത്തുന്നത്.

ഇത്തരത്തിൽ കൗണ്ടർടോപ്പിൽ മാർബിൾ ആണ് നൽകിയിട്ടുള്ളത് എങ്കിൽ അവ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ.

മാർബിളിലെ ഏറ്റവും പ്രധാന ഘടകം കാൽസ്യം കാർബണേറ്റ് ആണ് എന്നത് പലർക്കും അറിയുന്ന കാര്യമായിരിക്കും.

അതുകൊണ്ടുതന്നെ മാർബിൾ വൃത്തിയാക്കാനായി ഉപയോഗപ്പെടുത്തുന്ന ആസിഡ് അടങ്ങിയ ലായനികൾ മാർബിൾ കൗണ്ടർ ടോപ്പിൽ വീഴുമ്പോൾ അവ പെട്ടെന്ന് കേടായി പോകുന്നതിനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല അവയ്ക്ക് മുകളിലായി സ്ക്രാച്ചുകൾ, ചെറിയ കുഴികൾ എന്നിവയും വളരെ പെട്ടെന്ന് തന്നെ കണ്ടു തുടങ്ങുന്നു.

ആസിഡ് അടങ്ങിയ ലായനികളിൽ മാത്രമല്ല അടുക്കളയിൽ കൈകാര്യം ചെയ്യുന്ന പല പച്ചക്കറികളിലും ആസിഡ് സാന്നിധ്യം ഉള്ളവയാണ്. പ്രത്യേകിച്ച് നാരങ്ങാനീര് തക്കാളി,പുളി പോലുള്ള സാധനങ്ങൾ കൗണ്ടർ ടോപ്പിൽ വീണാൽ പെട്ടെന്ന് തന്നെ അവയിലെ ആസിഡ് പ്രവർത്തിച്ചു തുടങ്ങും. ആസിഡ് സ്വഭാവമുള്ള പച്ചക്കറികൾ സ്ലാബിനു മുകളിൽ കൈകാര്യം ചെയ്യുമ്പോൾ അവയുടെ കറ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അല്ലെങ്കിൽ കറപിടിച്ച ഉടനെ അവ ക്ലീൻ ചെയ്യാനായി ശ്രദ്ധിക്കണം.

കൂടുതൽ പേർക്കും പറ്റുന്ന അബദ്ധങ്ങൾ

പല വീടുകളിലും കൂടുതലായി കണ്ടു വരുന്ന ഒരു കാര്യമാണ് പച്ചക്കറികൾ കട്ട് ചെയ്യാനായി പ്രത്യേക ബോർഡുകൾ ഉണ്ടെങ്കിലും കൗണ്ടർടോപ്പിന് മുകളിൽ വച്ച് കട്ട് ചെയ്യുന്നത്. കട്ടിങ് ബോർഡ് ഉപയോഗപ്പെടുത്താതെ കൗണ്ടർ ടോപ്പിനു മുകളിൽ വച്ച് പച്ചക്കറികളും പഴങ്ങളും അരിയുന്നത് സ്ക്രാച്ച് കളും പാടുകളും വീഴുന്നതിന് കാരണമായേക്കാം. കൂടുതൽ ചൂടുള്ള ഭക്ഷണസാധനങ്ങൾ അടുപ്പിൽ നിന്നും നേരിട്ട് കൗണ്ടർടോപ്പിന് മുകളിലേക്ക് ഒരു കാരണവശാലും എടുത്തു വയ്ക്കരുത്. അതല്ല എങ്കിൽ ട്രിവെറ്റ് ഉപയോഗപ്പെടുത്തി അതിനു മുകളിൽ മാത്രം ചൂടുള്ള പാത്രങ്ങൾ വയ്ക്കാനായി ശ്രദ്ധിക്കുക.

കൗണ്ടർടോപ്പ് വൃത്തിയാക്കുമ്പോൾ

കൗണ്ടർടോപ്പ് വൃത്തിയാക്കുന്നതിനായി ഒരു സ്പ്രേ ബോട്ടിൽ എടുത്ത ശേഷം അതിനകത്ത് കുറച്ചു ചൂടുവെള്ളം, പാത്രം കഴുകാനുള്ള ലോഷൻ എന്നിവ മിക്സ് ചെയ്ത് സ്പ്രേ ചെയ്ത് നൽകുക.പിന്നീട് ഒരു തുണി, അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗപ്പെടുത്തി അവ മുഴുവനായും തുടച്ച് വൃത്തിയാക്കാവുന്നതാണ്.ഒരു കാരണവശാലും അമോണിയ അടങ്ങിയ വസ്തുക്കൾ ബ്ലീച്ചിങ് പൗഡർ എന്നിവ നേരിട്ട് കൗണ്ടർടോപ്പിൽ അപ്ലൈ ചെയ്തു നൽകാൻ പാടുള്ളതല്ല. കാപ്പി, ചായ, ജ്യൂസുകൾ എന്നിവയുടെ കടുത്ത കറകൾ ഇല്ലാതാക്കാനായി അമോണിയ,ഹൈഡ്രജൻ പെറോക്സൈഡ് എന്നിവയുടെ മിശ്രിതം ഉപയോഗപ്പെടുത്താവുന്നതാണ്.

വളരെയധികം കടുത്ത കറകൾ കൗണ്ടർടോപ്പിന് മുകളിൽ പിടിച്ചിരിക്കുന്നുണ്ടെങ്കിൽ അവ കളയുന്നതിനായി ബേക്കിംഗ് പൗഡർ വെള്ളത്തിൽ കലക്കിയ ശേഷം സ്ലാബിനു മുകളിൽ കറയുള്ള ഭാഗത്ത് തേച്ച് വെക്കുക. 24 മണിക്കൂർ കഴിഞ്ഞാൽ അത് ഒരു തുണി ഉപയോഗിച്ച് തുടച്ച് കളഞ്ഞാൽ കറ പൂർണമായും പോയിട്ടുണ്ടാകും. വറുത്തതും പൊരിച്ചതുമായ എണ്ണ കൗണ്ടർ ടോപ്പിൽ പോയാൽ ഏതെങ്കിലും കാഠിന്യം കുറഞ്ഞ ഡീറ്റെർജെന്റ്, ക്‌ളെൻസർ എന്നിവ ഉപയോഗപ്പെടുത്തി വൃത്തിയാക്കാവുന്നതാണ്.

കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ഉപകാരം ചെയ്യും.