അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ.പഴയകാല വീടുകളിലെ അടുക്കളകളിൽ പ്രധാനമായും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

അവയിൽ നിന്നും ഉണ്ടാകുന്ന പുക ഒരു കുഴൽ വഴി പുറത്തേക്ക് പുറന്തള്ളുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ വിറകടുപ്പുകളുടെ സ്ഥാനം മാറി മിക്ക വീടുകളിലും എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഗ്യാസ് അടുപ്പുകളാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്.

ഇവയിൽ നിന്നും ഉള്ള പുക പുറത്തേക്ക് പോകുന്നതിനായി ചിമ്മിനികൾ സ്ഥാപിച്ച് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്.

വ്യത്യസ്ത കപ്പാസിറ്റിയിൽ വർക്ക് ചെയ്യുന്ന റെഡിമെയ്ഡ് ചിമ്മിനികൾ പല രൂപത്തിലും വലിപ്പത്തിലും വിപണിയിൽ ലഭ്യമാണ്.

ക്വാളിറ്റി, സക്ഷൻ പവർ എന്നിവ മാറുന്നതിന് അനുസൃതമായി ഇവയുടെ വിലയിലും വ്യത്യാസങ്ങൾ വരുന്നതാണ്. അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ സ്മെൽ വീടിനകം മുഴുവൻ പരക്കുന്നത് പലപ്പോഴും അരോചകാവസ്ഥ സൃഷ്ടിക്കുന്ന കാര്യമാണ്.

പ്രത്യേകിച്ച് ഓപ്പൺ ലേഔട്ട് ഡിസൈൻ പിന്തുടർന്ന് നിർമ്മിക്കുന്ന അടുക്കളകളിലാണ് ഇവ ഒരു പ്രധാന പ്രശ്നമായി മാറുന്നത്.

പല അടുക്കളകളിലും ചിമ്മിനി നൽകിയിട്ടുണ്ടെങ്കിലും ഈയൊരു പ്രശ്നം നേരിടേണ്ടി വരാറുണ്ട്.

അതിനുള്ള പ്രധാന കാരണം ചിമ്മിനി ശരിയായ രീതിയിൽ സെറ്റ് ചെയ്ത് നൽകാത്തതും ആവശ്യത്തിന് സക്ഷൻ പവർ ഇല്ലാത്തതുമാണ്.

അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം സാധനങ്ങളുടെ സ്മെൽ മുകളിലേക്ക് വലിച്ചെടുത്ത് വർക്ക് ചെയ്യുന്നതാണ് ചിമ്മിനി നൽകുന്നതു കൊണ്ടുള്ള പ്രധാന ഉദ്ദേശ്യം.

അതുകൊണ്ടു തന്നെ ഗ്യാസ് സ്റ്റൗ സെറ്റ് ചെയ്യുന്ന ഭാഗത്തിന് കൃത്യം മുകളിലായി വരുന്ന രീതിയിൽ വേണം ചിമ്മിനികൾ ഫിറ്റ് ചെയ്ത് നൽകാൻ. ചിമ്മിനിയിൽ നിന്നും പുക പുറന്തള്ളുന്ന പൈപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയിൽ ഉള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ.

പിവിസി ടൈപ്പ് പൈപ്പുകളും, ഫ്ലെക്സിബിൾ ടൈപ്പും ഇവയിൽ ലഭ്യമാണ്. റെഡിമെയ്ഡ് ആയി ഫിറ്റ്‌ ചെയ്യുന്ന ചിമ്മിനി യോടൊപ്പം ഫ്ലക്സിബിൾ ടൈപ്പ് പൈപ്പുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ചിമ്മിനികൾ പലവിധം.

കിച്ചൻ ഡിസൈൻ അനുസരിച്ച് വ്യത്യസ്ത ആകൃതികളിലും വലിപ്പത്തിലുമുള്ള ചിമ്മിനികൾ തിരഞ്ഞെടുക്കാം.

ഉദാഹരണത്തിന് കിച്ചൻ ഡിസൈൻ ചെയ്തിട്ടുള്ളത് ഐലൻഡ് മാതൃകയിലാണ് എങ്കിൽ അടുപ്പിൽ നിന്നും നേരിട്ട് മുകളിലേക്ക് പുക പുറന്തള്ളുന്ന രീതിയിൽ വേണം ചിമ്മിനി സെറ്റ് ചെയ്യാൻ. അതായത് അടുക്കളയുടെ മധ്യഭാഗത്ത് ആയിരിക്കും ഇതിനായി ഇടം കണ്ടെത്തേണ്ടത്.

സ്റ്റൗവിന്റെ ടോപ്പ് പോഷനിൽ നിന്നും 75 സെന്റീമീറ്റർ അകലെങ്കിലും നൽകിയാണ് ചിമ്മിനികൾ ഫിറ്റ് ചെയ്യേണ്ടത്.

ഇവയിൽ കൂട്ടി 80 സെന്റീമീറ്റർ അല്ലെങ്കിൽ 90 സെന്റീമീറ്റർ വലിപ്പത്തിൽ ആവശ്യമെങ്കിൽ സെറ്റ് ചെയ്ത് നൽകാം. എന്നാൽ കുറഞ്ഞത് ഗ്യാസ് സ്റ്റൗവും ചിമ്മിനിയും തമ്മിൽ 60 സെന്റീമീറ്റർ എങ്കിലും അകലം നൽകണം.

ചിമ്മിനിയുടെ സക്ഷൻ പവർ 1000 നും 1200 നും ഇടയിൽ എങ്കിലും ഉണ്ടെങ്കിൽ മാത്രമാണ് അവ ശരിയായ രീതിയിൽ വർക്ക് ചെയ്യുകയുള്ളൂ. പലപ്പോഴും ചിമ്മിനികൾക്ക് ശബ്ദം കൂടുതലും എന്നാൽ അവയുടെ വർക്കിംഗ് ശരിയായ രീതിയിൽ ആയിരിക്കണമെന്നുമില്ല.

ചിമ്മിനി ഫിറ്റ് ചെയ്യുന്ന ഭാഗത്തിന്റെ ഇടയിലായി ജനാലകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. അടുക്കളയുടെ ഭിത്തിയോട് ചേർന്നു വരുന്ന ഭാഗങ്ങളിൽ മിനിമം ഒരടി എന്ന അളവിൽ ഗ്യാപ്പ് നൽകി വേണം ഫിറ്റ് ചെയ്ത് നൽകാൻ.

ഇവയിൽ തന്നെ കർവ്ഡ് ടൈപ്പ്, ഫ്ലാറ്റ് ടൈപ്പ് എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ഉള്ളവ ലഭ്യമാണ്. ഉയർന്ന വില നൽകി ചിമ്മിനികൾ സെറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് അതിന് പകരമായി എക്സ്ഹോസ്റ്റ് ഫാൻ ശരിയായ രീതിയിൽ ഫിറ്റ് ചെയ്ത് നൽകുക എന്നതാണ് മാർഗ്ഗം.

മോഡേൺ രീതിയിൽ ഡിസൈൻ ചെയ്യുന്ന അടുക്കളകളിൽ ചിമ്മിനി ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുന്നു.

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ, ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകാം.