വീടിന് അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നൽകുമ്പോൾ.

മിക്ക വീടുകളിലും വെള്ളം സംഭരിച്ച് വെക്കുന്നതിനായി ടെറസിന് മുകളിൽ ടാങ്കുകൾ നൽകുന്ന രീതിയാണ് കണ്ടു വരുന്നത്.

എന്നാൽ ചിലരെങ്കിലും വീടിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകൾ സെറ്റ് ചെയ്തു നൽകുന്ന രീതി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഒരു വീട്ടിലേക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് കണക്കാക്കുന്നത് രണ്ടുരീതിയിൽ തരം തിരിക്കാം.

കുടിക്കാനായി മാത്രം ഉപയോഗിക്കുന്ന വെള്ളവും, കുളിക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട വെള്ളവും.

പലപ്പോഴും അണ്ടർ ഗ്രൗണ്ട് ടാങ്കുകൾ നിർമ്മിച്ച് അതിൽ ആവശ്യത്തിനു വെള്ളം സ്റ്റോർ ചെയ്തു വയ്ക്കുന്നത് വീടിന് എപ്പോഴും സേഫ്റ്റി തരുന്ന കാര്യമാണ്.

മഴക്കാലത്ത് കറണ്ട് പോയി ടാങ്കിൽ വെള്ളം അടിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോഴും, മറ്റേതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുമ്പോഴും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഇത്തരം ടാങ്കുകൾ വളരെയധികം ഉപകാരപ്രദമാണ്.

വീട്ടിൽ ഒരു അണ്ടർ ഗ്രൗണ്ട് ടാങ്ക് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

ജലം സംഭരിച്ചു വെക്കേണ്ട രീതി

വീട്ടിലേക്ക് ആവശ്യമായ കുടിവെള്ളവും, റോ വാട്ടറും സംഭരിച്ച് വയ്ക്കുമ്പോൾ അവ ഒരു പ്രത്യേക പ്രപ്പോഷനിൽ ടാങ്കുകളിൽ സൂക്ഷിക്കാവുന്നതാണ്.


8000 ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ടാങ്ക് എടുക്കുകയാണെങ്കിൽ അതിൽ 3000 ലിറ്റർ കുടിവെള്ളത്തിനും ബാക്കിവരുന്ന 5000 ലിറ്റർ വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ടി മാറ്റിവെക്കാം.

ഇവയിൽ തന്നെ റോ വാട്ടർ തുണി അലക്കൽ,കുളി, ബാത്റൂം ആവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടി മാറ്റി വെക്കാവുന്നതാണ്.

വീട്ടിലെ കുടുംബാംഗങ്ങളുടെ അളവ് അനുസരിച്ച് എത്ര ലിറ്റർ ഉള്ള ടാങ്ക് ആണ് വീട്ടിലേക്ക് തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കാം.

അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നിർമ്മിക്കുമ്പോൾ

ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ അണ്ടർ ഗ്രൗണ്ട് ടാങ്ക് നിർമ്മിക്കുന്നത് വീട്ടിൽ ജലലഭ്യത എത്തുന്ന സ്ഥലത്ത് കട്ടകളും സിമന്റും ഉപയോഗിച്ച് കെട്ടി നൽകുന്ന രീതിയാണ്.

PCC ഉപയോഗിച്ച് നിർമ്മിക്കുന്ന ഇത്തരം ടാങ്കുകൾ ചിലവ് കുറവാണ് എന്ന് മാത്രമല്ല അവ കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും.

അതേസമയം കുറച്ചുകൂടി പണം ചിലവഴി യ്ക്കുകയാണെങ്കിൽ വെള്ളം സംഭരിച്ചു വയ്ക്കുന്നതിനുള്ള ഇടം പൂർണമായും സിമന്റിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്നതാണ്.

ഇവയ്ക്ക് രണ്ടു ഭാഗത്തും പ്രത്യേക രീതിയിൽ ഷട്ടറുകൾ സജ്ജീകരിച്ചു നൽകാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി എത്ര പ്രഷറിൽ വെള്ളം നിറഞ്ഞാലും യാതൊരുവിധ പ്രശ്നങ്ങളും വരുന്നില്ല. ആവശ്യമുള്ള അളവിന്റെ അത്രയും ആഴത്തിൽ കുഴിയെടുത്ത് അതിനുമുകളിൽ PCC സിമന്റ് അപ്ലൈ ചെയ്താണ് അവ നിർമ്മിച്ചെടുക്കുന്നത്. അതിന് മുകളിൽ ഒരു ബേയ്സ് സ്ലാബ് കൂടി നൽകുന്നതോടെ നല്ല വൃത്തിയിലും ഉറപ്പിലും ടാങ്ക് നിർമ്മിച്ചെടുക്കാൻ സാധിക്കും.

അണ്ടർ ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് നിർമിക്കേണ്ട സ്ഥലം

അണ്ടർ ഗ്രൗണ്ട് ടാങ്കുകൾ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം വീടിന്റെ കാർപോർച്ച് ഏരിയ തന്നെയാണ്. എല്ലാ വീടുകളിലും കാർപോർച്ച് ഏരിയ സാധാരണ ഫ്ലോർ ലെവലിൽ നിന്നും 15 അല്ലെങ്കിൽ 20 സെന്റിമീറ്റർ ഉയർത്തി ആണ് നൽകുന്നത്.

അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളം കാർപോർച്ചിലേക്ക് അധികം അടിക്കാതെ സൂക്ഷിക്കാൻ സാധിക്കും.

കോൺക്രീറ്റ് റെഡിമെയ്ഡ് ടാങ്കുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ

വ്യത്യസ്ത അളവിലും, ആകൃതിയിലുമുള്ള റെഡിമെയ്ഡ് കോൺക്രീറ്റ് ടാങ്കുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. 2000 രൂപ മുതൽ ഇവ വില ആരംഭിക്കുന്നു.സിമന്റ് ടാങ്കുകൾ വ്യത്യസ്ത അളവുകളിൽ മുറിച്ചെടുത്ത സിമന്റ് പൈപ്പിൽ നിർമിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കോൺക്രീറ്റ് പൈപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന ടാങ്കുകൾ ആയതുകൊണ്ട് തന്നെ ലീക്കേജ് പ്രശ്നങ്ങൾ കുറവായിരിക്കും. ചിലവ് കുറച്ച് അണ്ടർ ഗ്രൗണ്ട് ടാങ്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫെറോസിമന്റ് ഉപയോഗപ്പെടുത്തിയും ടാങ്ക് നിർമ്മിച്ച് നല്കാവുന്നതാണ്.അതേ സമയം കാർ പോർച്ചിൽ വണ്ടി കയറി ഇറങ്ങുന്ന ഭാഗങ്ങളിൽ ഫെറോസിമന്റ് ഉപയോഗിച്ചാൽ അവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

പിവിസി ടാങ്കുകൾ ഉപയോഗപ്പെടുത്തുമ്പോൾ

സാധാരണയായി മിക്ക വീടുകളിലും ഉപയോഗപ്പെടുത്തുന്നത് PVC ഉപയോഗിച്ച് നിർമ്മിച്ച ടാങ്കുകൾ തന്നെയാണ്. പല അളവുകളിലും ആകൃതിയിലുമുള്ള പിവിസി ടാങ്കുകൾ തന്നെയാണ് വീടിന്റെ മുകൾവശത്ത് നൽകാനായി പലരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവ അണ്ടർ ഗ്രൗണ്ട് ടാങ്കുകൾ ആയും ഉപയോഗപ്പെടുത്താവുന്നതാണ്. പിവിസി ടാങ്കുകൾ മണ്ണിനടിയിൽ നൽകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പോരായ്മ നല്ല മഴയുള്ള സമയത്ത് ഇവ ചെറിയ രീതിയിൽ മുകളിലേക്ക് പൊന്തി വരാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്.

അതായത് വെള്ളമില്ലാത്ത സാഹചര്യങ്ങളിലാണ് ഇത് സംഭവിക്കുക. റെഡിമെയ്ഡ് പിവിസി ടാങ്കിന്റെ വലിപ്പത്തിൽ കുഴിയെടുത്ത് അതിലേക്ക് നേരിട്ട് ഫിക്സ് ചെയ്യുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്. വെള്ളം കയറുന്ന ഭാഗങ്ങളിലേക്ക് ടാങ്ക് തിരഞ്ഞെടുക്കുമ്പോൾ അവ പൂർണമായും അണ്ടർഗ്രൗണ്ട് നൽകാതെ കുറച്ച് ഉയർത്തി നൽകുന്നതാണ് എപ്പോഴും നല്ലത്. മാത്രമല്ല അത്തരം സ്ഥലങ്ങളിൽ സിമന്റ് ടാങ്കുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം.

വീട്ടിൽ ഒരു അണ്ടർ ഗ്രൗണ്ട് ടാങ്ക് നൽകാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.