കട്ടിളയും ജനലുകളും വീടുപണിയില്‍ നല്കേണ്ട രീതി

വീടുപണി എപ്പോഴും വളരെയധികം സാഹസം നിറഞ്ഞ ഒരു യാത്ര തന്നെയാണ്.

ഒരു വീട് നിർമിക്കാൻ മനസ്സിൽ ഉദ്ദേശിക്കുമ്പോൾ അതിനാവശ്യമായ പ്ലാൻ വരച്ചു തുടങ്ങുന്നതു മുതൽ സങ്കീർണമായ ഘട്ടങ്ങളിലേക്ക് ചുവടുവച്ച് തുടങ്ങുന്നു.

വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തി പ്ലാൻ വരച്ച് വീട് നിർമ്മാണം തുടങ്ങുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് കട്ടിള ജനാലകൾ എന്നിവ എപ്പോഴാണ് നൽകേണ്ടത് എന്നത്.

എന്നാൽ ഇവ എപ്പോൾ നൽകണം എന്നതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം അത് എങ്ങിനെ നൽകുന്നു എന്നതിലാണ്.

കട്ടിള ജനൽ എന്നിവ വീടുനിർമ്മാണത്തിൽ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

തടി തിരഞ്ഞെടുക്കുമ്പോൾ

ഒരു വീടു പണി തുടങ്ങുന്നതിനു മുൻപ് തന്നെ ആ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ,കട്ടിള, ജനൽ എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ മരം കണ്ടെത്തേണ്ടതുണ്ട്.

വീട് നിർമ്മാണത്തിൽ ഉപയോഗപ്പെടുത്തുന്ന മരങ്ങൾ കൃത്യമായി മില്ലിൽ കൊണ്ടുപോയി മുറിച്ച് പൂർണ്ണമായും ജലാംശം കളഞ്ഞ് പ്രത്യേക രൂപത്തിൽ അടുക്കി സൂക്ഷിക്കാവുന്നതാണ്.

മറ്റൊരു മാർഗ്ഗം മരം സീസണിങ്‌ ചെയ്യുന്നതാണ്. ഇത്തരത്തിൽ മരം സീസണിങ്‌ ചെയ്തു തരുന്ന നിരവധി ഷോപ്പുകൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ട്.

ഏകദേശം 15 ദിവസം സമയം കൊണ്ടുതന്നെ മരത്തിൽ അടങ്ങിയിട്ടുള്ള ജലാംശം മുഴുവൻ സീസണിങ്‌ വഴി വലിച്ച് എടുക്കുന്നതാണ്.

ഇനി അങ്ങനെയൊന്നും ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വീടിന്റെ ഫൗണ്ടേഷൻ പണി തുടങ്ങുമ്പോൾ പ്രത്യേക സ്പേസറുകൾ നൽകി തടികൾ സൂക്ഷിച്ചു വച്ചാൽ നാലോ അഞ്ചോ മാസത്തിനുള്ളിൽ അവ സീസനിംഗ് ചെയ്ത് പുറത്തെടുക്കാം.

സീസണിങ്‌ ചെയ്യുന്നതിനോടൊപ്പം തന്നെ മരത്തിൽ കെമിക്കലിങ്ങും ചെയ്ത് എടുക്കേണ്ട ആവശ്യമുണ്ട്.

കട്ടിളയും ജനലുകളും വയ്ക്കേണ്ട സമയം

വീട് നിർമ്മിക്കുമ്പോൾ തേപ്പ് പണിയുടെ തൊട്ട് മുൻപായാണ് കട്ടിളയും ജനലും ഫിക്സ് ചെയ്ത് നൽകേണ്ടത്. അല്ലാ എങ്കിൽ പണി പൂർത്തിയാകുമ്പോൾ പല രീതിയിലുള്ള ഡാമേജുകളും കട്ടിളയിലും ജനലിലും വരാനുള്ള സാധ്യത കൂടുതലാണ്.

വീടിന്റെ ഇലക്ട്രിക്കൽ വർക്കുകൾ ചെയ്തതിനുശേഷം മാത്രമാണ് കട്ടിള ജനൽ എന്നിവ ഫിറ്റ് ചെയ്ത് നൽകേണ്ടത്.

അളവ് കൃത്യമല്ലാതെ നൽകുമ്പോൾ ഇവ ഫിക്സ് ചെയ്താൽ വീടുപണി പൂർത്തിയാകുമ്പോൾ ജനാലകളും കട്ടിലകളും ഭിത്തിയുടെ ഉള്ളിലേക്ക് നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാവുക.

കട്ടിള ജനൽ എന്നിവ വയ്ക്കുന്നതിനുള്ള സ്ഥലം സെറ്റ് ചെയ്തു നൽകുമ്പോൾ രണ്ട് ഭാഗത്തും രണ്ട് സെന്റീമീറ്റർ അധികം വിടാനായി ശ്രദ്ധിക്കണം.

അല്ലാത്തപക്ഷം മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള ഒരു കട്ടിള നിർമ്മിക്കുമ്പോൾ അതിന്റെ രണ്ട് ഇഞ്ച് അകത്തേക്ക് പോയിക്കഴിഞ്ഞാൽ പുറത്തേക്ക് ഒന്നുമില്ലാത്ത അവസ്ഥ വരും.

കട്ടിളയും ജനലുകളും ഫിക്സ് ചെയ്ത് നൽകുമ്പോൾ

കട്ടിള, ജനൽ എന്നിവ തേപ്പ് പണിയുടെ സമയത്ത് തന്നെ കൃത്യമായി ഫിക്സ് ചെയ്ത് നൽകണം. കൂടാതെ അവയുടെ അളവ് എടുക്കുമ്പോൾ കട്ടയും നൂലും വയ്ക്കുന്നത് ശരിയായ രീതിയിൽ ആണ് എന്ന് ഉറപ്പുവരുത്തുക. തൂക്ക് ഇട്ട് ശരിയായ രീതിയിൽ വേണം പ്ലമ്പ് നൽകാൻ.

കട്ടിള, ജനൽ എന്നിവ നൽകുമ്പോൾ വാട്ടർ ലെവൽ കൃത്യമാണോ എന്ന കാര്യം ഉറപ്പുവരുത്തി മാത്രം ഫിക്സ് ചെയ്ത് നൽകുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ പെർഫെക്റ്റ് ആയ രീതിയിൽ തന്നെ കട്ടിളയും ജനലും ഫിക്സ് ചെയ്ത് നൽകാം.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ

കട്ടിളയും ജനാലയും നൽകുമ്പോൾ അവ ഒരു സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ച ശേഷം ഫിക്സ് ചെയ്ത് നൽകാനായി ശ്രദ്ധിക്കുക. കൂടാതെ അതിനുമുകളിൽ ഒരു കോട്ട് പ്രൈമർ അടിച്ചതിനുശേഷം മാത്രം ഫിക്സ് ചെയ്തു നൽകാനായി ശ്രദ്ധിക്കുക. തുടക്കത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് കറ ഇളകി വരാനും അവ അഭംഗി നൽകുന്നതിനും കാരണമാകും. കട്ടിളയിലും ജനാലയ്ക്കും പ്രൈമർ അടിച്ചു നൽകിയാൽ അതിലേക്ക് വെള്ളം ആഗിരണം ചെയ്ത് എടുക്കുന്നതിന്റെ അളവ് കുറയ്ക്കാനായി സാധിക്കും. കട്ടിളയുടെ 4 ഭാഗത്തും രണ്ട് കോട്ട് ബ്ലാക്ക് പെയിന്റ് അടിക്കുന്നത് നല്ലതാണ്.

അതല്ല എങ്കിൽ ടെർമൈറ്റർ വാങ്ങി അടിക്കുകയാണെങ്കിൽ ചിതൽ പോലുള്ള പ്രശ്നങ്ങളിൽ നിന്നും പരിഹാരം നേടാം. ബ്ലാക്ക് പെയിന്റ് ഉപയോഗിക്കുമ്പോൾ ജപ്പാൻ ബ്ലാക്ക് പോലുള്ള പെയിന്റുകൾ വളരെയധികം ഗുണം ചെയ്യും. ഇത്രയും കാര്യങ്ങളെല്ലാം ചെയ്ത ശേഷം നിങ്ങൾക്ക് ജനാലയുടെ ഗ്രിൽ കൊണ്ടുവന്ന് ഫിക്സ് ചെയ്ത് നൽകാവുന്നതാണ്. വെൽഡിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ എല്ലാ ജോയിന്റ് കളും നല്ല രീതിയിൽ വെൽഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം ഉറപ്പുവരുത്തുക.

വീടിന് എപ്പോൾ കട്ടിളയും ജനലും വക്കണം എന്നതും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കിയ ശേഷം ചെയ്യുന്നത് തീർച്ചയായും വീട് നിരമാണത്തിൽ ഗുണം ചെയ്യും.