ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ.

ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ.കേരളത്തിലെ പഴയകാല വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഓർമ്മകളിൽ ഒന്ന് കാവി പൂശിയ നിലങ്ങളായിരുന്നു.

പിന്നീട് മാർബിളും ടൈൽസും ഫ്ലോറിങ്ങിൽ ഇടം പിടിക്കുകയും കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറുകളോട് ആളുകൾക്ക് പ്രിയം കുറയുകയും ചെയ്തു.

ശരിയായ രീതിയിൽ പരിചരണം നൽകി വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ ഓക്സൈഡ് ഫ്ലോറുകൾ തന്നെയാണ് കാഴ്ചയിൽ ഭംഗി നൽകുന്നത്.

അതുകൊണ്ടു തന്നെ വ്യത്യസ്ത നിറങ്ങളിൽ ഉള്ള ഓക്സൈഡ് ഫ്ലോറുകൾ മുഖം മിനുക്കി വീണ്ടും നമ്മുടെ നാട്ടിലെ വീടുകളിൽ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഓക്സൈഡ് ഫ്ലോറിങ്‌ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വ്യത്യസ്ത നിറത്തിലും ഫിനിഷിങ്ങിലും ലഭിക്കുന്ന ഓക്സൈഡുകൾ ഇപ്പോൾ പ്രധാനമായും വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്താണ് നമ്മുടെ നാട്ടിൽ എത്തുന്നത്.

മുൻ കാലങ്ങളിൽ പ്രത്യേകിച്ച് കെമിക്കലുകൾ ഒന്നും ആഡ് ചെയ്യാതെയാണ് ഇവ നിർമ്മിച്ചിരുന്നത് എങ്കിൽ ഇപ്പോൾ പുറത്തിറക്കപ്പെടുന്ന ഓക്സൈഡുകളിൽ കെമിക്കലുകൾ ആഡ് ചെയ്യുന്നുണ്ട്.

മുൻകാലങ്ങളിൽ പ്രധാനമായും കറുപ്പ്, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ മാത്രമാണ് ഇവ ലഭ്യമായിരുന്നത്. ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി ഏകദേശം 35 ഓളം നിറങ്ങളിൽ ഇവ വിപണിയിൽ ലഭ്യമാണ്.

അതിനാൽ ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന മറ്റ് മെറ്റീരിയലുകളോട് കിട പിടിച്ചു നിൽക്കാനായി ഇവയ്ക്ക് സാധിക്കുന്നുമുണ്ട്.

മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത ഒരു നിറത്തിൽ തന്നെ വ്യത്യസ്ത ഷേയ്ഡുകൾ ഇവയിൽ ലഭിക്കുന്നുണ്ട് എന്നതാണ്.

മുൻപ് ചുവപ്പു നിറത്തിൽ മാത്രം ലഭിച്ചിരുന്ന ഓക്സൈഡുകളിൽ ഇപ്പോൾ ഒമ്പതോളം ഷെയ്ഡുകൾ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഒരു ഓക്സൈഡ് മാത്രം ഉപയോഗിക്കുന്നതിന് പകരമായി രണ്ടോ മൂന്നോ നിറങ്ങൾ തമ്മിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്ന രീതിയും പല വീടുകളിലും പരീക്ഷിക്കുന്നുണ്ട്.

എന്നാൽ ഇതിനായി കൃത്യമായി ഓക്സൈഡുകളെ പറ്റി അറിവുള്ള ഒരാളുടെ സഹായം ആവശ്യമായി വരും. വ്യത്യസ്ത നിറങ്ങൾ ഓരോ നമ്പറുകൾ നൽകിയാണ് സൂചിപ്പിക്കുന്നത്.

അതായത് ചുവപ്പിന് 4100, പച്ചക്ക് 110 എന്നിങ്ങനെ ഓരോ നിറത്തിനും ഓരോ നമ്പറുകൾ പ്രത്യേകമായി നൽകുന്നു.

എടുത്തു പറയേണ്ട പ്രത്യേകതകൾ.

മുൻപ് ലഭിച്ചിരുന്ന ഓക്സൈഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പുറത്തിറക്കപ്പെടുന്നവയ്ക്ക് നല്ല രീതിയിൽ തിളക്കം ലഭിക്കുന്നുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫ്ലോറിങ് ചെയ്യുമ്പോൾ അവക്ക് നല്ല മിനുസവും കാഴ്ചയിൽ ഭംഗിയും നൽകാനായി സാധിക്കുന്നു.

ശരിയായ രീതിയിൽ പരിപാലിക്കുകയാണ് എങ്കിൽ വലിയ രീതിയിലുള്ള പൊട്ടലുകൾ സ്ക്രാച്ചുകൾ എന്നിവയൊന്നും ഫ്ളോറിങ്ങിന് വരികയും ഇല്ല.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ടൈൽസ് പോലുള്ള മറ്റു മെറ്റീരിയലുകൾ ഉപയോഗിക്കുന്ന രീതിയിൽ യാതൊരു ശ്രദ്ധയുമില്ലാത്ത രീതിയിലുള്ള ഓക്സൈഡ് ഫ്ലോറുകളുടെ ഉപയോഗം ഒഴിവാക്കണമെന്നതാണ്.

ഫ്ലോർ ക്ലീൻ ചെയ്യുന്നതിനായി കെമിക്കൽ അടങ്ങിയ ലോഷനുകൾ ഡിറ്റർജന്റുകൾ എന്നിവ ഉപയോഗിക്കരുത്.

ഇവ നിലത്തിന്റെ ഭംഗി ഇല്ലാതാക്കുന്നതിനും, നിറം മങ്ങുന്നതിനും കാരണമായേക്കാം.

അതേസമയം നാച്ചുറൽ ആയ പുൽ തൈലം നാരങ്ങ നീര് എന്നിവ വെള്ളത്തിൽ ഒഴിച്ച് ഫ്ലോർ തുടക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാവുകയും കൊതുക്, ഈച്ച പോലുള്ള പ്രാണികളുടെ ശല്യം വീട്ടിനകത്ത് നിന്ന് ഒഴിവാക്കുകയും ചെയ്യാം.

മറ്റൊരു പ്രധാന കാര്യം ഇന്റീരിയറിൽ ഉപയോഗപ്പെടുത്തുന്ന ഫർണിച്ചറുകൾ ആയ സോഫ, ചെയറുകൾ ഡൈനിങ് ടേബിൾ എന്നിവ തറയിലൂടെ വലിച്ച് കൊണ്ടു പോകുന്നതും, പുറത്തു നിന്നും ഇട്ടു വന്ന ഷൂ, ചെരിപ്പ് എന്നിവ വീട്ടിനകത്ത് ഉരച്ച് നടക്കുന്നതും ഒഴിവാക്കണമെന്നതാണ്.

ഇങ്ങനെയെല്ലാം ചെയ്യുന്നത് വഴി നിലത്ത് എളുപ്പത്തിൽ സ്ക്രാച്ചുകൾ വീഴാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ടൈലുകളോട് കിട പിടിച്ച് നിൽക്കാവുന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് ഓക്സൈഡ് ഫ്ളോറിങ് എന്ന കാര്യത്തിൽ സംശയമില്ല.

ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.