ഒരു വീട് ശരിക്കും ‘ഒരു വീട്’ ആകണമെങ്കിൽ അത് വൃത്തിയുള്ളതായിരിക്കണം അല്ലേ? എന്നാൽ പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യവുമല്ല ഈ വൃത്തിയാക്കൽ. മിക്കവരും അത്യാവശ്യ ത്തിലധികം സമയം വൃത്തിയാക്കൽ എന്ന പ്രവർത്തിക്ക് മാത്രം മാറ്റി വയ്ക്കാറുണ്ട്. എന്നാൽ മനസ്സിന് തൃപ്തി തരുന്ന ഒരു വൃത്തി കണ്ടെത്താൻ വളരെ കുറച്ചുപേർ കഴിയാറുള്ളൂ.
ചില ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി വൃത്തിയിൽ വെട്ടിത്തിളങ്ങുന്ന ഒരു വീട് ഒരുക്കാൻ

വൃത്തിയുള്ള വീട് ആരോഗ്യമുള്ള ശരീരത്തിന്റെയും, മനസ്സിന്റെയും ലക്ഷണമാണ് . ആഗ്രഹിച്ചു നിർമ്മിച്ച വീട് വൃത്തികേടായി കിടക്കാൻ ആരും ഇഷ്ടപ്പെടില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ എത്ര വൃത്തിയാക്കിയാലും അഴുക്ക് അവശേഷിക്കുന്നതായി തോന്നുന്നുണ്ടോ എങ്കിൽ ഇവ അറിഞ്ഞിരിക്കൂ.

വീട് വൃത്തിയാക്കൽ ഒരു കൂട്ടായ പ്രയത്നം ആണ്.ഒരു വീട് വൃത്തിയായിരിക്കാൻ ആ വീട്ടിലെ ഒരാൾ മാത്രം വിചാരിച്ചാൽ സാധ്യമാകില്ല. അതിന് വീട്ടിലെ എല്ലാവരും ശ്രമിക്കേണ്ടതായി ഉണ്ട്. ചിലർക്ക് വീടു വൃത്തിയാക്കൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ അസാധ്യമായ ഒരു കാര്യമല്ല എന്ന് തിരിച്ചറിയുക. ചില ചെറിയ കാര്യങ്ങളും, ശീലങ്ങളും മതി ഒരു വീട് വൃത്തികേട് ആകാതെ കാക്കാൻ. അവ എന്തൊക്കെ എന്ന് നോക്കാം.

ജനൽ തുറന്നിടുക

കഴിയുന്നത്രയും സമയം ജനലുകൾ തുറന്നിടുക എന്നതാണ് പ്രധാന കാര്യം. അടഞ്ഞുകിടക്കുന്ന വീടിനുള്ളിലെ വായു പുറത്തെ വായുവിനെക്കാൾ രണ്ടുമുതൽ അഞ്ചുമടങ്ങുവരെ അണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനലുകൾ തുറന്നിടുന്നത് വഴി റൂമിനുള്ളിൽ കുടുങ്ങി കിടക്കുന്ന വായുവിനെ പുറന്തള്ളി ശുദ്ധവായുവിനെ സ്വാഗതം ചെയ്യാം.

കൊതുക് കൂടുതലുള്ള പ്രദേശമാണെങ്കിൽ അധികം സമയം ജനലുകൾ തുറന്നിടുന്നത് അത്ര നല്ലതല്ല. ഇത്തരം പ്രദേശങ്ങളിൽ പുലർച്ചെയോ ഉച്ച സമയത്തോ തുറന്നിട്ട് ശുദ്ധവായു എത്തിക്കുന്നത് ആവും ഉത്തമം

പാദരക്ഷകൾ പുറത്തു തന്നെ

പാദരക്ഷകൾ പടിക്കു പുറത്ത് സൂക്ഷിക്കുന്നത് പതിവാക്കുക. ഒരു ഷൂവിൽ ഏകദേശം 4,21,000 ബാക്ടീരിയകളുണ്ടാകാമെന്ന് യൂണിവേഴ്സിറ്റി ഓഫ് അരിസോണയിസെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പുറത്തുനിന്നുള്ള പല വസ്തുക്കളും നമ്മുടെ ചെരിപ്പിനടിയിൽ പറ്റിപിടിച്ച് ഇരിപ്പുണ്ടാകും.

പുറത്തുനിന്ന് വന്ന് വീടിനുള്ളിലേക്ക് കയറുന്നതിനു മുമ്പേ വൃത്തിയുടെ ശീലം തുടങ്ങുന്നതിന്റെ ആദ്യപടിയായി പുറത്തുപയോഗിക്കുന്ന ചെരുപ്പ് നമുക്ക് വാതിലിന് പുറത്ത് സൂക്ഷിക്കാം.

സ്റ്റൗ വൃത്തിയാക്കാം


വൃത്തി നിർണയിക്കുന്ന പ്രധാന ഇടമാണ് അടുക്കള.
ഈ അടുക്കളയിലെ ഏറ്റവും വലിയ തലവേദനയാണ് കറപിടിച്ചു കിടക്കുന്ന സ്റ്റൗ. ഈ തലവേദന പരിഹരിക്കാനായി സ്റ്റൗവിന് മുകളിൽ കുറച്ച് ഉപ്പും ബേക്കിങ് സോഡയും വിതറിയശേഷം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക. ഇതേ കൂട്ട് ഇരുമ്പ് പാനിലും പ്രയോഗിക്കാം. കുറച്ച് വെള്ളമോ എണ്ണയോ ചേർത്ത് പാൻ കഴുകിയെടുക്കാം. ചെമ്പുപാത്രമാണെങ്കിൽ ഉപ്പ് പൊടി ഇടുന്നതിനുമുമ്പ് കുറച്ച് വിനാഗിരി പുരട്ടാം. അതിനുശേഷം നന്നായി കഴുകിയെടുക്കാം. പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നത് കാണാം.

ആൾക്കഹോൾ ‘അടി’ പൊളിയാ

പലപ്പോഴും വീട് വൃത്തിയാക്കുന്നതിന് പരസ്യങ്ങൾ കണ്ട് വലിയ വില കൊടുത്ത് അണുനാശിനികൾ വാങ്ങുകയാണ് പതിവ്. വോഡ്ക ഒന്നാന്തരം അണുനാശിനിയാണ്. കൂടുതൽ ആൽക്കഹോൾ അടങ്ങിയ വോഡ്കയിരുപ്പുണ്ടെങ്കിൽ അതിൽ തുല്യഅളവിൽ വെള്ളം കൂടി ചേർത്ത് നിത്യേന ഉപയോഗിക്കുന്ന തോർത്തിലും ജിമ്മിൽ കൊണ്ടുപോകുന്ന തുണികളിലൊക്കെ സ്പ്രേചെയ്താൽ പുതുമ വീണ്ടുകിട്ടും

ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ വൃത്തിയിൽ തിളങ്ങുന്ന ഒരു വീട് നിങ്ങൾക്കും ഒരുക്കാം

courtesy : fb group