ആധുനികശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ നാം കൈക്കൊള്ളുന്നത് പോലെതന്നെ പഴയകാലത്തെ ശാസ്ത്രത്തിൽ നിന്ന് എന്തൊക്കെ എടുക്കാൻ ആവുമോ അത് എടുക്കുന്നതിൽ ഒരു തെറ്റുമില്ല.
ഇന്ത്യയുടെ വേദിക് കാലഘട്ടത്തിൽ നിന്ന് സ്വാംശീകരിച്ച് എടുത്ത വാസ്തുപരമായ അറിവുകൾ ക്രോഡീകരിച്ചതാണ് വേദിക് വാസ്തു ശാസ്ത്രം അഥവാ വാസ്തു ശാസ്ത്രം എന്ന് പറയുന്നത്.
എന്നാൽ പല പരമ്പരാഗത ശാസ്ത്രങ്ങൾ പോലെ തന്നെ വാസ്തുശാസ്ത്രവും
ദുരുപയോഗം ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്.
ഏറെക്കാലം മുമ്പ് ഉണ്ടായി വന്ന ഒരു സരണി ആയതിനാൽ തന്നെ ഇതിനെ കുറിച്ച് 100% ആധികാരികമായി പറയാൻ ആർക്കുംതന്നെ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇതിലെ തത്വങ്ങൾ എന്തൊക്കെയാണെന്നും അതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഓരോരുത്തരും മനസ്സിലാക്കി നമുക്ക് ബോധ്യമായവ പ്രയോഗിക്കുക എന്നുള്ളതാണ് ഇതിനോടുള്ള ഏറ്റവും നല്ല അപ്രോച്.
ഇങ്ങനെയുള്ള ചില പ്രായോഗിക തത്വങ്ങളും ഒഴിവാക്കേണ്ട അന്ധവിശ്വാസങ്ങളും ആണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:
വാസ്തുശാസ്ത്രം: തള്ളേണ്ടവയും കൊള്ളേണ്ടവയും
- 1. കബളിപ്പിക്കപ്പെടാതിരിക്കുക
വാസ്തുവിന്റെ പേരിൽ നാം ഇന്ന് കാണുന്ന വാസ്തു വിളക്ക്, വാസ്തു പിരമിഡ്, വാസ്തു കിണ്ടി, വാസ്തു ചിരാത്, വാസ്തു പലക തുടങ്ങിയവ എല്ലാം തന്നെ നമ്മളെ കബളിപ്പിക്കാൻ ഉണ്ടാക്കിയവയാണ്. വാസ്തുവിൽ ഇങ്ങനെ ഒരു സംഭവങ്ങളും ഇല്ല. ഇത് വാസ്തുവിൽ വിശ്വസിക്കുന്നവരെ കബളിപ്പിച്ചുള്ള പണ സമ്പാദന മാർഗ്ഗം ആണ്.
- 2. ദിക്കനുസരിച് വീട് വെക്കണം എന്ന രീതി ഉള്ളത് കൊണ്ട് തന്നെ പലരെ കൊണ്ടും വീട് കോണിച്ചു വെപ്പിച് കണ്ടിട്ടുണ്ട്. ഇത് പൂർണമായും മണ്ടത്തരമാണ്.
ഇങ്ങനെ ചെയ്താൽ റോഡിൽ നിന്നും നോക്കുമ്പോൾ വീടിൻ്റെ രണ്ടു ഭിത്തികളുടെ മൂല ആണ് കാണുക.
എന്നാൽ യഥാർത്ഥത്തിൽ ദിക്കിൽ നിന്നും മാറ്റം കൊടുത്തും വീട് വെക്കാം.
ഉദാഹരണം: വീട് വെക്കേണ്ട പ്ലോട്ടിനു മുൻപിൽ വഴി ഉണ്ട് എന്ന് കരുതുക. എന്നാൽ പ്ലോട്ട് നോർത്ത് ദിശ അല്ല അല്പം ചരിഞ്ഞു മാറി ആണെന്ന് കരുതുക. അങ്ങനെ വന്നാൽ കൂടി NNE, NNW എന്നീ ദിശകളിലേക്ക് ആക്കിയും വീട് വെക്കാം. NE, NW എന്നീ ദിക്കുകൾ ആകരുത് എന്നേയുള്ളൂ.
ഈ രീതി എല്ലാ ദിക്കിനും എടുക്കാം. മേൽപ്പറഞ്ഞ കാര്യങ്ങളെ ഉത്തരായനം, ദക്ഷിണായനം എന്നിവയുമായി ബന്ധപ്പെടുത്താം. എന്ന് വെച്ചാൽ നാം സൂര്യനെ കാണുന്നതു എന്നും ഒരേ ദിശയിലല്ല, വ്യത്യാസം ഉണ്ട് എന്നർത്ഥം.***
- 3. കേരളത്തിൽ മാഗ്നെറ്റിക് നോർത്തും ട്രൂ നോർത്തും തമ്മിൽ “”ഇപ്പോൾ”” (-)1.7° വ്യത്യാസം ഉണ്ട്. അതും കൂടി നേരത്തെ ഉദാ: ആയി പറഞ്ഞ NNE, NNW അളവുകളിൽ അഡിഷണൽ ആയി ഉപയോഗിക്കാം.
- 4. പറമ്പ് വലുതോ ചെറുതോ ആയാലും വാസ്തു നോക്കുന്നതിനു തടസ്സം വരുന്നില്ല. തീരെ ചെറിയ പറമ്പിനെ അൽപക്ഷേത്രം എന്ന രീതിയിൽ ആണ് നോക്കേണ്ടത്.
- 5. കുറ്റി അടിക്കാൻ കറയുള്ള മരത്തിന്റെ കുറ്റി തന്നെ വേണം എന്ന് വാശി പിടിക്കുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു നിബന്ധന ഇല്ല. കറയുള്ളതുകൊണ്ടു അടിക്കുമ്പോൾ കുറ്റി പെട്ടെന്ന് പൊട്ടിപ്പോകില്ല എന്നതാകാം ഇങ്ങനെ ഒരു വിശ്വാസം ഉടലെടുക്കാൻ കാര്യം. എന്തായാലും അത് നോക്കേണ്ടതില്ല.
- 6. തെക്കോട്ടു വീട് വെക്കാൻ പാടില്ല എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. ഒരു അടിസ്ഥാനവും ഇല്ലാതെ, ഭയപ്പെടുത്താൻ വേണ്ടി മാത്രം പറയുന്നതാണിത്. അല്ലെങ്കിൽ ഒരു ധാരണയും ഇക്കാര്യത്തിൽ ഈ പറയുന്നവർക്ക് ഉണ്ടാവില്ല.
- 7. വീട് വെക്കുന്നതിനു മുൻപ്, ആദ്യം കിണർ കുഴിക്കണം എന്ന് പറയുന്നത്: വീടിന്റെ രൂപകൽപന നടത്തി സ്ഥാനം നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷം വീട് പണി തുടങ്ങുന്നതിനു മുൻപ് കിണർ കുഴിക്കുന്നതാണ് ഏറ്റവും നല്ല രീതി. വീട് പണിക്കു ആവശ്യമായ വെള്ളം കിട്ടും, കിണർ വീടിന്റെ സ്ഥാനത്തിന് വേധം ഉണ്ടാക്കില്ല. കിണർ കാരണം വീടിന്റെ പ്ലാനിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ട കാര്യം വരുന്നില്ല.
- 8. വാസ്തുശാസ്ത്രത്തിൽ വ്യാപകമായി കേൾക്കുന്നതാണ് ആചാര്യമതം എന്നത്.
ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത ഏതെങ്കിലും വിഷയം വരുമ്പോൾ ആചാര്യൻ പറയുന്ന തീർപ്പ് അഥവാ അഭിപ്രായം ആണ് ആചാര്യമതം എന്ന് പൊതുവെ പറയപ്പെടുന്നത്. ഇവ അലിഖിതങ്ങളാണ്. ഇവയുടെ പ്രശ്നവും ഇത് തന്നെയാണ്.
അതിനാൽ ആചാര്യൻ പറയുന്ന കാര്യത്തിൽ ലോജിക് ഉണ്ടെങ്കിൽ മാത്രം അവ സ്വീകരിക്കുക. അല്ലെങ്കിൽ പൂര്ണമായു തള്ളാൻ ഒരു മടിയും കാണിക്കേണ്ടതില്ല.