വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ട്രസ് വർക്ക് കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ട്രസ് വർക്ക് ചെയ്യുന്നതിനായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്നത് മിക്കവാറും എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും.

ട്രസ് വർക്ക് ചെയ്യാൻ ആവശ്യമായ സ്റ്റീൽ, ടൈലുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോഴേക്കും ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് പ്രതീക്ഷിക്കേണ്ടി വരും.

ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ട്രസ് ഏരിയ പിന്നീട് യാതൊരു വിധ ഉപയോഗങ്ങളും ഇല്ലാതെ നശിച്ചു പോകുന്ന അവസ്ഥയും കുറവല്ല.

പലരും മഴക്കാലത്ത് വീടിനെ സംരക്ഷിക്കാൻ ഉള്ള ഒരു കവചം എന്ന രീതിയിൽ ആണ് ട്രസ് വർക്ക് ചെയ്യുന്നത്.

അതേസമയം കൃത്യമായ പ്ലാനോട്‌ കൂടി നല്ല രീതിയിൽ ഡിസൈൻ ചെയ്താൽ വീട്ടിൽ വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒരിടമായി ട്രസ് ഏരിയ മാറ്റാവുന്നതാണ്.

കോൺക്രീറ്റിംഗ് ചെയ്ത് വീടിന്റെ ചിലവ് കൂടുമ്പോൾ ട്രസ് വർക്ക് ചെയ്ത് വീട് ഭംഗിയാക്കാൻ സാധിക്കുമെന്ന് മാത്രമല്ല ആവശ്യമുള്ള സമയത്ത് അവ എടുത്തു മാറ്റി വ്യത്യസ്ത ഷേയ്പ്പുകൾ ആക്കി മാറ്റാനും സാധിക്കും.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.

ട്രസ് ഏരിയ ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്പെടുത്താനുള്ള ഒരു വഴി ആവശ്യമുള്ള പവർ പോയിന്റ്, പ്ലഗ് എന്നിവ നൽകി വാഷിംഗ് മെഷീൻ ഫിറ്റ് ചെയ്യാനുള്ള ഒരിടം എന്ന രീതിയാണ്.

വാഷിംഗ് മെഷീനിൽ അലക്കിയ തുണികൾ ഇടാനായി കുറച്ചു ഭാഗം ട്രസ് വർക്ക് ചെയ്യാതെ ഓപ്പണാക്കി ഇടുകയാണെങ്കിൽ തുണികൾ ഉണക്കി എടുക്കാനും എളുപ്പമാണ്.

ഉണക്കിയെടുത്ത തുണികൾ ഇസ്തിരിയിട്ട് എടുക്കുന്നതിന് ഒരു ടേബിൾ കൂടി സെറ്റ് ചെയ്ത് നൽകിയാൽ തുണി അലക്കുമായി ബന്ധപ്പെട്ട തലവേദന പൂർണമായും ഒഴിവാക്കാൻ സാധിക്കും.

ഓപ്പൺ ടെറസ് ട്രസ് വർക്ക് ചെയ്ത് ഭംഗിയാക്കി എടുത്താൽ അവിടെ ഇരുന്ന് ജോലി ചെയ്യാനും, പുസ്തകങ്ങൾ വായിക്കാനും ഉപയോഗപ്പെടുത്താവുന്നതാണ്.

അതേസമയം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തണമങ്കിൽ ആവശ്യത്തിന് പവർ പോയിന്റ് ,പ്ലഗ് പോയിന്റ് എന്നിവ നൽകേണ്ടതുണ്ട്.

അതോടൊപ്പം ഒരു ചെറിയ ഷെൽഫ് കൂടി നൽകുകയാണെങ്കിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഭദ്രമായി സൂക്ഷിക്കാനും ട്രസ് ഏരിയ ഉപയോഗപ്പെടുത്താവുന്നതാണ്.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും,ജോലി ചെയ്യാനുള്ള ഇടം

ആവശ്യമുള്ള ചെയറുകൾ, മേശ എന്നിവ സജ്ജീകരിച്ച് നൽകി സ്വസ്ഥമായി ജോലി ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ ട്രസ്സ് ഏരിയ സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.

വീട്ടിൽ അത്യാവശ്യം ചെറിയ ഫംഗ്ഷനുകളും മറ്റും നടക്കുമ്പോൾ അതിനു വേണ്ടി ഒരു പ്രത്യേക ഹോൾ കണ്ടെത്തുന്നതിന് പകരം ട്രസ് ഏരിയ ഉപയോഗപ്പെടുത്താം.

ഭക്ഷണം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ട്രസ് ഏരിയയിൽ നൽകേണ്ടി വരും എന്നു മാത്രം.

കൂടാതെ പാത്രങ്ങൾ വയ്ക്കാനുള്ള മേശ, ഭക്ഷണം പാകം ചെയ്യാനായി ഒരു ഇൻഡക്ഷൻ അടുപ്പ്,പാത്രം കഴുകാൻ ചെറിയ സിങ്ക് എന്നിവ കൂടി നൽകുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമായി.

ട്രസ് ഏരിയ ഉപയോഗപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ.

വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങൾ നിറക്കുന്ന ഒരിടം എന്നതിനു പകരം കൂടുതൽ ഭംഗിയായും വൃത്തിയായും ട്രസ് ഏരിയ ഉപയോഗപ്പെടുത്താൻ സാധിക്കും എന്നതിനുള്ള തെളിവാണ് ജിം, പ്ലേ ഏരിയ പോലുള്ള കാര്യങ്ങൾ ട്രസ് ഏരിയയിൽ സെറ്റ് ചെയ്യുന്നത്. വീടിന് അകത്തു നിന്നും സ്റ്റെയർകേസ് നൽകുന്നതിനു പകരമായി കുറഞ്ഞചിലവിൽ GI പൈപ്പുകൾ ഉപയോഗപ്പെടുത്തിയുള്ള സ്റ്റെയർ വേണമെങ്കിലും പുറത്ത് നിന്ന് നൽകാം. ഇന്ന് വ്യായാമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് മിക്ക ആളുകളും.

അതുകൊണ്ടു തന്നെ അതിന് ആവശ്യമായ ട്രെഡ്മിൽ പോലുള്ള കാര്യങ്ങൾ സജ്ജീകരിച്ച് ഒരു വ്യായാമ ഇടം എന്ന രീതിയിലും ഈ ഒരു ഏരിയ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. വ്യായാമത്തിനായി തിരഞ്ഞെടുക്കുന്ന ഒരിടം ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ വായുസഞ്ചാരം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക.

വിനോദത്തിനുള്ള ഇടമാക്കി മാറ്റാം

നൃത്തം പോലുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അത് പ്രാക്ടീസ് ചെയ്യാനുള്ള ഒരിടം എന്ന രീതിയിലും ട്രസ് ഏരിയ മാറ്റാൻ സാധിക്കും. സ്റ്റിച്ചിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരു സ്റ്റിച്ചിങ് ഏരിയ എന്ന രീതിയിലും, അതിനെ ഒരു വരുമാനമാർഗമായി കണക്കാക്കുന്നവർക്ക് അനുയോജ്യമായ ഒരിടമായും ഈ ഒരു ഏരിയയെ കണക്കാക്കാം.

പലപ്പോഴും വീടിനകത്തേക്ക് ഉള്ള ചൂട് കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്നോണം ട്രസ് വർക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.അതേ സമയം ട്രസ് വർക്ക് ചെയ്താലും ആവശ്യത്തിന് വെൻറിലേഷൻ ലഭിക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം. കൃത്യമായ വായുസഞ്ചാരം ഇല്ല എങ്കിൽ ട്രസ്സ് വർക്ക് വീട്ടിനകത്തേക്ക് കൂടുതൽ ചൂട് എത്തിക്കുന്നതിന് കാരണമാകും. ആവശ്യമെങ്കിൽ ട്രസ് വെന്റിലേറ്റർ ഉപയോഗിക്കുന്നതിലും തെറ്റില്ല. പലപ്പോഴും വീടുകളിൽ യാതൊരുവിധ ഗുണവുമില്ലാതെ കിടക്കുന്ന ട്രസ് ഏരിയ എങ്ങിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് ഇതിൽ നിന്നും മനസിലാക്കാം.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും അറിഞ്ഞിരിക്കുന്നത് തീർച്ചയായും പുതിയ ആശയങ്ങളിലേക്ക് നിങ്ങൾക്ക് വഴി തുറന്നിടും എന്ന കാര്യത്തിൽ സംശയമില്ല.