മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും.

മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും.ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ട സമയമാണ് മഴക്കാലം.

പലപ്പോഴും വീടിന്റെ പല ഭാഗങ്ങളിലും ഈർപ്പം കെട്ടി നിന്ന് ഷോക്ക് പോലുള്ള അപകടങ്ങൾ കൂടുതലായും സംഭവിക്കാനുള്ള സാധ്യത മഴക്കാലത്ത് കൂടുതലാണ്.

അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടുകൂടി വേണം ഇലക്ട്രിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ.

മഴക്കാലം തുടങ്ങുന്നതിനു മുൻപായി തന്നെ വീടിന്റെ എർത്തിങ് ഒരു സർട്ടിഫൈഡ് ഇലക്ട്രീഷ്യനെ കൊണ്ട് പരിശോധിക്കേണ്ടത് ആണ്.

മാത്രമല്ല വീടിന്റെ മറ്റ് ഭാഗങ്ങളിൽ നൽകിയിട്ടുള്ള വയറിങ് സംവിധാനങ്ങളും പരിശോധിക്കാനായി ആവശ്യപ്പെടുക.

മഴക്കാലത്ത് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും,വേണം കരുതൽ.

ഭിത്തിയിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഈർപ്പവും നനവും ഇലക്ട്രിക് ഉപകരണങ്ങൾ വഴി ഉണ്ടാകുന്ന ഷോക്കിന്റെ പ്രധാന കാരണങ്ങളാണ്.

അതുകൊണ്ടു തന്നെ മഴക്കാലം തുടങ്ങുന്നതിന് മുൻപ് ഇലക്ട്രിക്കൽ വർക്കുകളിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനായി ശ്രദ്ധിക്കുക.

വയറിങ്ങിനായി ഉപയോഗപ്പെടുത്തിയിട്ടുള്ള മെറ്റീരിയലുകൾ, സ്വിച്ചുകൾ എന്നിവയ്ക്ക് ആവശ്യത്തിന് ക്വാളിറ്റി ഇല്ല എങ്കിൽ കറണ്ട് ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്.

കറണ്ട് ലീക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിർബന്ധമായും വീടുകളിൽ ELCB ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കുക. പഴയകാല വീടുകളിൽ ഇ എൽ സി ബി നൽകുന്ന രീതി ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ പുതിയത് വാങ്ങി ഫിറ്റ് ചെയ്യാം.നനഞ്ഞ കൈ ഉപയോഗിച്ച് സ്വിച്ചുകൾ ഓൺ ചെയ്യുന്നത് ഒഴിവാക്കണം.

ഏതെങ്കിലും കാരണവശാൽ ഫ്യൂസ് ഉരുകി പോവുകയാണെങ്കിൽ ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ അത് മാറ്റി ഇടാനായി ശ്രദ്ധിക്കുക.

അതിന് പകരമായി ഏതെങ്കിലും ലോഹ കമ്പികൾ ഉപയോഗിച്ച് കെട്ടുന്നത് ശരിയായ രീതിയല്ല. ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ടിവി, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ ഓഫ് ചെയ്തിടാനായി ശ്രദ്ധിക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം.

ഇടിമിന്നലും മഴയുമുള്ള സമയത്ത് ഫോൺ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഇടുന്നത് സുരക്ഷിതമായ കാര്യമല്ല. പലപ്പോഴും ഇത്തരം കാര്യങ്ങളാണ് പൊട്ടിത്തെറികൾ പോലുള്ള പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നത്.

ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നിവയുടെ ഉപയോഗവും പരമാവധി ഒഴിവാക്കാനായി ശ്രദ്ധിക്കണം.

കൈയിൽ ചെറിയ രീതിയിലുള്ള നനവോടു കൂടി പോലും മഴയുള്ള സമയത്ത് സ്വിച്ചുകൾ ഓൺ ചെയ്യാൻ ശ്രമിക്കുന്നത് ഷോക്ക് ഏൽക്കുന്നതിന് കാരണമായിരിക്കും. അതുകൊണ്ടുതന്നെ കൈ നല്ലപോലെ തുടച്ച ശേഷം മാത്രം സ്വിച്ച് ഓൺ ചെയ്യാനായി ശ്രമിക്കുക.

മഴയിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടി അവ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. വീടിന്റെ മെയിൻ സർക്യൂട്ട് ബോർഡിൽ ഈർപ്പം തട്ടാത്ത രീതിയിൽ പ്രത്യേക രീതിയിൽ കവർ ചെയ്ത് നൽകണം.

മെയിൻ സ്വിച്ച്, ഇ എൽ സി ബി എന്നിവ പ്രത്യേക ബോക്സുകൾ നൽകി സെറ്റ് ചെയ്ത് വയ്ക്കുന്നതാണ് എപ്പോഴും സുരക്ഷിതമായ മാർഗം.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ ഈർപ്പം നിന്ന് കേടാകുന്നത് ഒഴിവാക്കാനായി വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ക്യാമറകൾ, ഫോണുകൾ, എന്നിവയെല്ലാം പ്രത്യേക പ്ലാസ്റ്റിക് ഡ്രൈ കവറുകൾ വാങ്ങി അതിൽ സൂക്ഷിക്കാവുന്നതാണ്.

വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന കമ്പ്യൂട്ടർ, അതുമായി ബന്ധപ്പെട്ട കീബോർഡ്,മൗസ് എന്നിവയെല്ലാം കണക്ഷൻ വിച്ഛേദിച്ച ശേഷം പ്രത്യേക കവറുകൾ വാങ്ങി അവയ്ക്കുള്ളിൽ കവർ ചെയ്തു വെക്കുക മഴയുള്ള സമയത്ത് കറണ്ട് പോവുകയാണെങ്കിൽ ഒരു കാരണവശാലും നേരിട്ട് മെയിൻ സ്വിച്ച് ഓൺ ചെയ്യുന്നതിനായി ശ്രമം നടത്തരുത്.

ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ വലിയ അപകടങ്ങളിൽ നിന്നും രക്ഷനേടാനായി സാധിക്കും.

മഴക്കാലവും ഇലക്ട്രിക് ഉപകരണങ്ങളുടെ സുരക്ഷയും തീർച്ചയായും ശ്രദ്ധ നൽകേണ്ട കാര്യങ്ങളാണ്.