വീട് നിർമ്മാണത്തിൽ സ്റ്റീലിൽ നിർമിച്ച ,കട്ടിള ഡോറുകൾ, വിൻഡോകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഒരു വീടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണ് ഡോറുകൾ. പ്രധാന വാതിൽ മുതൽ വീടിന്റെ ഓരോ മുറികളിലും നൽകുന്ന വാതിലുകൾക്ക് വരെ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.

മുൻകാലങ്ങളിൽ പ്രധാനമായും വാതിലുകൾ, കട്ടിള, ജനാലകൾ എന്നിവ നിർമിക്കുന്നതിന് മരമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് അവയിൽ നിന്നും വ്യത്യസ്തമായി നല്ല ക്വാളിറ്റി യിലുള്ള സ്റ്റീലിൽ തീർത്ത ഉൽപന്നങ്ങൾ ലഭ്യമാണ്.

അതുകൊണ്ടുതന്നെ ചിതൽ പോലുള്ള പ്രശ്നങ്ങളെ ഭയക്കേണ്ടി വരുന്നില്ല. എന്നാൽ പലരും പേടിക്കുന്ന ഒരുകാര്യം മഴക്കാലത്ത് സ്റ്റീലിൽ തീർത്ത വാതിലുകൾ, ജനലുകൾ എന്നിവക്ക് മിന്നൽ അടിക്കാനുള്ള സാധ്യതയുണ്ടോ എന്നതാണ്. കട്ടിള,വാതിൽ ജനൽ എന്നിവയ്ക്കുവേണ്ടി സ്റ്റീൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

സ്റ്റീൽ ഉൽപന്നങ്ങൾ വീട് നിർമ്മാണത്തിൽ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ.

തടിയിൽ തീർത്ത കട്ടിള, വാതിൽ,ജനാലകൾ എന്നിവയ്ക്ക് നേരിടുന്ന ചിതൽ പോലുള്ള പ്രശ്നങ്ങൾ സ്റ്റീൽ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരുന്നില്ല.

എന്ന് മാത്രമല്ല കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് സ്റ്റീൽ വാതിലുകളും,ജനലുകളും നിർമ്മിക്കുന്നത്. സാധാരണ തടിയിൽ തീർത്ത വാതിലുകളും ജനലുകളും കാലാവസ്ഥയ്ക്കനുസരിച്ച് വികസിക്കുന്നത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

മരത്തിനെ ക്കാൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നതിലും സ്റ്റീൽ ഡോറുകൾ മുൻപന്തിയിൽ നിൽക്കുന്നു.

സ്റ്റീൽ ഡോറുകൾ ഉപ്പു കാറ്റ് അടിക്കുന്ന പ്രദേശങ്ങൾ, വെള്ളം കൂടുതലായി തട്ടുന്ന സ്ഥലങ്ങൾ എന്നിവയിൽ ഉപയോഗിക്കുമ്പോൾ കേടുപാട് വരാത്ത രീതിയിലാണ് നിർമ്മിക്കുന്നത്.

അതിനുള്ള കാരണം അവയുടെ മുകളിൽ സിങ്ക് കോട്ടിംഗ് നൽകുന്നുണ്ട്. ഇത് ഒരു പ്രൊട്ടക്ടീവ് ലയർ എന്ന രീതിയിൽ സ്റ്റീലിനു മുകളിൽ പ്രവർത്തിക്കുകയും അത് തുരുമ്പെടുക്കുന്നതിൽ നിന്നും സുരക്ഷ നൽകുകയും ചെയ്യുന്നു.

എന്നാൽ സിങ്ക് കോട്ടിങ് നൽകുന്നതുകൊണ്ട് മാത്രം സ്റ്റീൽ ഡോർ, വിൻഡോ എന്നിവയ്ക്ക് തുരുമ്പിൽ നിന്നും പൂർണ സുരക്ഷ ലഭിക്കുന്നില്ല.

ഇതിനായി ഉപയോഗപ്പെടുത്തുന്ന ഗാൽവനൈസേഷൻ പ്രക്രിയയുടെ ഗുണം അനുസരിച്ചാണ്‌ തുരുമ്പിനെ പ്രതിരോധിക്കുക.

സ്റ്റീലിൽ നിർമിച്ച ജനാലകൾ, കട്ടിളകൾ, വാതിലുകൾ എന്നിവ വാങ്ങുമ്പോൾ തന്നെ അവക്ക് പുറത്ത് ഒരു എപ്പോക്സി പ്രൈമർ അടിച്ചു നൽകണം.

പ്രധാനമായും ഉപ്പു കാറ്റ് കൂടുതൽ അടിക്കുന്ന തീരപ്രദേശങ്ങളിൽ സ്റ്റീൽ വാതിലുകൾ, ജനാലകൾ, കട്ടിളകൾ എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം.

സ്റ്റീൽ ഡോറുകൾ ക്ക് ഇടിമിന്നലിൽ നിന്നും സുരക്ഷ ലഭിക്കുമോ?

പലപ്പോഴും ഇരുമ്പിന്റെ ഒരു സാധനങ്ങളും വീട്ടിൽ ഉപയോഗിച്ചിട്ടില്ല എങ്കിലും ഇടി മിന്നൽ സമയത്ത് വൈദ്യുതി ഭിത്തികളിലൂടെ യും മറ്റും കടന്നു പോകാനുള്ള സാധ്യതയുണ്ട്.

അതായത് ഓരോ വസ്തുവിനും കറന്റ് കടത്തിവിടാനും പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

എന്നാൽ മിന്നലിൽ നിന്നും ഉണ്ടാകുന്ന ശക്തമായ വൈദ്യുതിയെ പ്രതിരോധിക്കാനുള്ള കഴിവ് ഒരു വസ്തുവിനും പലപ്പോഴും ഉണ്ടായിരിക്കില്ല എന്നതാണ് സത്യം.

എന്നാൽ വീട്ടിൽ ശരിയായ രീതിയിൽ എർത് ചെയ്തിട്ടുണ്ടെങ്കിൽ ട്രസ്സ് ഷീറ്റ് വർക്ക്, സ്റ്റീൽ ജനാലകൾ,ഡോറുകൾ എന്നിവ ഉപയോഗിച്ചാലും യാതൊരുവിധ കേടുപാടും സംഭവിക്കില്ല.

അതല്ല വീടിന് ഇടിമിന്നൽ ഏൽക്കും എന്ന ഒരു പേടി നിങ്ങൾക്കുണ്ടെങ്കിൽ ഒരു എക്സ്പോർട്ടിന്റെ സഹായത്തോടെ സ്ഥലം പരിശോധിപ്പിച്ച് ഏത് രീതിയിലുള്ള ലൈറ്റിങ് പ്രൊട്ടക്ഷൻ ആണ് നൽകേണ്ടത് എന്ന് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.

സ്റ്റീൽ ഉൽപ്പന്നങ്ങളും വിലയും

സ്റ്റീലിൽ നിർമിച്ച കട്ടിളക്ക് വില നോക്കുകയാണെങ്കിൽ ഏകദേശം 3500 രൂപ നിരക്കിലാണ് നൽകേണ്ടി വരുന്നത്. അതേസമയം കട്ടിളയും ജനലും ചേർന്ന സെറ്റുകൾക്ക് വില ആരംഭിക്കുന്നത് 12,500 രൂപ മുതൽ ആണ്. ബ്രാൻഡ് ഡോറുകൾ 23000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

തീർച്ചയായും വീടിന് സുരക്ഷ നൽകുന്ന രീതിയിൽ തന്നെയാണ് സ്റ്റീലിൽ നിർമിച്ച ജനാലകൾ,കട്ടിളകൾ എന്നിവയെല്ലാം നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഇവ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആവശ്യാനുസരണം ആവശ്യമുള്ള വലിപ്പത്തിൽ നല്ല നിർമാതാക്കളെ കണ്ടെത്തി ഓർഡർ ചെയ്യാവുന്നതാണ്.