കേരളത്തനിമ ഒട്ടും ചോരാത്ത വീട്. വീട് നിർമ്മാണത്തിൽ പഴമ നിലനിർത്താൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

അത്തരം ആളുകൾക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വേണുഗോപാലൻ എന്ന വ്യക്തിയുടെ വീട്.

വിശ്രമ ജീവിതം മനസ്സിൽ കണ്ട് നിർമ്മിച്ച വീടിന്റെ സവിശേഷതകൾ നിരവധിയാണ്.

വീട്ടുടമയുടെ മകനും മകളും ചേർന്നാണ് വീട് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിന്റെ പരമ്പരാഗത വീടുകളുടെ നിർമ്മാണ ശൈലി ഒട്ടും ചോരാതെ നിർമ്മിച്ച വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

കേരളത്തനിമ ഒട്ടും ചോരാത്ത വീട്, കൂടുതൽ വിശേഷങ്ങൾ.

2590 ചതുരശ്ര അടയിൽ നിർമ്മിച്ചിട്ടുള്ള വീട് സ്ഥിതി ചെയ്യുന്നത് 35 സെന്റ് സ്ഥലത്താണ്. വീടിന്റെ മേൽക്കൂര ട്രസ് വർക്ക് ചെയ്ത് ഓട് പാകുകയാണ് ചെയ്തിട്ടുള്ളത്. മേൽക്കൂര നിർമ്മാണത്തിൽ ജിഐ പൈപ്പാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിനകത്ത് ഇരുന്നാൽ എല്ലാ കാലാവസ്ഥയും ആസ്വദിക്കാൻ സാധിക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇന്റീരിയറിൽ എല്ലാ ഭാഗത്തേക്കും ഒരേ രീതിയിൽ വ്യൂ ലഭിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത്‌ സിറ്റൗട്ട് അവിടെ നിന്നും ഒരു ലിവിങ് ഏരിയ ഡൈനിങ് അതോട് ചേർന്ന് തന്നെ ഒരു കോർട്യാട് മൂന്ന് ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടെ കൂടിയത്, മോഡേൺ രീതിയിലുള്ള അടുക്കള അതോടൊപ്പം ഒരു വർക്ക് ഏരിയ എന്നിവയാണ് നൽകിയിട്ടുള്ളത്.

ഡൈനിങ് ഏരിയക്ക് കൂടുതൽ വെളിച്ചവും വിശാലതയും തോന്നിപ്പിക്കുന്നതിനായി ഡബിൾ ഹൈറ്റ് രീതിയാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ടു തന്നെ നാച്ചുറൽ ആയ വെളിച്ചം എല്ലാ സമയത്തും വീട്ടിനകത്തേക്ക് ലഭിക്കുകയും ചെയ്യും.

പരമ്പരാഗത രീതി നിലനിർത്തി കൊണ്ടാണ് വീടിനകത്തേക്കുള്ള ഫർണിച്ചറുകൾ പോലും തിരഞ്ഞെടുത്തത്. കോർടിയാഡിൽ പച്ചപ്പ് നിറയ്ക്കാനായി മിൽക്ക് ബാംബൂ,ഹെലികോനിയ പോലുള്ള ചെടികൾ നട്ടു പിടിപ്പിച്ചു.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഫീൽ കൊണ്ടു വരാനായി കോർട്ടിയാഡിൽ കടപ്പ സ്റ്റോൺ ആണ് ഉപയോഗിച്ചത്. അവയ്ക്ക് ഇടയിലായി ഉരുളൻ കല്ലുകൾ നൽകി.

കോർട്ടിയാഡിന്റെ റൂഫിൽ ഗ്ലാസും, ക്ലെ ടൈലുകളും മിക്സ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. കോർട്ടിയാഡിന്റെ ഒരു ഭാഗത്തെ ഭിത്തി ജാളികൾ ഉപയോഗിച്ച് മനോഹരമാക്കി നിർമ്മിച്ചിരിക്കുന്നു. അടുക്കള,ഡൈനിങ് ഏരിയ എന്നിവയ്ക്ക് ഓപ്പൺ ലേ ഔട്ട് രീതിയാണ് നൽകിയിട്ടുള്ളത്.

എടുത്തു പറയേണ്ട പ്രത്യേകതകൾ.

വീടിന്റെ പ്രധാന ഭാഗങ്ങളായ ലിവിങ്, ബെഡ്റൂം,ഡൈനിങ് എന്നിവിടങ്ങളിലെല്ലാം ഫ്ലോറിങ്ങിന് മാറ്റ് ഫിനിഷിംഗിലുള്ള വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ഓപ്പൺ ആയിട്ടുള്ള ഭാഗങ്ങളിൽ ഒരു റസ്റ്റിക് ലുക്ക് ലഭിക്കുന്നതിനായി റസ്റ്റിക് ടൈപ്പ് ടൈലുകൾ തിരഞ്ഞെടുത്തു.

സാധാരണ ജനാലകൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ വലിപ്പം നൽകിയാണ് എല്ലാ റൂമുകളിലും ജനാലകൾ നൽകിയത്.

ജനാല വഴി പ്രവേശിക്കാവുന്ന രീതിയിൽ മാസ്റ്റർ ബെഡ്റൂമിൽ നിന്നും കോർടിയാർഡിലേക്ക് ഒരു എൻട്രി നൽകിയിട്ടുണ്ട്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിട്ടുള്ള മെയിൻ ഡോർ തേക്ക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

അതേസമയം മറ്റ് ജനാലകളും വാതിലുകളും ബെഡുകളുമെല്ലാം ബർമ അയൺ വുഡ് ഉപയോഗിച്ച് നിർമ്മിച്ചു. വീടിനോട് ചേർന്ന് കാർപോർച്ച് നൽകുന്ന രീതിക്ക് മാറ്റം വരുത്തി ട്രസ് വർക്ക് ചെയ്തു കുറച്ച് മാറിയാണ് പോർച്ചിനുള്ള സ്ഥാനം കണ്ടെത്തിയത്.

എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പരമ്പരാഗത രീതിയിൽ നിർമ്മിച്ച വീടിന്റെ നിർമ്മാണ പ്രവർത്തികൾക്കായി ആകെ ചിലവായത് 60 ലക്ഷം രൂപയാണ്.

കാഴ്ചയിൽ ഭംഗി നിറയ്ക്കുന്ന ഈ വീട് ഡിസൈൻ ചെയ്ത് നൽകിയത് ഗ്രീൻ ഫോൺ സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെ സിവിൽ എൻജിനീയറായ കൃഷ്ണനുണ്ണിയാണ്.

കേരളത്തനിമ ഒട്ടും ചോരാത്ത വീട്, കാഴ്ചയിൽ നിറയ്ക്കുന്ന കൗതുകങ്ങൾ ചെറുതല്ല.