ഇന്ന് നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ സംശയം ആണ് ഇത്.
അനവധി തടി എക്സ്പെർട്ടുകളോടും, വർഷങ്ങളായി തടി കച്ചവടം ചെയ്യുന്ന ബിസിനസുകാരിൽ നിന്നും ഈ വിഷയത്തിൽ ശേഖരിച്ച അറിവുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്:
എന്താണ് സത്യം?
ഫർണിച്ചർ നിർമ്മാണത്തിന് മാഞ്ചിയം/അക്വേഷ്യ മരങ്ങൾ അത്യുത്തമം തന്നെയാണെന്ന് വേണം പറയാൻ.
എന്നാൽ വീടിന്റെ കട്ടിളയും ജനലും ഒക്കെ നിർമിക്കാൻ ഇതൊരു മികച്ചൊരു ഓപ്ഷൻ അല്ല എന്നതാണ് സത്യം.
വീടിന്റെ അകത്തളങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ വില കുറഞ്ഞതും ഏറെനാൾ ഈടുനിൽക്കുന്നതുമായ മരങ്ങളാണ് മാഞ്ചിയം/അക്വേഷ്യ എന്നിവ.
എന്നാൽ മഴയും വെയിലും നേരിട്ട് ഏൽക്കാൻ സാധ്യതയുള്ള കട്ടിള, ജനൽ എന്നിവയ്ക്കായി ഈ മരങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാല അടിസ്ഥാനത്തിൽ അത്ര ഗുണകരമാവില്ല.
ഇനി അക്വേഷ്യയും മാഞ്ചിയവും തമ്മിൽ താരതമ്യം ചെയ്താൽ, കാഴ്ചയിലും ഗുണത്തിലും, ഈടിൻറെ കാര്യത്തിലും ഇവ രണ്ടും ഏകദേശം ഒരേ പോലെ സാമ്യതയുള്ള മരങ്ങളാണ്.
ഈ മരങ്ങളുടെ പോരായ്മകളും ഏകദേശം ഒരുപോലെയാണ്.
ഫർണിച്ചർ കടകളിൽ തേക്കിനൊപ്പവും അല്ലാതെയും ഉപയോഗിക്കുന്നത് കൊണ്ട് നേരിയ ഡിമാൻഡ് കൂടുതൽ അക്വേഷ്യക്ക് ഉണ്ട്.
എന്നാൽ ഇടക്കാലത്ത് ഈ മരങ്ങൾക്ക് കേരളത്തിൽ ഉണ്ടായിരുന്ന പ്രാധാന്യം ഇന്നില്ല.
ആദ്യകാലത്ത് കേരളത്തിൽ പലയിടങ്ങളിലും വീട് നിർമ്മാണ പ്രവർത്തികളിൽ കട്ടിള, ജനൽ കട്ടിള, ഡോറുകൾ, ജനൽ വാതിൽ എന്നിവയ്ക്കായി ഇവ ഉപയോഗിച്ചിരിന്നു. എന്നാൽ കേരളത്തിന്റെ മാറി മാറി വരുന്ന മഴ/വെയിൽ പ്രതിഭാസത്തിനെ പ്രതിരോധിക്കുന്നതിൽ ഈ മരങ്ങൾ പിന്നിലാണ്.
പ്രതീക്ഷിച്ച ഈട് ലഭിക്കാത്തതിനാൽ പലരും ഈ മരങ്ങൾ വെച്ചത് ഒഴിവാക്കി മറ്റ് മരങ്ങൾ കൊണ്ട് ഇപ്പൊ റീപ്ലെസ് ചെയ്യുന്നു.
ഇത് ഇവയുടെ മാർക്കറ്റ് ഡിമാന്റ് ചെറിയ രീതിയിൽ കുറച്ചു. എന്നാൽ തമിഴ് നാട്ടിൽ ഈ മരത്തിന് ഇപ്പോളും നല്ല ഡിമാന്റ് ആണ്. കേരളത്തിൽ നിന്ന് വെട്ടുന്ന മാഞ്ചിയം/അക്വേഷ്യ എന്നിവയുടെ നല്ലൊരു ഭാഗവും നേരെ തമിഴ് നാട്ടിലേക്കാണ് പോകുന്നത്.
അക്വേഷ്യ/മാഞ്ചിയം എന്നിവയുടെ പ്രകടമായ ചില പോരാഴ്മകൾ
വെയിൽ കൊള്ളുമ്പോൾ ഈ മരങ്ങൾ വേഗം ഉളുത്ത് പോകാറുണ്ട് (വെള്ള കളറിലുള്ള പൊടികൾ വീഴുകയും, ചെറിയ ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്യും.)
അക്വേഷ്യ/മാഞ്ചിയം മരങ്ങളിൽ മറ്റ് തടികളെ അപേക്ഷിച്ച് ജലാംശം സാവധാനം മാത്രേ പിൻവലിയുകയുള്ളൂ. അങ്ങനെ വെള്ളം ഊർന്നു തീരുമ്പോൾ ഭാരം വലിയ രീതിയിൽ കുറയുന്നതായും കണ്ടിട്ടുണ്ട്.
നീളത്തിൽ തടി അറുക്കുന്ന സമയത്ത് വീശിപോകുന്നത് (മദ്യഭാഗം മുഴപോലെ വളയുക) ഇതിന്റെ പ്രധാന പ്രശ്നം ആണ്
ഈ തടികൾ വിണ്ട് കീറുന്നതും കൂടുതലാണ് (രണ്ടായി അടർന്നു മാറുക).
കൂടാതെ കട്ടിളയും ഭിത്തിയും തമ്മിലുള്ള ബന്ധം വിട്ട്, അവിടെ ഗ്യാപ് രൂപപ്പെടുന്നതും കൂടുതലായി കണ്ടു വരുന്നു.
കട്ടിളയുടെ മുകളിൽ ഡയറക്ട് ആയി കല്ല് വെച്ച് കെട്ടുന്ന രീതി നമ്മുടെ നാട്ടിൽ പലയിടത്തും ഉണ്ട്. എന്നാൽ ഈ മരങ്ങളുടെ കട്ടിളകൾ അങ്ങനെ ചെയ്താൽ കാലക്രമേണ വളഞ്ഞു പോകാറുണ്ട്.
ഈ മരങ്ങൾ കൂടുതലായി വളരുന്നത് ജലാശയ പരിസരങ്ങളിലും, ഈർപ്പം കൂടുതൽ ഉള്ള സ്ഥലങ്ങളിലും ആണ്. കട്ടിള പോലെയുള്ള കട്ടി ഉരുപ്പടികൾ പണിയാൻ എപ്പോഴും നല്ലത് കൽപ്രദേശങ്ങളിൽ നിന്നുള്ള മരങ്ങൾ തന്നെയാണ്.