വീട് പെയിന്‍റ് ചെയ്യാന്‍ ഒരുങ്ങുമ്പോൾ.

ഒരു വീടിന് അതിന്റെ പൂർണ ഭംഗി ലഭിക്കുന്നതിൽ പെയിന്റ് വഹിക്കുന്ന പ്രാധാന്യം ചെറുതല്ല. കൃത്യമായ ധാരണ ഇല്ലാതെ ഏതെങ്കിലും ഒരു പെയിന്റ് വാങ്ങി ചുമരിൽ അടിച്ചാൽ അത് വളരെ കുറച്ചു കാലം മാത്രമേ നില നിൽക്കുകയുള്ളൂ.

ഒരു മഴ, ശക്തമായ വെയിൽ എന്നിവ അടിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും അവയുടെ നിറം മങ്ങുകയും പൂർണ ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്നു.

വീടിന്റെ പുറംഭാഗം മാത്രമല്ല വീടിനകത്തും പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ എന്നിവയ്ക്കു വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന പെയിന്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീടിന് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, അവ അപ്ലൈ ചെയ്യേണ്ട രീതിയും കൃത്യമായി മനസിലാക്കാം.

വീട് പെയിന്‍റ് വർക്കുകൾ ആരംഭിക്കേണ്ട സമയം

ഏതൊരു വീടിനെ സംബന്ധിച്ചും അതിന്റെ പെയിന്റിംഗ് വർക്കുകൾ ആരംഭിക്കേണ്ടത് പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞ് ഏഴ് ദിവസമെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കണം.

ഇതിൽ തന്നെ ആദ്യം ചെയ്യേണ്ടത് പ്രൈമറി കോട്ട് നൽകുക എന്നതാണ്.

പണ്ടുകാലങ്ങളിൽ മിക്ക വീടുകളിലും നേരിട്ട് വൈറ്റ് സിമന്റ് അപ്ലൈ ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്.

മാത്രമല്ല ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയ്ക്ക് വേണ്ടി പ്രത്യേകമായി പെയിന്റുകൾ തിരഞ്ഞെടുക്കാനും സാധിച്ചിരുന്നില്ല.

പ്രൈമറിൽ തന്നെ എക്സ്റ്റീരിയറിൽ നൽകുന്നത് പൂപ്പൽ,പായൽ എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്ന രീതിയിൽ ഉള്ളവയാണ്.

അതേസമയം ഇന്റീരിയറിൽ നൽകുന്നത് നല്ല ഫിനിഷിങ്ങോടു കൂടി ഫെയ്ഡ് ആകാത്ത രീതിയിൽ ഉള്ളവയായിരിക്കണം.

രണ്ടാമത്തെ കോട്ട് പുട്ടി അടിക്കുമ്പോൾ

രണ്ടാമത്തെ കോട്ട് പൂട്ടി അടിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകണം. പ്രതലം നല്ലരീതിയിൽ മിനുസമാക്കിയതിന് ശേഷം വേണം പുട്ടി അടിച്ചു നല്കാൻ.

രണ്ട് കോട്ട് പുട്ടിയും ചുമരിൽ നൽകിയ ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ചുമര് നല്ലരീതിയിൽ മിനുസപ്പെടുത്താം.

ഇങ്ങനെ ചെയ്യുന്നത് വഴി പെയിന്റ് പിന്നീട് പെട്ടെന്ന് അടർന്ന വീഴാതിരിക്കാനും, അവ ഭംഗിയിൽ കൂടുതൽ കാലം നിലനിൽക്കാനും, പരുപരുത്തതായി നിൽക്കാതെ ഇരിക്കാനും സഹായിക്കും.

ചുമര് നല്ലരീതിയിൽ മിനുസപെടുത്താൻ പണ്ട് സാൻഡ് പേപ്പറുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത്, എന്നാൽ ഇന്ന് അതിന് ഒരു പ്രത്യേക മെഷീൻ തന്നെ വിപണിയിൽ ലഭ്യമാണ്.

മെഷീനുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ പൊടി കളക് ട് ചെയ്യാനുള്ള ബാഗ് കൂടി ഉള്ളത് നോക്കി തിരഞ്ഞെടുക്കണം. അങ്ങിനെ ചെയ്യുന്നത് വഴിപൊടി ഓട്ടോമാറ്റിക് ആയി തന്നെ ഈ ഒരു ബാഗിൽ വന്ന് അടയുന്നതാണ്. തുടർന്ന് ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ പ്രൈം കോട്ട് അടിച്ചു നൽകണം.അങ്ങിനെ ചെയ്യുന്നതു വഴി ഭിത്തിയിലുള്ള ചെറിയ സുഷിരങ്ങളെല്ലാം അടഞ്ഞു പോകുന്നതാണ്.

ഇന്റീരിയർ എമൽഷൻ തിരഞ്ഞെടുക്കുമ്പോൾ

ഇന്റീരിയർ വർക്കുകൾക്ക് ആവശ്യമായ എമൽഷൻ തിരഞ്ഞെടുക്കുമ്പോൾ ലെഡ്, മർക്കുറി പോലുള്ള രാസവസ്തുക്കളടങ്ങിയ പെയിന്റ് തിരഞ്ഞെടുക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അത്തരം പെയിൻറുകൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അലർജി പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല ഒരു കാരണവശാലും എക്സ്റ്റീരിയർ എമൽഷൻ ഉപയോഗപ്പെടുത്തി വീടിന്റെ ഉൾവശം പെയിന്റ് ചെയ്യാൻ പാടുള്ളതല്ല. ആന്റി ഫംഗസ് വരാതെ ഇരിക്കാൻ ഉള്ള കെമിക്കൽ നൽകിയാണ് എക്സ്റ്റീരിയർ എമൽഷൻ നിർമ്മിക്കുന്നത്.

എക്സ്‌റ്റീരിയർ എമൽഷൻ തിരഞ്ഞെടുക്കുമ്പോൾ

എക്സ്റ്റീരിയർ എമൽഷൻ തിരഞ്ഞെടുക്കുമ്പോൾ ആന്റി ഫംഗസ് ഉൾപ്പെടുന്ന പെയിന്റ് വേണം തിരഞ്ഞെടുക്കാൻ. വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള എമൽഷനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം ഹാനികരമായ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കാത്ത പെയിന്റ് കൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതോടൊപ്പംതന്നെ എക്സ്റ്റീരിയർ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ഒരു വാട്ടർപ്രൂഫിങ് ഏജന്റ് കൂടി അപ്ലൈ ചെയ്ത് നൽകുന്നതാണ് എപ്പോഴും നല്ലത്. എക്സ്റ്റീരിയറിൽ ടെക്സ്ചർ വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ അവിടെ പുട്ടിയിട്ട ശേഷം പെയിന്റ് നൽകേണ്ടതില്ല.

പ്രൈമർ മാത്രം അടിച്ചു നൽകി ആവശ്യമായ ടെക്സ്ചർ വർക്കുകൾ ചെയ്തെടുക്കാം. അതേസമയം ഒരുകാരണവശാലും എമൽഷൻ അടിച്ചു നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ടെക്സ്ചർ വർക്കുകൾ ചെയ്യുന്നതിന് ചുറ്റുമുള്ള ഭാഗങ്ങളിലെല്ലാം പെയിന്റിങ് വർക്കുകൾ ചെയ്ത ശേഷം മാത്രം ടെക്സ്ചർ വർക്കുകൾ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. വാഷ് ചെയ്യുന്ന രീതിയിലുള്ള ടെക്സ്ചർ വർക്കുകൾ ആണ് നൽകുന്നത് എങ്കിൽ ടെക്സ്ചർ വർക്കുകൾ ചെയ്തശേഷം അതിനുമുകളിൽ ഒരു ബേസ് കോട്ട് പെയിന്റ് നല്കാവുന്നതാണ്. അതിനുശേഷം മാത്രം ആവശ്യമുള്ള യഥാർത്ഥ നിറം തിരഞ്ഞെടുത്ത് നൽകാവുന്നതാണ്. ഇത് ചെയ്യുന്നതുവഴി ടെക്സ്ചർ വർക്കുകൾ കൂടുതൽ ഭംഗിയുള്ളതും ഫിനിഷിംഗ് ഉള്ളതും ആയി മാറും.

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ പെയിന്റിങ് വർക്കുകൾ എളുപ്പത്തിലും ഭംഗിയിലും ചെയ്യാനായി സാധിക്കും.