വലിപ്പം കൂടിയ പവർ സോക്കറ്റ് ? കുറഞ്ഞ സോക്കറ്റ് ? തിരഞ്ഞെടുക്കാം

എന്തിനാണ് വീടുകളിലെ വയറിങ്ങിൽ വലിപ്പം കൂടുതലുള്ള പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സോക്കറ്റും ഉപയോഗിച്ചിരിക്കുന്നത്?

എന്തുകൊണ്ടാണ് ഇത്തരം രണ്ടു പ്ളഗ് സോക്കറ്റുകൾ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നതിന് ആദ്യം വോൾട്ടേജും കറന്റും എന്താണെന്നു മനസിലാക്കുന്നത് നന്നായിരിക്കും.

മിക്കവാറും എല്ലാവരുടെ വീട്ടിലും ടെറസിൽ ഒരു വാട്ടർ ടാങ്ക് ഉണ്ടായിരിക്കും അതുപോലെ മുറ്റത്തു ഒരു വാട്ടർ ടാപ്പും ഉണ്ടായിരിക്കും. ഈ രണ്ടു കാര്യങ്ങളും വച്ചു വോൾട്ടേജും കറന്റും എന്താണെന്നു മനസിലാക്കാം.

ടെറസിലുള്ള വാട്ടർ ടാങ്ക് മുറ്റത്തെ ടാപ്പിനേക്കാൾ ഉയരത്തിൽ ഇരിക്കുന്നതുകൊണ്ടാണ് ടാപ്പ് തുറക്കുമ്പോൾ ടാങ്കിലെ വെള്ളം ടാപ്പിലൂടെ ഒഴുകുന്നത്.

ഇവിടെ “ഉയരത്തിനാണ്” പ്രാധാന്യം, ഉയരം എന്ന് പറയുമ്പോൾ ടാപ്പും ടാങ്കും തമ്മിലുള്ള സ്ഥാന വ്യത്യാസം ആണ്.

ഈ ഒരു സ്ഥാന വ്യത്യാസം ഉള്ളതുകൊണ്ടാണ് ടാങ്കിൽ നിന്നും ടാപ്പിലേക് വെള്ളം ഒഴുകുന്നത്.

ഉയരത്തിലിരിക്കുന്ന വെള്ളം താഴോട്ട് ഒഴുകുന്നതിനുള്ള കാരണം ഗുരുത്വാകർഷണ ബലം കൊണ്ടുണ്ടാകുന്ന സ്ഥിതികോർജ്ജം ആണെന്ന് എല്ലാവർക്കും അറിയാം.


ഇലെക്ട്രിസിറ്റിയിലും രണ്ടു ബിന്ദുക്കൾ അല്ലെങ്കിൽ രണ്ടു വയറുകൾ തമ്മിൽ ഇങ്ങനെ ഒരു വ്യത്യാസം ഉള്ളതുകൊണ്ടാണ് വൈദ്യതി ഒഴുകുന്നത്.

ടാങ്കിന്റെ കാര്യത്തിൽ ഉയരമാണ് വ്യത്യാസമെങ്കിൽ ഇലക്‌ട്രിസിറ്റിയുടെ കാര്യത്തിൽ ചാർജിൽ ആണ് വ്യത്യാസം, ഒന്ന് പോസിറ്റീവ് ചാർജും ഒന്ന് നെഗറ്റീവ് ചാർജും ആയിരിക്കും.

ഇലക്ട്രോണുകൾ കൂടുതൽ ഉള്ള ഭാഗത്തിനെ നെഗറ്റീവ് പോയിന്റ് എന്നും ഇലക്ട്രോണുകളുടെ കുറവുള്ള ഭാഗത്തിനെ പോസിറ്റീവ് പോയിന്റ് എന്നും പറയുന്നു.

ഇനി ടാങ്കിന്റെ കാര്യത്തിൽ ഉയരവ്യത്യാസം നമ്മൾ മീറ്ററിൽ പറയുമ്പോൾ ഇലക്‌ട്രിസിറ്റിയുടെ കാര്യത്തിൽ ചാർജ് വ്യത്യാസം വോൾടേജിൽ പറയുന്നു.

അപ്പോൾ “വോൾടേജ് എന്നാൽ രണ്ടു പോയിന്റുകൾ തമ്മിലുള്ള പൊട്ടൻഷ്യൽ ഡിഫറെൻസ് ആണ്”. 230 വോൾട്ട് എന്ന് പറയുമ്പോൾ ന്യൂട്രൽ വയറും ഫേസ് വയറും തമ്മിലുള്ള പൊട്ടൻഷ്യൽ ഡിഫറെൻസ് ആണ് 230 വോൾട്ട് .

എന്താണ് കറന്റ്?


ടാങ്കും ടാപ്പും ഉയരത്തിൽ വ്യത്യാസമുണ്ടെങ്കിലും ടാപ്പ് അടച്ചിരിക്കുന്ന സമയത് വെള്ളം ഒഴുകുന്നില്ല.

ടാപ്പ് തുറന്നാൽ മാത്രമേ വെള്ളം ഒഴുകുകയുള്ളു അതുപോലെതന്നെ പോസിറ്റീവ് വയറും നെഗറ്റീവ് വയറും വെറുതെ വെച്ചിരുന്നാൽ വൈദ്യോതി പ്രവഹിക്കുന്നില്ല അവ തമ്മിൽ നേരിട്ടോ അല്ലെങ്കിൽ എന്തെങ്കിലും ഉപകരണങ്ങൾ വഴിയോ ബന്ധിപ്പിച്ചാൽ മാത്രമേ വൈദ്യോതിപ്രവാഹം ഉണ്ടാകുകയുള്ളൂ.

മുകളിൽ പറഞ്ഞപോലെ ഇലക്ട്രോൺ കൂടുതൽ ഉള്ള നെഗറ്റീവും ഇലക്ട്രോൺ കുറവുള്ള പോസിറ്റീവും കണക്ട് ചെയ്യുമ്പോൾ ഇലക്ട്രോൺ കൂടുതൽ ഉള്ള ഭാഗത്തുനിന്നും കുറവുള്ള ഭാഗത്തേക് അതായത് നെഗറ്റീവ് പോയിന്റിൽ നിന്നും പോസിറ്റീവ് പോയിന്റിലേക് ഇലക്ട്രോണുകൾ ഒഴുകുന്നു ഈ ഒഴുക്കിനെയാണ് കറന്റ്‌ എന്ന് പറയുന്നത്. ഈ ഒഴുക്കിനെ (കറന്റിനെ) ആംപിയറിൽ ആണ് പറയുന്നത്.

ഇനി ചോദ്യത്തിന്റെ ഉത്തരത്തിലേക് വരാം. എന്തുകൊണ്ടാണ് വലിപ്പം കൂടിയ പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സാധാരണ സോക്കറ്റും ഉപയോഗിക്കുന്നത്.


ടാങ്കിൽ നിന്നും പൈപ്പിലൂടെ വെള്ളമെടുക്കുമ്പോൾ ഓരോ സൈസ് പൈപ്പിനും അതിലൂടെ ഒഴുകാവുന്ന വെള്ളത്തിന് ഒരു പരിധിയുണ്ട്.
ഉദാഹരണത്തിന്


പാത്രം കഴുകുന്ന ഭാഗത്തുള്ള ടാപ്പിലേക് അര ഇഞ്ച് പൈപ്പ് കൊടുത്താൽ മതിയാകും. പാത്രം കഴുകാൻ ആവശ്യത്തിനുള്ള വെള്ളം അര ഇഞ്ച് പൈപ്പിലൂടെ ലഭ്യമാകും.

എന്നാൽ വലിയൊരു തോട്ടം നനക്കാൻ അവിടേക്കുള്ള പൈപ്പ് അര ഇഞ്ച് മതിയാകില്ല ഒരു ഇഞ്ചോ ഒന്നര ഇഞ്ചോ ആവശ്യമായി വരും.

അതായത് പല ആവശ്യത്തിനും വ്യത്യസ്ത അളവിൽ വെള്ളം ആവശ്യമായി വരും.


ഇതുപോലെത്തന്നെ ഓരോ സൈസ് വയറിനും അതിലൂടെ ഒഴുകാവുന്ന കറന്റിന് ഒരു പരിധിയുണ്ട്. ഓരോ ഇലക്ട്രിക് ഉപകരണങ്ങളും വ്യത്യസ്ത കറന്റ് റേറ്റിംഗിലായിരിക്കും പ്രവർത്തിക്കുന്നത്.


നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് ഉപകരണങ്ങളിൽ കൂടുതൽ ഉപകരണങ്ങളും(ഫാൻ, ബൾബ്, ടി വി, മൊബൈൽ ചാർജർ , മ്യൂസിക് സിസ്റ്റം etc ) 6 ആംപിയർ താഴെ കറന്റ് മതിയാകും അതുകൊണ്ടാണ് വലിപ്പം കുറഞ്ഞ 6 ആംപിയർ പ്ളഗ് സോക്കറ്റ് ഔട്ട്ലെറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്.


800 വാട്ട്സ് ഓ അതിനു താഴെയുള്ള ഉപകരണങ്ങളോ ഇത്തരം പ്ളഗ് പോയിന്റുകളിൽ കണക്ട് ചെയ്യാവുന്നതാണ്.

വയറിങ്ങിൽ ഈ പോയിന്റുകളിലേക് കണക്ട് ചെയ്തിരിക്കുന്ന വയറുകൾക്കും, ഈ പ്ളഗ് പോയിന്റുകൾക്കും താങ്ങാനാവുന്ന പരമാവധി കറന്റ് ഏകദേശം 6 ആംപിയർ ആയിരിക്കും.

കൂടുതൽ കറന്റ് ആവശ്യമുള്ള ഇൻഡക്ഷൻ കുക്കർ, AC , മോട്ടോർ തുടങ്ങിയ ഉപകരണങ്ങൾക് കണക്ട് ചെയ്യുന്നതിന് 16A ആംപിയർ പവർ പ്ളഗ് സോക്കറ്റ് ഔട്ട്ലെറ്റുകൾ ആണുപയോഗിക്കുന്നതു.

ഇത്തരം സോക്കറ്റുകൾക്കും അതിലേക് കണക്ട് ചെയ്തിരിക്കുന്ന വയറുകൾക്കും 16 ആംപിയർ കറന്റ് വരെ താങ്ങാൻ കഴിവുള്ളവയാണ്.

ഇത്തരം സോക്കറ്റ്റുകളിൽ കുറഞ്ഞ കറന്റ് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണക്ട് ചെയ്യാം. എന്നാൽ പിന്നെ എല്ലാ സ്വിച്ചികളും സോക്കറ്റുകളും പവർ സോക്കറ്റ് ആക്കിയാൽ പോരെ!.

അങ്ങനെ ആകുമ്പോൾ എല്ലാ ടൈപ്പ് ഉപകരണങ്ങളും കണക്ട് ചെയ്യലോ?. എന്നാൽ എല്ലാം 16A പവർ സോക്കറ്റ്റാക്കുമ്പോൾ ചെലവ് വളരെ കൂടുന്നു.


ചെറിയ സോക്കറ്റിൽ 6 ആംബിയറിൽ കൂടുതൽ കറന്റ് എടുക്കുന്ന ഒരു ഉപകരണം കണക്ട് ചെയ്താൽ എന്ത് സംഭവിയ്ക്കും?


മുൻപ് പറഞ്ഞ പോലെ 6 ആംപിയർ പ്ളഗ് പോയിന്റിൽ , സ്വിച്ചുകൾക്കും , പ്ളഗ് പോയിന്റുകൾക്കും , അതിലേക് കണക്ഷൻ കൊടുത്തിരിക്കുന്ന വയറുകൾക്കും താങ്ങാനാവുന്ന പരമാവധി കറന്റ് 6 ആംപിയർ ആണ് .

അതുകൊണ്ടുതന്നെ അതിൽ കൂടുതൽ ആംപിയർ കറന്റ് ആവശ്യമുള്ള ഉപകരണങ്ങൾ ഈ പോയിന്റുകളിൽ കണക്ട് ചെയ്താൽ ഈ ഉപകരണം അത്പ്രവർത്തിപ്പിക്കാനാവശ്യമായ കറന്റ് ഈ പോയിന്റുകളിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിക്കും അതിന്റെ ഫലമായി ഇവയിലൂടെ കൂടുതൽ കറന്റ് ഒഴുകുകയും ഇതിലെ സ്വിച്ചികളും , പ്ളഗ് പോയിന്റുകളും വയറുകളും ചൂടായി ഉരുകി ഷോർട് സർക്യൂട്ടാകുകയും ചെയ്യും.