ഇന്റീരിയർ ഡിസൈനർ ഒക്കെ എന്തിന്?? തന്നെ ചെയ്താൽ പോരേ? പണി കിട്ടും!!

വീടിന് ഒരു എഞ്ചിനീയറിനെയും ആർക്കിടെക്ടിനേയും വെക്കുന്നത് തന്നെ അധികം, പിന്നെയാണോ ഇനി ഒരു പ്രൊഫഷണൽ ഇൻറീരിയർ ഡിസൈനർ???

ഈ ചോദ്യം നാം ഒരുപാട് തവണ ചുറ്റും നിന്നും, അതുപോലെ തന്നെ നമ്മുടെ ഉള്ളിലും ഉയർന്നിട്ടുള്ള ചോദ്യമാണ് എന്നതിൽ ഒരു സംശയവുമില്ല.

ശരിയാണ്. ഒരുകാലത്ത് അത്യാവശ്യം പണവും സ്ഥലവും ഒരു മേസ്തിരിയും ഉണ്ടെങ്കിൽ വീടു പണിത് അതിൽ സുഖമായി താമസിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നല്ലോ. 

എന്നാൽ ഇന്ന് കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ടെക്നോളജിയും പഠനവും ഉപയോഗിച്ച് ഇന്ന് ഒരേ പ്ലോട്ട്  തന്നെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും, അതുപോലെതന്നെ ഒരേ ആവശ്യത്തിന് പല രീതിയിലുള്ള മെറ്റീരിയലുകൾ മാർക്കറ്റിൽ ലഭ്യമാകുമ്പോൾ ഇവയിൽ ഏതൊക്കെയാണ് നല്ലത് ഏതാണ് അനുയോജ്യം എന്ന് തീരുമാനിക്കുന്നതിനു തിരഞ്ഞെടുക്കുന്നതിലും ഒരുപാട് ഘടകങ്ങൾ നിലനിൽക്കുന്നു. 

ഇങ്ങനെ ഏറെ സങ്കീർണമായ ഒരു രീതിയിലേക്ക് വീട് നിർമ്മാണം പോകുന്ന ഈ കാലത്ത് പ്രൊഫഷണൽസിന്റെ സഹായം തേടുക എന്നത് ഉത്തമം തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി നിങ്ങളുടെ സ്ഥലത്തെ ഉപയോഗിക്കാനാകും. അതുപോലെതന്നെ ചെലവ് കുറയ്ക്കാനും, പിന്നീട് വരാവുന്ന അനവധി കൺഫ്യൂഷൻ, അധികച്ചെലവിനു കാരണമാകുന്ന മാറ്റങ്ങൾ, തകരാറുകൾ ഇവയൊക്കെ മുൻകൂട്ടി തന്നെ ഒരു പരിധിവരെ ഒഴിവാക്കാൻ പ്രൊഫഷണലുകളുടെ ഇടപെടലുകൾ നമ്മെ സഹായിക്കും. 

ഇന്ന് അങ്ങനെയുള്ള ഒരു പ്രൊഫഷണലിന്റെ അനിവാര്യതയും അങ്ങനെ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്:  ഇൻറീരിയർ ഡിസൈനർ

എന്താണ് ഇന്റീരിയർ ഡിസൈനിങ്ങ് ???

വെറുതെ കർട്ടനുകളും ലൈറ്റുകളും മറ്റും ഉപയോഗിച്ച് വീട് അലങ്കരിക്കുകയാണ് ഇന്റീരിയർ ഡിസൈനറുടെ ജോലിയെന്നു കരുതിയെങ്കില് തെറ്റി. 

ഡെക്കറേഷനല്ല ഇന്റീരിയര് ഡിസൈനിങ്ങിൽ പ്രധാനം. പ്ലാനിങ് ആണ്!! 

സ്ട്രക്ചർ വർക്ക് കഴിഞ്ഞ നിങ്ങളുടെ വീടിനുള്ളിലെ ഇടങ്ങൾ ഏറ്റവും ഉപയോഗപ്രദമായി, നിങ്ങളുടെ ആവശ്യങ്ങൾക്കും ആശയങ്ങൾക്കും അനുസരിച്ച് എങ്ങനെ ഒരുക്കി എടുക്കാം എന്നുള്ളതാണ് യഥാർത്ഥത്തിൽ ഇൻറീരിയർ ഡിസൈനിങ്.

വീടിന്റെ ചുമരിന്റെ നിറവും നിലത്ത് എന്തുതരം ഫ്ലോറിങ്ങ് മെറ്റീരിയല് പതിക്കണം എന്നുള്ളത്തിലെല്ലാം ഇന്റീരിയര് ഡിസൈനർക്ക് ഏറെ സഹായിക്കാനാകും. 

വീട്ടിലെ ലിവിങ്, ഡൈനിങ്, ചെറിയ സിറ്റിങ് ഏരിയകൾ തുടങ്ങിയ ഓരോന്നും എങ്ങനെ ഒരുക്കണം എന്നുള്ളതും അവിടെ ഇടേണ്ട വിവിധതരം ഫർണിച്ചറുകളും മറ്റു ഡെക്കോറുകളും തീരുമാനിക്കുന്നതിൽ ഒരു പ്രൊഫഷനലിന്റെ പ്രാഗൽഭ്യം ചില്ലറയല്ല.

കൊമേഴ്ഷ്യൽ ഡിസൈനിങ്, റെസിഡന്ഷ്യല് ഡിസൈനിങ്. ലാന്ഡ്സ്കേപ്പ് ഡിസൈനിങ്, ബെഡ്റൂം ഡിസൈനിങ് എന്നിങ്ങനെ ഇന്റീരിയര് ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് നിരവധി വിഭാഗങ്ങളുണ്ട്. 

ഇതൊക്കെ സ്വയം ചെയ്താല് പേരെ, എന്തിനാണ് ഒരു ഇന്റീരിയര് ഡിസൈനർ ???

നല്ലൊരു മാനേജ്മെന്റ് വിദഗ്ദ്ധൻ കൂടിയായ ഇന്റീരിയർ ഡിസൈനര്ക്ക് തീർച്ചയായും നിങ്ങളെക്കാൾ വളരെ നന്നായി ഈ ജോലി നിര്വ്വഹിക്കാനാകും. അതും നിങ്ങള് പ്രതീക്ഷിക്കുന്നതിനേക്കാള് കുറഞ്ഞ ചെലവില്. 

വിപണിയിലെ പുതിയ ട്രെന്റുകൾ,  ഗുണമേന്മയുള്ള ഉത്പന്നങ്ങള് ഇവയെക്കുറിച്ചെല്ലാം നല്ല ധാരണയുള്ള ആളായിരിക്കും ഒരു ഇന്റീരിയര് ഡിസൈനർ. 

വീടിനകത്തെ സ്പെയിസ് മാനേജ്മെന്റും വളരെ കൃത്യമായി ചെയ്യാന് ഇവർക്കാകും. പിന്നെ കസേരയും സോഫയും ഫ്ലോറിങ്ങും തിരഞ്ഞെടുക്കൽ മാത്രമല്ല, ഇന്നത്തെ കാലത്ത് വീടിൻറെ ഓരോ മുക്കിലും മൂലയിൽ വരാവുന്ന ലൈറ്റിംഗ്, പ്രൊഫൈൽ റൈറ്റിംഗ്, ചുവരുകൾക്ക് കൊടുക്കാവുന്ന ടെക്സ്ചറുകൾ അങ്ങനെ ഈ മേഖലയുടെ സാധ്യതകൾ അനന്തമായി നീണ്ടു പോകുന്നു. ഇവ എന്തൊക്കെ എന്നുപലും ഒരുപക്ഷേ നാം അറിയണമെന്നില്ല.

നിങ്ങളുടെ ആവശ്യങ്ങളും താല്പര്യങ്ങളും എന്താണെന്ന് മനസിലാക്കി നിര്മിച്ച കെട്ടിടത്തെ വീടാക്കിമാറ്റുകയാണ് ഒരു ഇന്റീരിയർ ഡിസൈനറുടെ പ്രധാന ജോലി. 

നമ്മൾ സാധനങ്ങള് സ്വയം തിരഞ്ഞെടുത്ത് ഇന്റീരിയർ ചെയ്യുമ്പോൾ ഒരുപക്ഷേ വീട് അവസാനം ഒരു ഫർണിച്ചർ കട ആയി മാറുന്നത് നാം പലയിടത്തും കാണാറുണ്ട്. ഒടുവിൽ ഫര്ണിച്ചർ തട്ടി നടക്കാന് പോലുമാകാത്ത അവസ്ഥവരും. ഈ അവസ്ഥ ഒഴിവാക്കാന് ഇന്റീരിയര് ഡിസൈനര് തന്നെയാണ് നല്ലത്.

Cacti on wooden shelves in empty interior with copy space on white wall

വീടിന്റെ ഇന്റീരിയര് എപ്പോള് മാറ്റണമെന്നു തോന്നിയാലും നിങ്ങള്ക്ക് ഒരു ഇന്റീരിയര് ഡിസൈനറെ സമീപിക്കാവുന്നതാണ്. 

ഉദാഹരണത്തിന് വീട് വെച്ച് കുറെ നാൾ കഴിയുമ്പോൾ ലിവിങ്ങ് റൂമിന്റെ പകുതി ഓഫീസ് റൂം ആക്കിമാറ്റണമെന്നു കരുതുക. ഇന്റീരിയര് ഡിസൈനര്ക്ക് നിങ്ങളെ സഹായിക്കാനാകും. 

ഇന്റീരിയര് ഡിസൈനറുടെ ജോലി ആ കെട്ടിടത്തെ നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് സന്തോഷത്തോടെ ജീവിക്കാന് കഴിയുന്ന വീടാക്കി അണിയിച്ചൊരുക്കുക എന്നതാണ്.

എപ്പോഴാണ് ഇന്റീരിയര് ഡിസൈനറെ സമീപിക്കേണ്ടത് ???

പലരും പലപ്പോഴും വീട് പൂര്ണമായി പണിതു കഴിഞ്ഞതിന് ശേഷമാണ് ഇന്റീരിയര് ഡിസൈനറെ സമീപിക്കുന്നത്. 

എന്നാല് വീടിന്റെ സ്ട്രക്ച്ചർ പൂർത്തിയാകുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനറെ സമീപിക്കണം. കാരണം ഈ ഘട്ടത്തിലാണ് വീടിന്റെ വയറിങ്ങ് ചെയ്യുന്നത്. ഇന്റീരിയറില് ലൈറ്റിങ്ങിന് വളരെ പ്രധാന്യമുണ്ട് അതിനാല് വീട് പണിതതിനുശേഷമാണ് ഇന്റീരിയര് ഡിസൈനറെ സമീപിക്കുന്നതെങ്കില് പലപ്പോഴും വീട് കുത്തിപ്പോളിച്ച് വീണ്ടും വയറിങ്ങ് നടത്തേണ്ടിവരും. ഇത് സാമ്പത്തിക നഷ്ടംമാത്രമല്ല സമയ നഷ്ടത്തിനും ഇടയാക്കും. ഇതൊഴിവാക്കാന് വയറിങ് നടത്തുന്നതിന് മുന്പ് ഇന്റീരിയര് ഡിസൈനറെ സമീപിക്കുക. ……

Round mirrors hanging on the wall reflecting interior design scene, minimalist white kitchen, modern architecture

എങ്ങനെ തിരഞ്ഞെടുക്കാം?

വീട് നിർമാണത്തിലെ മറ്റു ഘട്ടങ്ങളെ കാൾ ഈ കട്ടത്തിൽ പ്രൊഫഷണലിൻറെ യോഗ്യത സര്ട്ടിഫിക്കറ്റ് അല്ല നമുക്ക് വേണ്ടത്. പകരം അനുഭവ പരിജ്ഞാനവും ഭാവനയും കഴിവുമാണ്. അതിനാല് തന്നെ അവരുടെ മുൻ വർക്കുകൾ നോക്കുക എന്ന് തന്നെയായിരിക്കും ഡിസൈനറെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം. നിങ്ങൾ പറയുന്ന ആശയങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി അവർക്ക് മനസിലാകുന്നുണ്ടെന്നു ഉറപ്പുവരുത്തണം താനും.