വീടിന്റെ റൂഫിംഗ്: നാടൻ ഓടുകളെക്കാൾ നല്ലത് സെറാമിക്കും ഷിംഗിൾസുമാണോ?

വീടിനു റൂഫിങ് ചെയ്യാൻ ഇനി എന്തിനു നാടൻ ഓടുകളെ മാത്രം ആശ്രയിക്കുന്നു??

കേരളത്തിന്റെ തനത് ശൈലിയോട് എന്നും ചേർന്ന് നിന്നിട്ടുള്ളതാണ് നമ്മുടെ ചെരിഞ്ഞ മേൽക്കൂരകളും അതിലെ നാടൻ ഓടുകളും. കാലത്തിന്റെ മാറ്റം അനുസരിച്ച് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്ന തടിയുടെ തട്ടുകൾ മാറി കോൺക്രീറ്റ് വരികയും അതിൽ നൂതനമായ ഓടുകൾ ആവുകയും ചെയ്തിട്ടുണ്ട്.

ഇതു മാത്രമല്ല, കാലത്തിൻറെ മാറ്റവും  കാലാവസ്ഥയുടെ മാറ്റം എല്ലാം ഇന്ന് നമ്മെ പുതിയ ഡിസൈനുകളെ പറ്റിയും പുതിയ റൂഫിങ് മെറ്റീരിയലുകളെ പറ്റിയും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതിനായി ഉതകുന്ന അനവധി മെറ്റീരിയൽസ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ് താനും.

ദിനം തോറും കൂടി വരുന്ന ചൂടും, മാറി മാറി വരുന്ന മഴയുടെ ചക്രവും എല്ലാം ഇന്ന് നാം ഒരു വീട് നിർമ്മിക്കുമ്പോൾ കണക്കിലെടുക്കേണ്ടതാണ്.

ഇന്ന് മാർക്കറ്റിൽ ട്രെന്ഡായി വരുന്ന സെറാമിക് ഓടുകൾ അതുപോലെ ഷിംഗിൾസ് എന്നിവയ്ക്ക് നാടൻ ഓടുമായുള്ള വ്യത്യാസങ്ങളും അവയുടെ ഗുണങ്ങളും ദോഷങ്ങളും ആണ് ഇവിടെ ചർച്ച ചെയ്യുന്നത്: മൂന്നിനും അതിൻറ്റേതായ മേന്മകളും പോരായ്മകളുമുണ്ട്. 

1. നാടൻ ഓടുകൾ

നാടൻ മേച്ചിലോടുകൾ  ക്ലേ കൊണ്ടാണ് നിർമ്മിക്കുന്നത് .  കേരളത്തിൽ തൃശൂരിലാണ് ഇതിൻറെ ഏറ്റവും കൂടുതൽ നിർമ്മാണം നടക്കുന്നത്. 

മംഗലാപുരത്തുനിന്നും നമുക്ക് ക്ലേ  ഓടുകൾ കിട്ടുന്നുണ്ട്. ക്ലേ ഓടുകൾക്ക് ഒരു ചെങ്കല്ലിന്റെ നിറമാകുന്നതിന്റെ കാരണം അത്  ചെളി കൊണ്ട് നിർമ്മിക്കുന്നു എന്നത് തന്നെയാണ്. ഒരു ഓടിനു ഏകദേശം രണ്ടര തൊട്ട്  രണ്ടേമുക്കാൽ കിലോ വെയിറ്റ് വരും. ഇത് മഴയത്ത് വെള്ളം ആഗിരണം ചെയ്യുന്ന ഒരു വസ്തു ആണ്. 

ഏറ്റവും ചെറിയ സൈസ് മുതൽ മുക്കാൽ സ്ക്വയർഫീറ്റ് വരെ ഇത് അവൈലബിളും ആണ്. 

1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ  മേൽ വിരിക്കുമ്പോൾ രണ്ടര ടണ്ണിൽ കൂടുതൽ വെയിറ്റ് ഓടിന് മാത്രം വരും. 

പൂപ്പൽ പിടിക്കും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പോരായ്മ.

അതുപോലെ തന്നെ ക്ലേ ആയതുകൊണ്ടു പൊട്ടാനുള്ള സാധ്യതയും കൂടുതലുണ്ട്. ചൂട് 

എന്നാൽ കെട്ടിടത്തിന്റെ ചൂട് കുറയ്ക്കാൻ പറ്റും എന്നുള്ളത് തന്നെയാണ് ഇതിൻറെ മേന്മ എന്നത്.

മാർക്കറ്റിൽ വേഗത്തിൽ അവൈലബിൾ ആയതുകൊണ്ട് തന്നെ പൊട്ടി കഴിഞ്ഞാലും നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റിവയ്ക്കാം എന്ന ഒരു ഗുണവുമുണ്ട്. 

മംഗലാപുരം   ഓടുകൾക്ക് ഇന്ന് വിപണിയിൽ ₹18 മുതൽ ആണ് വില. 

കേരളത്തിൽ ഉണ്ടാക്കുന്ന ഓടുകൾക്ക് ₹ 35 നു മുകളിലേക്കും.

2. സെറാമിക് ഓടുകൾ (Ceramic)

സെറാമിക് ഓടുകൾ എന്നാൽ അത് ഒരുപാട്  കളർ കോമ്പിനേഷനിൽ നമുക്ക് ലഭിക്കുന്നു എന്നത് തന്നെയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത. 

ഇത് പുറത്ത് നിന്ന് ഇംപോർട്ട് ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണ്. ചൈനീസ് റെഡ് ക്ലേ അല്ലെങ്കിൽ ചൈനീസ് വൈറ്റ് ക്ലേ, ഇവ സെറാമികുമായി ചേർന്ന ഒരു മിക്സ് ആണ് ഈ പ്രോഡക്റ്റ്. 

ചൂടുകൊണ്ട് പൊട്ടുന്ന ഒരു വസ്തു അല്ല ഇത്. എന്നാൽ ഭാരമുള്ള വസ്തുക്കൾ ഇതിനു പുറത്തു വീണാൽ പൊട്ടുകയും ചെയ്യും. നാടൻ ഓട് പോലെ തന്നെ ചൂടിനെ നന്നായിട്ട് ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്റ്റ് തന്നെയാണിത്. 

പൂപ്പൽ വരാനുള്ള സാധ്യത നാടൻ ഓടുകളെക്കാൾ കുറവാണെങ്കിലും ഇതിനും അത് വരാം. 

1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ മേൽ ഇത് വിരിച്ചു കഴിഞ്ഞാൽ ഏകദേശം രണ്ടുമുതൽ രണ്ടര ടണ്ണോളം വെയിറ്റ് വരും. ഒരു സ്ക്വയർ ഫീറ്റ് ടൈൽ ആയിട്ടാണ് ഇത് കിട്ടുന്നത്. 

ഒരു ടൈലിന് ഏകദേശം 2.2 മുതൽ 2.5 കിലോ വരെ വെയ്റ്റ് വരാം.  

ഇതിന് മാർക്കറ്റിൽ ₹ 50 നു മുകളിലേക്കാണ് വില. ഇതിൽ തന്നെ ബ്രാൻഡഡ് ആണെങ്കിൽ ₹65 നു മുകളിലേക്ക് പോകും.  

നമ്മൾ ഇട്ട ഡിസൈൻ ഓട് പൊട്ടി പോയി കഴിഞ്ഞാൽ പിന്നീട് അതേ ഡിസൈനുള്ള ഓട് കിട്ടുക എന്നുള്ളതും കുറച്ചു പ്രയാസമുള്ള കാര്യമാണ്.

3. ഷിംഗിൾസ് (Shingles)

ഷിംഗിൾസും സെറാമിക് പോലെ ഒരു ഇംപോർട്ട് പ്രോഡക്റ്റ് ആണ്.

ഒരുതരം ടാർ മിശ്രിതം കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ചൂടു നന്നായിട്ട് ആഗിരണം ചെയ്യുന്ന ഒരു പ്രോഡക്റ്റ് ആണിത്. 

ഇതിൻറെ പ്രധാന ഗുണം എന്തെന്നാൽ,  ഇതിനു വളരെ വെയിറ്റ് കുറവാണ് എന്നുള്ളതാണ്. 

ഒരു സ്ക്വയർഫീറ്റ് ഉള്ള ഷിംഗിൾസ്സിന്  ഏകദേശം 500 ഗ്രാം മാത്രമാണ് ഭാരം വരുക. അതായത് ഏകദേശം 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിനു മേലിൽ ആകെ 500 കിലോഗ്രാം മാത്രമേ ഭാരം വരുകയുള്ളൂ. 

ഇത് ടാർ മിശ്രിതം ആയതുകൊണ്ട് തന്നെ ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടികളിലും മറ്റും പിന്നീട് പായൽ പിടിക്കുകയും കളർ ഫെയ്ഡ് ആവുകയും  പൂപ്പൽ പിടിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. 

മാത്രമല്ല ഒരു എക്സ്പെർട്ട് ലേബർ ചെയ്താൽ മാത്രമേ ഇത് ഭംഗിയായി  വിരിക്കുവാൻ കഴിയുകയുള്ളൂ. 

ഇതിന് ഏകദേശം സ്ക്വയർഫീറ്റിന് 90 രൂപ മുതൽ വില വരും. ബ്രാൻഡഡ് ഷിംഗിള്സ് ആണെങ്കിൽ ₹115 മുതലും.