മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍.

മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍.വീടിന്റെ മുറ്റം ഭംഗിയാക്കാനായി നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ലാൻഡ് സ്കേപ്പിംഗ് ചെയ്തും ഇന്റർലോക്ക് കട്ടകൾ പാകിയും നാച്ചുറൽ സ്റ്റോൺ ഉപയോഗപ്പെടുത്തിയും മുറ്റം കൂടുതൽ ഭംഗിയാക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പഴയ കാലത്ത് വീടിന്റെ മുറ്റം ചെത്തി തേച്ചും, ചാണകം മെഴുകയും ഭംഗിയാക്കുന്ന രീതികളാണ് ഉണ്ടായിരുന്നത്.

എന്നാൽ പിന്നീട് അത് കരിങ്കല്ല് ഉപയോഗിച്ച് നിരപ്പാക്കുന്ന രീതിയിലേക്കും, തുടർന്ന് വ്യത്യസ്ത നിറത്തിലും ആകൃതിയിലും ഉള്ള ഇന്റർലോക്ക് കട്ടകളിലേക്കും എത്തി.

ഇപ്പോൾ പ്രധാനമായും നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഉപയോഗപ്പെടുത്തി മുറ്റം ഭംഗിയാക്കുന്നതോടൊപ്പം കുറച്ച് ബേബി മെറ്റൽ കൂടി ഇട്ട് നൽകുന്ന രീതിയാണ് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്നത്.

ഇന്റർലോക്ക് കട്ടകളാണോ ബേബി മെറ്റൽ ആണോ ബഡ്ജറ്റിന് അനുസൃതമായി മുറ്റത്തിന് യോജിക്കുക എന്ന കാര്യം വിശദമായി മനസ്സിലാക്കാം.

മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍, കൂടുതൽ കാര്യങ്ങൾ.

ഇന്റർലോക്ക് കട്ടകൾ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുമെങ്കിലും അവ പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ കണക്കാക്കുന്നില്ല.

അതുകൊണ്ടു തന്നെ വലിയ ദോഷങ്ങളും അവ കൊണ്ട് വരുന്നു. കൂടുതലായി ചൂട് തട്ടുന്ന ഭാഗങ്ങളിൽ ഇത്തരം കട്ടകൾ ഉപയോഗപ്പെടുത്തുമ്പോൾ വീടിനകത്തേക്ക് കൂടുതൽ ചൂട് അനുഭവപ്പെടുന്നതിന് കാരണമാകുന്നു.

മറ്റൊരു പ്രധാന പ്രശ്നം മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുമ്പോൾ മുറ്റത്തൊട് ചേർന്ന് മരങ്ങൾ ഉണ്ടെങ്കിൽ അവയിൽ നിന്നും ഇലകളും വെള്ളവും വീണ് വഴുക്കൾ ഉണ്ടാകുന്ന അവസ്ഥയാണ്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഇന്റർലോക്ക് കട്ടകളെ പ്രകൃതിക്ക് യോജിച്ചവയായി കണക്കാക്കുന്നില്ല.

ഇന്റർലോക്ക് കട്ടകൾ പാകിയ വീടുകളിൽ മണ്ണിട്ട മുറ്റം പൂർണ്ണമായും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്.

പൂർണ്ണമായും മണ്ണിലെ സമ്പർക്കം ഇല്ലാതാകുന്നതിലൂടെ അത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമാകും.

വെള്ളം ഇറങ്ങിപ്പോകാനുള്ള ഗ്യാപ്പ് ഇന്റർലോക്ക് കട്ടകളിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഭൂഗർഭ അറകളിലേക്ക് വെള്ളം ഒഴുകുന്നത് ഇല്ലാതാവുകയും ഇത് ജലലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.

അതേസമയം കൃത്യമായ അളവിൽ കട്ടകൾക്ക് ഇടയിൽ മിനി മെറ്റൽ നൽകുകയാണെങ്കിൽ വെള്ളം ആവശ്യത്തിന് ഇറങ്ങി പൊയ്ക്കോളും.

ഇന്റർലോക്ക് കട്ടയുടെ മറ്റൊരു പ്രധാന ഉപയോഗം മുറ്റത്ത് മണ്ണും വെള്ളവും കെട്ടി നിൽക്കാത്തതു കൊണ്ട് വീട്ടിനകത്തേക്ക് ചളി ആകുന്നത് കുറയ്ക്കാം എന്നതാണ്.

നാച്ചുറൽ സ്റ്റോൺ, ബേബി മെറ്റൽ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ

മുറ്റത്ത് പാകാവുന്ന വ്യത്യസ്ത രീതിയിലുള്ള സ്റ്റോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വില കൂടിയ കടപ്പ,ബാംഗ്ലൂർ സ്റ്റോൺ എന്നിവയോടൊപ്പം കൊറിയൻ ബർമുഡ മെക്സിക്കൽ ബഫല്ലോ പോലുള്ള പുല്ലുകൾ കൂടി വളർത്തുന്നതാണ് ഏറ്റവും പുതിയ രീതി.

ഇവയിൽ തന്നെ നാച്ചുറൽ ഗ്രാസ് ഇനത്തിൽ ഉൾപ്പെടുന്ന കറുക പോലുള്ള പുല്ലുകളും വളർത്തിയെടുക്കാം. കല്ലിനോടൊപ്പം ചുവന്ന മണ്ണ് ഉണ്ടെങ്കിൽ മാത്രമാണ് പുല്ല് നല്ല രീതിയിൽ വളരുകയുള്ളൂ.

മാത്രമല്ല അത്യാവശ്യം നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നോക്കി വേണം പുല്ല് വളർത്തിയെടുക്കാൻ. പൂർണ്ണമായും പ്രകൃതിക്ക് യോജിക്കുന്ന രീതിയിൽ മുറ്റം പാകിയെടുക്കാൻ കരിങ്കല്ല് അല്ലെങ്കിൽ വെട്ടുകല്ല് ഉപയോഗിക്കാവുന്നതാണ്.

മുറ്റത്ത് പാകാവുന്ന ലാറ്ററേറ്റ് ബ്രിക്കുകൾ കാഴ്ചയിൽ ഭംഗിയും അതേസമയം പ്രകൃതിക്ക് യോജിക്കുന്ന രീതിയിലും ഉപയോഗപ്പെടുത്താം. കല്ലുകൾ ഒന്നും ഉപയോഗപ്പെടുത്താതെ ബേബി മെറ്റൽ ഉപയോഗിച്ചും മുറ്റം ഭംഗിയാക്കാവുന്നതാണ്.

എന്നാൽ മറ്റു മെറ്റീരിയലുകൾ ഉപയോഗിക്കാതെ ബേബി മെറ്റൽ മാത്രം പാകി നൽകുമ്പോൾ ഇവയിൽ നിന്നുണ്ടാകുന്ന ചെറിയ പൊടിപടലങ്ങൾ അലർജി പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു.

മാത്രമല്ല കുട്ടികളുള്ള വീടുകളിൽ കല്ല് കാലിൽ കുത്താനും എടുത്ത് എറിയാനുമുള്ള സാധ്യത കൂടുതലാണ്. മുറ്റം ഭംഗിയാക്കാനായി ഏത് മെറ്റീരിയൽ തിരഞ്ഞെടുത്താലും അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്ന കാര്യം മറക്കേണ്ട.

മുറ്റം ഭംഗിയാക്കാനായി മെറ്റീരിയൽ തിരഞ്ഞെടുക്കാന്‍ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.