വീട് വൃത്തിയാക്കൽ പോലെ തലവേദന ഉണ്ടാക്കുന്ന ഒരു പ്രവർത്തി വേറെ കാണുകയില്ല. വീട്ടിനുള്ളിൽ ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന അഴുക്കും പൊടിപടലങ്ങളും വീട്ടമ്മമാർക്ക് എന്നും തലവേദന തന്നെയാണ്. ഈ പ്രശ്നത്തിനുള്ള ഒരു ഉത്തരമാണ് വാക്വം ക്ലീനർ.
1901–ൽ കണ്ടുപിടിച്ച ഈ ഉപകരണം ഇന്ന് മിക്ക വീടുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായിരിക്കുന്നു.
പ്രവർത്തനം മനസ്സിലാക്കാം.
എയർപമ്പ് ഉപയോഗിച്ച് ഈ ഉപകരണത്തിന് ഉള്ളിൽ വായു ഇല്ലാത്ത അവസ്ഥ (Vacuum) ഉണ്ടാക്കുകയും അതിലേക്ക് അഴുക്കും പൊടികളും വലിച്ചെടുക്കുകയും അങ്ങനെ തറകളും മറ്റു പ്രതലങ്ങളും വൃത്തിയാക്കുകയുമാണ് വാക്വം ക്ലീനറിന്റെ പ്രവർത്തനം.
ഇങ്ങനെ ശേഖരിക്കുന്ന അഴുക്ക് മുഴുവനും ഒരു സഞ്ചിക്കുള്ളിൽ നിറയുകയും പിന്നീട് അതു വേണ്ടവിധം നിർമാർജനം ചെയ്യുകയും ആവാം.
ബാറ്ററികൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കൈയിൽ പിടിച്ച് ഉപയോഗിക്കുന്ന ചെറിയ മോഡൽ മുതൽ ചക്രങ്ങളിൽ ഉരുട്ടിക്കൊണ്ടു നടക്കാവുന്ന ഗൃഹോപകരണ മോഡലും വ്യവസായമേഖലകളിലെ കുറ്റൻ മോഡലുകളും ഇന്നുണ്ട്.
ഏറ്റവും നൂതനമായ സ്വയം പ്രവര്‍ത്തിക്കുന്ന കോർഡ് ലെസ് റോബോട്ടിക് വാക്വംക്ലീനറും ഉപയോഗത്തിലുണ്ട്.
ചവിട്ടികളും പരവതാനികളും വൃത്തിയാക്കാന്‍ സഹായിക്കുന്ന ഫ്ലോർ കം കാർപറ്റ് ബ്രഷ്, കസേരകളുടെയും മറ്റും മൂലകൾ വൃത്തിയാക്കുന്ന കോർണർ ക്ലീനർ, 360 ഡിഗ്രി വട്ടം തിരിയാൻ സാധിക്കുന്ന മൾട്ടി പർപ്പസ് ബ്രഷ്, തറയിൽ വീണ ദ്രാവകം വലിച്ചെടുക്കാൻ സഹായിക്കുന്ന വെറ്റ് സ്ക്വീസീ തുടങ്ങിയ അനുബന്ധസാമഗ്രികളും ഉപകരണത്തിന്റെ കൂടെ ലഭിക്കും.”
വെടിപ്പായി വൃത്തിയാക്കുന്നു
ചൂലുകൊണ്ടു തൂത്തുവാരുമ്പോൾ ജോലിയിലേര്പ്പെട്ടിരിക്കുന്നവര്ക്കും പരിസരത്ത് നിൽക്കുന്നവർക്കും പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടതായി വരും.
ഈ പൊടിപടലങ്ങൾ ധാരാളം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാൽ വാക്വംക്ലീനർ ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുള്ള ഫിൽട്ടറുകൾ അതിനുള്ളിലേക്ക് വലിച്ചെടുക്കുന്ന പൊടിപടലങ്ങൾ സഞ്ചിക്കുള്ളിൽ തന്നെ തടഞ്ഞുനിർത്തി വായു ശുദ്ധീകരിക്കും.
വീട്ടിനുള്ളിലെ തറയിലും പ്രതലങ്ങളിലും പറ്റിയിരിക്കുന്ന പൊടികൾ, പൊഴിഞ്ഞുവീഴുന്ന മുടിയിഴകൾ, വളർത്തുമൃഗങ്ങളുടെ രോമം, പല്ലി, പാറ്റ, എലി മുതലായവയുടെ അവശിഷ്ടങ്ങൾ, ചിലന്തിവല, ചെറുപ്രാണികൾ എന്നിവയെ കൂടാതെ പൊടിയിൽ വസിക്കുന്ന സൂക്ഷ്മജീവികളായ ഡസ്റ്റ് മൈറ്റ് എന്നിവയൊക്കെ വാക്വംക്ലീനർ കൊണ്ടു നീക്കം ചെയ്യാൻ സാധിക്കും.
മെഷീൻ സ്വയമേ ഈ ജോലി ചെയ്യുന്നതുകൊണ്ട് മനുഷ്യരുടെ അധ്വാനം വളരെ കുറച്ചേ വേണ്ടൂ.
നനഞ്ഞ വസ്തുക്കളും എളുപ്പം വൃത്തിയാക്കാം
ആദ്യകാലങ്ങളിൽ വാക്വംക്ലീനർ വരണ്ട പ്രതലത്തിൽ മാത്രമെ ഉപയോഗപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് നനവുള്ള പ്രതലങ്ങളിലും വരണ്ട തറകളിലും ഒരുപോലെ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകൾ ലഭ്യമാണ്.
ചവിട്ടികളും കാർപെറ്റുകളും ഷാംപൂ ഉപയോഗിച്ചു കഴുകി ഈ ഉപകരണം കൊണ്ട് അഴുക്കുവെള്ളം വലിച്ചെടുത്ത് ഉണക്കുകയുമാവാം.
ചില മോഡലുകളിൽ ആവികൊണ്ടു പ്രതലങ്ങൾ അണുവിമുക്തമാക്കുന്ന സംവിധാനവും ഉണ്ട്.
നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ എച്ച്ഇപിഎ (HEPA – High Particulate Arrestance) ഫിൽറ്റർ അടങ്ങിയ മോഡലുകളും ഉണ്ട്.
ഇത് അന്തരീക്ഷ വായുവിൽ നിന്നു പരാഗരേണുക്കൾ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും അലർജിക്കും കാരണമായ പൊടികൂടി വലിച്ചുകളയാൻ കഴിയുന്നവയാണ്.
വീട്ടിനുള്ളിലെ വായു ഇത്തരം അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നും നിന്നും മുക്തമാക്കി വയ്ക്കാം. അലർജി മൂലമുള്ള ആസ്മ, മൂക്കിന്റെ അലർജി (Allergic Rhinitis) എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന രോഗികൾക്ക് താമസസ്ഥലവും ജോലിസ്ഥലവും ഏറ്റവും വൃത്തിയില്‍ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
കണ്ണുകൊണ്ടു കാണാൻ പറ്റാത്ത പൊടിപടലങ്ങളും സൂക്ഷ്മജീവികളും അലര്‍ജിക്കു കാരണമാണെന്നത് ശക്തിയേറിയ വാക്വംക്ലീനറിന്റെ പ്രസക്തി വർധിപ്പിക്കുന്നു.
ഏറെ ബുദ്ധിമുട്ടുള്ള ജോലികളാണ് ഈ ഉപകരണം എളുപ്പമാക്കുന്നത്. വിരുന്നുകാർ വരുമ്പോൾ വീട് വൃത്തിയായും വെടിപ്പായും വയ്ക്കുന്നത് അവര്‍ക്കും ഹൃദ്യമായി തോന്നും.”
വാക്വം ക്ലീനർ കൈകാര്യം ചെയ്യാം
- പൊടികൾ നിറയുന്ന സഞ്ചി നിറഞ്ഞു കഴിഞ്ഞാൽ ഉപകരണത്തിലെ ഫിൽട്ടറുകൾ തടസ്സപ്പെടും. അങ്ങനെ സക്ഷൻ ഫോഴ്സ് വളരെ കുറയും, പൊടിവലിച്ചെടുക്കാതാകും.
- നിറയുന്നതിനു മുമ്പു തന്നെ സഞ്ചിയിലെ പൊടി വേണ്ടവിധം നിർമാർജനം ചെയ്തു സഞ്ചി വൃത്തിയാക്കി തിരികെ വയ്ക്കണം.
- ഉപകരണത്തിന്റെ ഏതെങ്കിലും ഘടകങ്ങൾ പ്രവർത്തനരഹിതമാണെങ്കിൽ, അതുമല്ലെങ്കിൽ ഏതെങ്കിലും ഭാഗങ്ങള്‍ പൊട്ടിപ്പോവുകയോ കാണാതാവുകയോ ചെയ്താൽ, അതു പ്രവർത്തിപ്പിക്കരുത്.
- ഉപയോഗത്തിലില്ലെങ്കിൽ പ്ലഗ്ഗിൽ നിന്ന് ഊരി മാറ്റണം.
- ഉപകരണം വൃത്തിയാക്കുമ്പോളും പ്ലഗ്ഗിൽ നിന്നു വിച്ഛേദിക്കണം.
- ഉപകരണം കൂടുതല്‍ ചൂടായാൽ വൈദ്യുതി തന്നെ സ്വിച്ചോഫാകുന്ന സംവിധാനം ഉണ്ടാവും. എങ്കിലും പ്ലഗ്ഗിൽ നിന്ന് ഊരി മാറ്റി തണുക്കാനായി ഏറെ നേരം കാത്തുനിൽക്കണം. എന്നിട്ടുവേണം ഫിൽട്ടറുകളും മറ്റു തടസ്സങ്ങളും പരിശോധിക്കാൻ.
വാക്വം ക്ലീനർ ശ്രദ്ധിക്കാം
ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനിടയിൽ അഴിച്ചിട്ട തലമുടി, അയഞ്ഞുകിടക്കുന്ന വസ്ത്രധാരണം. വിരലുകൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവ ഉപകരണത്തിന്റെ ദ്വാരങ്ങൾക്കടുത്തോ ചലിച്ചുകൊണ്ടിരിക്കുന്ന ഹോസിനടുത്തോ ബ്രഷ്ബാറിനടുത്തോ വയ്ക്കരുത്.
ഏതെങ്കിലും ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നെങ്കിൽ ഉപകരണം പ്രവർത്തിപ്പിക്കരുത്. വായൂ സഞ്ചാരം തടസ്സപ്പെടുന്നത് മെഷീന്റെ ക്ഷമത കുറയ്ക്കും.
കൈയിൽ പിടിക്കുന്ന ചെറിയ മോഡലല്ലെങ്കിൽ തറയിൽ തന്നെ വച്ച് ഉപയോഗിക്കുന്നതാണു നല്ലത്. മേശയുടെയോ കസേരയുടെയോ മുകളിൽ വയ്ക്കരുത്.
കത്തിപിടിക്കാവുന്നതോ പൊട്ടിത്തെറിക്കാവുന്നതോ ആയ വസ്തുക്കൾ വാക്വംക്ലീനർ കൊണ്ടു വലിച്ചെടുക്കാനും ശ്രമിക്കരുത്. സിഗററ്റ് കുറ്റികളിലോ തീപ്പെട്ടിക്കൊള്ളികളിലോ ചാരം പുകഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും വലിച്ചെടുക്കരുത്.
ഓപ്പറേറ്റിങ് മാന്വൽ വായിച്ച് അതിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക