വീട് നിർമ്മാണവും മുന്നൊരുക്കങ്ങളും.വളരെയധികം പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട ഒരു കാര്യമാണ് വീട് നിർമ്മാണം.

പെട്ടെന്ന് തീരുമാനിച്ച് വീട് പണിയിലേക്ക് പോകുമ്പോൾ അതിനാവശ്യമായ ബഡ്ജറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പിന്നീട് ലോണും മറ്റുമെടുത്ത് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാനുള്ള സാധ്യത ഇത്തരം സന്ദർഭങ്ങളിൽ കൂടുതലാണ്.

വിദേശത്തും മറ്റും ജോലി ചെയ്യുന്നവർ നാട്ടിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയായിരിക്കും വീട് നിർമ്മാണം നടത്തുന്നത്.

അതു കൊണ്ട് തന്നെ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തിൽ എല്ലാ കാര്യങ്ങളും ശരിയായി നടക്കണമെന്നില്ല. വീട് നിർമ്മാണം തുടങ്ങുന്നതിന് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട് നിർമ്മാണവും മുന്നൊരുക്കങ്ങളും ഇവയെല്ലാമാണ്.

വീട് നിർമ്മിക്കാനായി തീരുമാനിക്കുമ്പോൾ ആദ്യം നിലവിലുള്ള വീട് റിനോവേറ്റ് ചെയ്യണോ അതോ പുതിയതായി നിർമ്മിക്കണോ എന്ന കാര്യമാണ് ചിന്തിക്കേണ്ടത്.

പഴയ വീട് റിനോവേറ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ അതിന് അനുസരിച്ചാണ് പ്ലാൻ തയ്യാറാക്കേണ്ടത്. അതല്ലെങ്കിൽ വീട് നിർമ്മിക്കാൻ ആവശ്യമായ പ്ലോട്ട് കണ്ടെത്തേണ്ടതുണ്ട്.

പ്ലോട്ട് വാങ്ങി വീട് നിർമ്മിക്കുന്നതിന് ആവശ്യമായ തുക കൈയിൽ മുൻകൂട്ടി കരുതേണ്ട വരും. തുടർന്ന് ഒരു നല്ല ആർക്കിടെക്റ്റിനെ കണ്ടെത്തി തങ്ങളുടെ പ്ലാൻ കൃത്യമായി അറിയിക്കുക.

വീട് നിർമ്മാണം ലേബർ കോൺട്രാക്ട് രീതിയിലാണോ അതോ ഫുൾ കോൺട്രാക്ട് രീതിയിലാണോ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം ആദ്യ കാഴ്ചയിൽ തന്നെ അറിയിക്കാവുന്നതാണ്.

തങ്ങളുടെ ബഡ്ജറ്റ്, വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മാതൃക, പ്ലോട്ടിന്റെ ഘടന എന്നിവയെ പറ്റിയയെല്ലാം വിശദമായി പറയാവുന്നതാണ്. നിർമ്മാണ പ്രവർത്തികൾക്കായി ചിലവഴിക്കേണ്ടി വരുന്ന തുക എത്രയാണ് എന്നതും, മെറ്റീരിയൽ ക്വാളിറ്റിയുടെ കാര്യവുമെല്ലാം ഇവിടെ വിശദമാക്കാവുന്നതാണ്.

തുടർന്ന് ആർക്കിടെക്ട് പ്ലോട്ട് സന്ദർശിച്ച് അതിന് അനുയോജ്യമായ രീതിയിൽ ഒരു പ്ലാൻ തയ്യാറാക്കി നൽകുകയും അതിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടു വരികയും ചെയ്യാം. കൈവശമുള്ള പണത്തിന് ബാക്കി മാത്രം ഏതെങ്കിലും ഒരു ബാങ്കിലെ ഹോം ലോൺ കണ്ടെത്തി അത് ഉപയോഗപ്പെടുത്താവുന്നതാണ്.

വീട് പണി തുടങ്ങി കഴിഞ്ഞാൽ.

വീടുപണി തുടങ്ങി കഴിഞ്ഞാൽ അസ്ഥിവാരം കീറൽ,കിണർ കുഴിക്കൽ ലിന്റിൽ വാർപ്പ്, മെയിൻ വാർപ്പ്, ഭിത്തി കെട്ടൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾ തുടരെത്തുടരെ വരും. വാർപ്പിന് ആവശ്യമായ സിമന്റ് ആദ്യം തന്നെ ബുക്ക് ചെയ്യാനായി ശ്രദ്ധിക്കണം.

സിമന്റ് തിരഞ്ഞെടുക്കുമ്പോൾ 53 ഗ്രേഡ് ഉള്ള ഓർഡിനറി പോർട്ട് ലാൻഡ് സിമന്റ് നോക്കി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. വീടുപണിക്ക് ആവശ്യമായ സിമന്റ് OPC കാറ്റഗറിയിൽ നിന്ന് തന്നെ വേണമെന്ന് കോൺട്രാക്ടിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കണം.

വാർപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ മെറ്റൽ,മണൽ എന്നിവയും മുൻകൂട്ടി എത്തിച്ചിട്ടുണ്ടാകണം. ഇവയിൽ ഏതെങ്കിലും രീതിയിൽ തടസ്സമുണ്ടാവുകയാണെങ്കിൽ അത് വാർപ്പിനെ മുഴുവനായും ബാധിക്കും.

വാർപ്പ് നടത്തുന്നതിന്റെ തലേ ദിവസമെങ്കിലും കമ്പി കെട്ടി നൽകേണ്ട ജോലികളെല്ലാം പൂർത്തീകരിക്കാനായി കോൺട്രാക്ടറോട് ആവശ്യപ്പെടാവുന്നതാണ്.

ഇതിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങൾ വരുത്തണമെങ്കിൽ ഒരു ദിവസമെങ്കിലും ഗ്യാപ്പ് ഉണ്ടായിരിക്കേണ്ടതാണ്. കോൺക്രീറ്റിംഗ് വർക്കുകൾ ആരംഭിക്കുന്നതിന് മുൻപായി തന്നെ ഇലക്ട്രിക്കൽ പോയിന്റ് ഇടേണ്ട ആവശ്യം വരുന്നില്ല. കോൺക്രീറ്റിനുള്ള വെള്ളത്തിന്റെ ലഭ്യത, വൈദ്യുതി എന്നിവയെല്ലാം ഉറപ്പ് വരുത്തേണ്ടതുണ്ട്.

കോൺക്രീറ്റിംഗ് വർക്കുകൾക്ക് കോൺക്രീറ്റ് മിക്സർ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടി വരും. കമ്പി കെട്ടുന്നതിന് മുൻപായി ബിറ്റുമിൻ പേപ്പർ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഭിത്തിയിലെ ചെറിയ രീതിയിലുള്ള പൊട്ടലുകൾ ഒഴിവാക്കാനായി സാധിക്കുന്നതാണ്.

വീട് പണി നടക്കുന്നത് മഴക്കാലത്താണ് എങ്കിൽ കോൺക്രീറ്റിന് സംരക്ഷണം നൽകുന്നതിനായി ഒരു ടാർപോളിൻ വാങ്ങി സൂക്ഷിക്കാവുന്നതാണ്.

കോൺക്രീറ്റ് ചെയ്ത സ്ലാബ് ഉറക്കുന്നത് വരെ അതിനു മുകളിലൂടെ സഞ്ചാരം വേണ്ട. കോൺട്രാക്ടർ പണിക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധിക്കണം.

മെയിൻ വാർപ്പ് കഴിഞ്ഞ് എല്ലാ കാര്യങ്ങളും സെറ്റായി കഴിഞ്ഞാൽ പ്ലാസ്റ്ററിംഗ് വർക്കുകൾ, പെയിന്റിംഗ്,ഇലക്ട്രിക്കൽ വർക്കുകൾ എന്നിവയെല്ലാം ചെയ്ത് തുടങ്ങാവുന്നതാണ്.

തുടർന്ന് ഇന്റീരിയർ വർക്ക് പെയിന്റിംഗ് എന്നിവ കൂടി ചെയ്തു ആവശ്യമുള്ള ഫർണിച്ചറുകൾ വീട്ടുപകരണങ്ങൾ എന്നിവയെല്ലാം വാങ്ങി നല്ലൊരു ദിവസം നോക്കി പുതിയ വീട്ടിലേക്ക് താമസം മാറാം.

വീട് നിർമ്മാണവും മുന്നൊരുക്കങ്ങളും, കൃത്യമായ പ്ലാനിങ്ങോടു കൂടി മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്.