വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും.

വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും.വീടിനോട് ചേർന്ന് ഒരു കിണർ എന്നത് നമ്മുടെ നാട്ടിൽ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്.

വീടുപണി തുടങ്ങുന്നതിന് മുൻപ് തന്നെ പ്ലോട്ടിൽ കിണർ കുഴിച്ചു നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

ഇങ്ങിനെ ചെയ്യുന്നത് വഴി വീട് നിർമ്മാണത്തിന് ആവശ്യമായ വെള്ളം മറ്റൊരിടത്തു നിന്ന് കൊണ്ടു വരേണ്ട ആവശ്യകതയോ, അതിനായി പ്രത്യേക പണം ചിലവഴിക്കേണ്ട ആവശ്യമോ വരുന്നില്ല.

എന്നാൽ കെട്ടിട നിർമ്മാണ നിയമവുമായി ബന്ധപ്പെട്ട് വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്.

സാധാരണ കിണറുകൾക്കും കുഴൽ കിണറുകൾക്കും ബാധകമായ ഈ ഒരു നിയമം 2019 ൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ നിയമവുമായി ബന്ധപ്പെട്ടാണ് പുറത്തിറക്കിയത്.

എന്തെല്ലാമാണ് കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട കെട്ടിട നിയമങ്ങൾ എന്ന് അറിഞ്ഞിരിക്കാം.

വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും ഇവയെല്ലാമാണ്.

കെട്ടിട നിർമ്മാണ നിയമ ഭേദഗതി അനുസരിച്ച് വീടിനോട് ചേർന്ന് സാധാരണ കിണർ അല്ലെങ്കിൽ ബോർവെൽ കുഴിക്കുന്നതിന് മുൻപായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന അനുമതി സെക്രട്ടറിയിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഇത്തരത്തിലുള്ള ഒരു നിയമം മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പഞ്ചായത്ത് പരിധികൾക്കെല്ലാം ബാധകമാണ്.

പലരും തെറ്റിദ്ധരിച്ചിരുന്ന കാര്യം കുഴൽക്കിണർ കുഴിക്കുമ്പോൾ മാത്രമാണ് പ്രത്യേക അനുമതി വാങ്ങേണ്ടത് എന്നായിരുന്നു.

എന്നാൽ പുതുക്കിയ കെട്ടിട നിർമ്മാണ ഭേദഗതി നിയമത്തിൽ പുരയിടത്തോട് ചേർന്ന് സാധാരണ രീതിയിൽ കിണർ കുഴിക്കുന്നതിനും അനുമതി ആവശ്യമാണ് എന്ന കാര്യം ഉറപ്പു വരുത്തിയിരിക്കുന്നു.

അതായത് നിലവിലെ സാഹചര്യത്തിൽ കെട്ടിട നിർമ്മാണം തുടങ്ങുന്നതിന് മുൻപായി അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതുണ്ട്.

അവയെല്ലാം പരിശോധിച്ചു കെട്ടിട നിർമ്മാണ നിയമങ്ങൾക്ക് യാതൊരു രീതിയിലും കോട്ടം വരുത്തില്ല എന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമാണ് നിർമ്മാണ പ്രവർത്തികൾക്കുള്ള അനുമതി നൽകുന്നുള്ളൂ.

ഇത്തരത്തിൽ കിണർ കുഴിക്കുന്ന കാര്യത്തിലും നിയമത്തിന് യാതൊരുവിധ ആനുകൂല്യവും ലഭിക്കുന്നതായിരിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി

വീട് നിർമ്മിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സമർപ്പിക്കുന്ന പെർമിറ്റിന് ആവശ്യമായ അപേക്ഷയോടൊപ്പം തന്നെയാണ് കിണർ കുഴിക്കുന്നതിന് ആവശ്യമായ അപേക്ഷയും ഉൾപ്പെടുത്തേണ്ടത്. അനുബന്ധം A1 അനുസരിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വീട് നിർമ്മാണത്തിൽ പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖകൾ ആയ പ്ലോട്ടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ് കോപ്പി, സൈറ്റിന്റെ പ്ലാൻ എന്നിവ അപേക്ഷയോടൊപ്പം നൽകണം.

കൂടാതെ എവിടെയാണോ കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ ഏഴര മീറ്റർ ചുറ്റളവിൽ വരുന്ന എല്ലാ കാര്യങ്ങളും പ്ലാനിൽ ഉൾപ്പെടുത്തണം. മുകളിൽ പറഞ്ഞ ചുറ്റളവിനുള്ളിൽ ഒരു കാരണവശാലും സെപ്റ്റിക് ടാങ്ക് വരാൻ പാടുള്ളതല്ല.

പ്ലോട്ട് നിൽക്കുന്ന അതിരിൽ നിന്നും 1.2 മീറ്റർ അകലെ മാറിയായിരിക്കണം കിണർ നിർമ്മിക്കേണ്ടത്. അതോടൊപ്പം തന്നെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളും നോക്കി മാത്രമേ കിണർ കുഴിക്കാനായി സാധിക്കുകയുള്ളൂ.

വിജ്ഞാപനം ചെയ്യപ്പെട്ട പ്രധാന റോഡുകളിൽ നിന്നും മൂന്ന് മീറ്റർ അകലവും, മറ്റ് റോഡുകളിൽ നിന്ന് രണ്ട് മീറ്റർ അകലവും പാലിച്ചു മാത്രമേ വീടിനോട് ചേർന്ന് കിണർ കുഴിക്കാൻ സാധിക്കുകയുള്ളൂ.

കിണർ കുഴിച്ച് വെള്ളം കണ്ട ശേഷം ചുറ്റുമതിൽ കെട്ടുമ്പോൾ ഒരു മീറ്റർ എങ്കിലും ഹൈറ്റ് നൽകി വേണം നിർമ്മിക്കാൻ.

ഈ നിയമങ്ങളെല്ലാം സാധാരണ ഒരു കിണർ കുഴിക്കുന്നതിനും ബാധകമാണ്. അതേസമയം കുഴൽ കിണർ ആണ് കുഴിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ജലവകുപ്പിൽ നിന്നും NOC വാങ്ങേണ്ടതുണ്ട്.

കുഴൽക്കിണർ കുഴിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ അത് പരിശോധിച്ച് എലിജിബിൾ ആണെങ്കിൽ അതേ ദിവസം തന്നെ കിണർ കുഴിക്കാനുള്ള അനുമതി ലഭിക്കുന്നതാണ്.

കിണർ കുഴിക്കുന്നതിന് ആവശ്യമായ അപേക്ഷയോടൊപ്പം 20 രൂപയാണ് ഫീസായി നൽകേണ്ടത്.പെർമിറ്റ് ഫീസ് ഇനത്തിലും ഒരു തുക അടയ്ക്കണം.

വീട്ടിലെ കിണറും കെട്ടിടനിർമാണ നിയമങ്ങളും അറിഞ്ഞിരുന്നാൽ അവ തീർച്ചയായും ഉപകാരപ്പെടും.