ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്. വായു മലിനീകരണം വർദ്ധിച്ചതോടെ പച്ചപ്പിനുള്ള പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി.

വീടിനു പുറത്തു മാത്രമല്ല വീടിനകത്തും ഒന്നോ രണ്ടോ ഇന്റീരിയർ പ്ലാന്റുകൾ എങ്കിലും വാങ്ങി വയ്ക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ പ്രാധാന്യം നേടിയെടുത്ത ഒരു ചെടിയാണ് മണി പ്ലാന്റ് അഥവാ സിൻഡാപ്സസ്.

കാഴ്ചയിൽ ഭംഗിയും അതേസമയം വീടിനകത്ത് പണം എത്തിച്ചേരുമെന്ന പേരിലും ആളുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന മണിപ്ലാന്റിന്റെ പരിപാലന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വളരെ കുറഞ്ഞ പരിപാലന രീതി കൊണ്ടും ഇന്റീരിയറിൽ പച്ചപ്പ് നിറയ്ക്കാൻ സാധിക്കും എന്നതു കൊണ്ടും എല്ലാവരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് സിൻഡാപ്സസ് അഥവാ മണി പ്ലാന്റ്.

വള്ളി പടർപ്പ് പോലെ പടർന്ന് പന്തലിച്ച് പോകുന്ന ഇലകൾ വലിയ രീതിയിൽ വെളിച്ചവും വെള്ളവും ഇല്ലെങ്കിലും വളർന്നോളും എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ ചെടി അറിയപ്പെടുന്ന മറ്റൊരു പേരാണ് ‘പോത്തോസ്’.

ചെടിയുടെ മറ്റ് പ്രത്യേകതകൾ മണ്ണ് നിറച്ച് ഹാങ്ങിങ് പോട്ട് രീതിയിലും, അതല്ലെങ്കിൽ ഇന്റീരിയറിൽ സ്റ്റാൻഡിൽ വയ്ക്കാവുന്ന രീതിയിലും കുപ്പികളിൽ വെള്ളം നിറച്ചുമെല്ലാം ഇവ വളർത്തിയെടുക്കാം എന്നതാണ്.

മാത്രമല്ല ബാൽക്കണി പോലുള്ള ഏരിയകളിൽ ഫ്രെയിമുകൾ ഘടിപ്പിച്ച് അവയ്ക്ക് മുകളിലൂടെ പടർത്തി വിടുകയും ചെയ്യാം. വീടിനകത്തെ വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിനുള്ള കഴിവ് വളരെ വലുതാണ്.

പ്രത്യേകിച്ച് തിരക്കേറിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിൽ പൊടിയും അന്തരീക്ഷ മലിനീകരണവും കാരണം ദുഷിച്ച വായു വീട്ടിനകത്തേക്ക് കയറുന്നത് ഒരു വലിയ പ്രശ്നമാണ്.

അത്തരം സാഹചര്യങ്ങളിൽ ഒരു ചെറിയ ചെടിയാണെങ്കിൽ പോലും മണി പ്ലാന്റ് വായുവിനെ ശുദ്ധീകരിക്കുമെങ്കിൽ അത് അത്ര ചെറിയ കാര്യമല്ല.

ചൈന പോലുള്ള പല ദേശങ്ങളിലും മണി പ്ലാന്റ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സമ്പത്ത് കൊണ്ടു വരുമെന്ന പേരിലാണ് ഇവ വളർത്തുന്നത്.ഒരു നിറത്തിലുള്ള ഇലകൾ മാത്രമല്ല ഇവയുടെ വ്യത്യസ്ത വകഭേദങ്ങളും ഇപ്പോൾ ലഭ്യമാണ്.

ഡാർക്ക് പച്ചനിറത്തിൽ മാത്രമുള്ള ഇലകളോട് കൂടിയ ചെടികളും, പച്ചയും ഇളം മഞ്ഞയും ഇട കലർന്ന നിറവും,വെള്ളയും പച്ചയും ഇട കലർന്ന നിറത്തിലുള്ള ഇലകളും അവയിൽ തന്നെ കുത്തുകൾ,വരകൾ എന്നിവയോട് കൂടിയ ചെടികൾക്കും നല്ല രീതിയിൽ ഡിമാൻഡ് ഉണ്ട്.

ഇവ തന്നെ കൂടുതൽ നല്ല രീതിയിൽ വളർത്തി എടുക്കുന്നതിനായി കുറ്റിച്ചെടി രൂപത്തിൽ സങ്കരയിനത്തിലും ഇപ്പോൾ ചെയ്യുന്നുണ്ട്.ഓപ്പൺ ടെറസ് പോലുള്ള ഭാഗങ്ങളിൽ പച്ചപ്പിന് പ്രാധാന്യം നൽകി കൊണ്ടുള്ള വേലികൾ നിർമ്മിക്കാനും, ഇന്റീരിയറിൽ കോഫി ടേബിൾ, അലങ്കാരത്തിനായി ഉപയോഗിക്കുന്ന ഹാങ്ങിങ് പോട്ടുകൾ എന്നിവയ്ക്കുമായാണ് മണി പ്ലാന്റ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

പരിപാലന രീതി

ചെടിയുടെ തണ്ടിൽ നിന്നു തന്നെ പുതിയവ വളർത്തിയെടുക്കാനായി സാധിക്കും.വളരെ മൂത്ത തണ്ടുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി ഇളം പിഞ്ചിലുള്ള തണ്ട് നോക്കി വേണം തിരഞ്ഞെടുക്കാൻ.

വെള്ളത്തിലാണ് ചെടി വളർത്തിയെടുക്കുന്നത് എങ്കിൽ എട്ടു മുതൽ 10 കഷ്ണങ്ങൾ മുട്ട് ഉൾപ്പെടെയുള്ള തണ്ട് മുറിച്ചെടുത്ത് റബ്ബർ ബാൻഡ് ഉപയോഗിച്ച് കെട്ടി നൽകുകയാണ് ചെയ്യുന്നത്.

എന്നാൽ കൃത്യമായ ഇടവേളകളിൽ വെള്ളം മാറ്റി നൽകിയില്ലെങ്കിൽ ഫംഗൽ ബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ചെടിയുടെ തണ്ട് ചീയാനും അളിഞ്ഞു പോകാനുമുള്ള സാധ്യത ഉണ്ടാക്കുന്നു. ചെടി നട്ട ശേഷം ഏകദേശം മൂന്നാഴ്ച സമയം കൊണ്ടു തന്നെ പുതിയ വേരുകൾ ചെടികളിൽ വന്നു തുടങ്ങും.

തുടർന്ന് നടാനായി ഉപയോഗിച്ച റബ്ബർബാൻഡ് അഴിച്ച് മാറ്റാവുന്നതാണ്.ചെടികളിൽ പച്ച കൂടുതലാണ് എങ്കിൽ അവ അധികം പ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വക്കേണ്ടതില്ല. അതേസമയം വെള്ള നിറം അല്ലെങ്കിൽ മഞ്ഞ നിറത്തിലാണ് തണ്ടുകൾ കാണപ്പെടുന്നത് എങ്കിൽ അവയ്ക്ക് കൂടുതൽ സൂര്യപ്രകാശവും വെള്ളവും ആവശ്യമായി വരും.

ചെടിച്ചട്ടികളിൽ വളർത്തിയെടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഇവ പടർന്ന് പന്തലിച്ചോളും.മെറ്റൽ ഫ്രെയിമുകൾ, തടി കഷ്ണങ്ങൾ എന്നിവയെല്ലാം പ്രത്യേക ആകൃതിയിൽ സജ്ജീകരിച്ച് നൽകി ചെടി പടർത്തി വിടാവുന്നതാണ്.

ഉപയോഗശൂന്യമായ ഗ്ലാസ് ബൗളുകൾ,കുപ്പികൾ എന്നിവയിലെല്ലാം വെള്ളം നിറച്ചും ചെടി വളർത്താം. വെള്ളത്തോടൊപ്പം വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റോണുകൾ വെള്ളാരം കല്ലുകൾ എന്നിവ ഇട്ട് നൽകുകയാണെങ്കിൽ അവ ഒരു അലങ്കാരമായി ഇൻഡോറിൽ ഉപയോഗപ്പെടുത്താം.

കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത ഉള്ളതു കൊണ്ട് അവയിൽ കുറച്ച് വേപ്പെണ്ണ കൂടി തളിച്ച് നൽകാവുന്നതാണ്.

അലങ്കാര ആവശ്യങ്ങൾക്ക് വേണ്ടിയാണ് ചെടി വളർത്തുന്നത് എങ്കിൽ അതിന് അനുയോജ്യമായ രീതിയിൽ ഫൈബർ, സെറാമിക് പോട്ടുകൾ അല്ലെങ്കിൽ ഭംഗി തോന്നിപ്പിക്കുന്ന കുപ്പികൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

വലിയ രീതിയിൽ പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് ചട്ടികളിലും ഇവ വളർത്തിയെടുക്കാവുന്നതാണ്.

എന്നാൽ മണി പ്ലാന്റ് വീട്ടിനകത്ത് വളർത്തുന്നത് കൊണ്ടുള്ള ഒരു പ്രധാന ദോഷമായി പറയുന്നത് അലർജി ഉണ്ടാകാനുള്ള സാധ്യതയാണ്.

അതുകൊണ്ടു തന്നെ വീട്ടിൽ അലർജി ഉള്ളവർ ഉണ്ടെങ്കിലോ പ്രായമായവർ കുട്ടികൾ എന്നിവർ ഉണ്ടെങ്കിലോ വീടിനകത്ത് ഉപയോഗിക്കാതിരിക്കുക എന്നതാണ്.

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്, പരിപാലന രീതിയും ഉപയോഗങ്ങളും ഇവയെല്ലാമാണ്.