ലിവിങ് ഏരിയ അതിമനോഹരമാക്കാൻ.എല്ലാ വീടുകളിലും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുന്ന ഇടമായി ലിവിങ് ഏരിയകൾ അറിയപ്പെടുന്നു.

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്ന ഇടം എന്നതിലുപരി വീട്ടുകാർ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായി മിക്ക വീടുകളിലും ലിവിങ് ഏരിയകൾ മാറാറുണ്ട്.

അതുകൊണ്ടു തന്നെ വെളിച്ചവും, വായു സഞ്ചാര ലഭ്യതയും, പോസിറ്റീവ് എനർജിയും ലഭിക്കുന്ന രീതിയിൽ വേണം ലിവിങ് ഏരിയ അറേഞ്ച് ചെയ്യാൻ.

ഒരു സാധാരണ ലിവിങ് എന്നതിൽ ഉപരി ഫാമിലി ലിവിങ്,അപ്പർ ലിവിങ് എന്നിങ്ങനെ പല രീതിയിലും ലിവിങ് ഏരിയകൾ വീടുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കാൻ മാത്രം കോമൺ ലിവിങ് ഉപയോഗപ്പെടുത്തുമ്പോൾ വീട്ടിലെ കുടുംബാംഗങ്ങൾക്ക് സംസാരിച്ചിരിക്കുന്നതിന് വേണ്ടിയാണ് ഫാമിലി ലിവിങ് നൽകുന്നത്.

അതേസമയം ഹോം തിയേറ്റർ പോലുള്ള കാര്യങ്ങൾ സജ്ജീകരിക്കുന്നതിന് വേണ്ടിയാണ് കൂടുതലായും അപ്പർ ലിവിങ് ഏരിയ ഉപയോഗപ്പെടുത്തുന്നത്. ലിവിങ് ഏരിയ കൂടുതൽ മനോഹരമാക്കാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.

ലിവിങ് ഏരിയ അതിമനോഹരമാക്കാൻ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വേർതിരിച്ച് നൽകാതെ ലിവിങ് ഏരിയ അതിന്റെ ഒരു ഭാഗമായി മാറ്റുന്നതാണ് ഓപ്പൺ ലേ ഔട്ട് സ്റ്റൈൽ. അതായത് ലിവിങ് ഏരിയ, കിച്ചൻ, ഡൈനിങ് ഏരിയ എന്നിവ തമ്മിലൊന്നും ചുമരുകൾ കെട്ടി മറക്കുന്ന രീതി ഇവിടെ ഉപയോഗപ്പെടുത്തുന്നില്ല.

അതുകൊണ്ടു തന്നെ എല്ലാ ഭാഗങ്ങളിലേക്കും ഒരു തീം തിരഞ്ഞെടുത്ത് ഡിസൈൻ ചെയ്യുന്നതാണ് കൂടുതൽ ഭംഗി നൽകുക. എല്ലാ ഭാഗങ്ങളിലേക്കും ഒരേ നിറത്തിൽ പെയിന്റ്, ഫർണിച്ചറുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താൻ ഓപ്പൺ ശൈലി പ്രയോജനപ്പെടും.

ഇത്തരത്തിലുള്ള രീതി പിന്തുടരുന്നത് വഴി വീടിന് കൂടുതൽ വിശാലതയും, വെളിച്ചവും, വായു സഞ്ചാരവും ഉറപ്പു വരുത്തുകയും ചെയ്യാം.

ലിവിങ് ഏരിയകളിൽ വലിപ്പം കൂടിയ ബേ വിൻഡോകൾ നൽകുകയാണെങ്കിൽ വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചം ലഭിക്കുകയും അതുപോലെ സീറ്റിംഗ് അറേഞ്ച് മെന്റ് ആയും ഉപയോഗപ്പെടുത്താം.

ലിവിങ് ഏരിയയിൽ നിന്നാണ് മുകളിലേക്കുള്ള സ്റ്റെയർകെയ്സ് നൽകുന്നത് എങ്കിൽ ഡബിൾ ഹൈറ്റ് റൂഫിംഗ് രീതി, പർഗോള, ജാളി ബ്രിക്കുകൾ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

ഇവയ്ക്കിടയിൽ ചെറിയ രീതിയിലുള്ള പാർട്ടീഷനുകൾ നൽകാൻ താല്പര്യപ്പെടുന്നവർക്ക് ഗ്ലാസ് പാർട്ടീഷനുകൾ അല്ലെങ്കിൽ സിഎൻ സി കട്ടിംഗ് വർക്കുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

വളരെ ലളിതവും അതേസമയം കാഴ്ചയിൽ ഭംഗി തോന്നുന്നതുമായ ഫർണിച്ചറുകൾ നോക്കി വേണം ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കാൻ.

സോഫകൾ തിരഞ്ഞെടുക്കുമ്പോൾ പ്രീമിയം ലുക്ക് തോന്നിപ്പിക്കുന്ന ലെതർ ലിനൻ പോലുള്ള മെറ്റീരിയലുകൾ നോക്കി തിരഞ്ഞെടുക്കാം.

അവയ്ക്ക് കോൺട്രാസ്റ്റ് ആയ നിറങ്ങളിൽ കുഷ്യനുകൾ ലിവിങ് ഏരിയയിലേക്ക് ആവശ്യമായ കർട്ടനുകൾ എന്നിവ കൂടി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

പൂർണ്ണമായും മോഡേൺ രീതി പിന്തുടർന്നു കൊണ്ടാണ് ലിവിങ് ഏരിയ ഡിസൈൻ ചെയ്യുന്നത് എങ്കിൽ അലങ്കാരങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

മാത്രമല്ല പാനലിംഗ് വർക്കുകൾ എന്നിവയും ഒഴിവാക്കാം. ലിവിങ് ഏരിയയുടെ വലിപ്പം അനുസരിച്ച് മാത്രം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

കൂടുതൽ പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ ലിവിങ് ഏരിയയ്ക്ക് ലഭിക്കാനായി ഇൻഡോർ പ്ലാന്റുകൾ,മുള, കല്ലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാരവസ്തുക്കൾ തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഥലപരിമിതി പ്രശ്നമായിട്ടുള്ള ലിവിങ് ഏരിയകളിൽ അതിനെ മറികടക്കാൻ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ബിൽട്ട് ഇൻ സ്റ്റോറേജ് രീതി ഉപയോഗപ്പെടുത്താം.

മാത്രമല്ല ചുമരിൽ മൗണ്ട് ചെയ്ത് വെക്കുന്ന രീതിയിലുള്ള ടിവി, റെഡിമെയ്ഡ് ഷെൽഫുകൾ എന്നിവ ആവശ്യങ്ങൾക്ക് അനുസൃതമായി മാത്രം തിരഞ്ഞെടുക്കാവുന്നതാണ്.

ലിവിങ് ഏരിയ അതിമനോഹരമാക്കാൻ, ഇത്തരം കാര്യങ്ങൾ കൂടി പരീക്ഷിക്കാം.