വീടുപണിയിൽ ലേബർ കോൺട്രാക്ട് ആണോ ഫുൾ ഫിനിഷ് കോൺട്രാക്ട് ആണോ കൂടുതൽ ലാഭം?

വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ പല കടമ്പകളും കടക്കേണ്ടതായി ഉണ്ട്. വീട് നിർമ്മാണത്തിന് മുൻപുതന്നെ ഉപയോഗിക്കേണ്ട മെറ്റീരിയലുകൾ,പണി നൽകേണ്ട രീതി എന്നിവയെക്കുറിച്ചെല്ലാം ഒരു ധാരണ ഉണ്ടാക്കി വെക്കുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് പലർക്കുമുള്ള ഒരു സംശയമാണ് വീടുപണി ഫുൾ ഫിനിഷ് കോൺട്രാക്ട് നൽകുന്നതാണോ ലേബർ കോൺട്രാക്ട് നൽകുന്നതാണോ ലാഭം എന്നത്. എന്താണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ന് കൃത്യമായി അറിഞ്ഞിരിക്കാം.

ഫുൾ ഫിനിഷ് കോൺട്രാക്ട്

നമ്മൾ ഒരു വീട് പണിയാൻ മനസ്സിൽ ഉദ്ദേശിച്ചു കഴിഞ്ഞാൽ ഒരു ബിൽഡറെ കണ്ട് വീടിന്റെ പണി മുഴുവനായും നൽകുന്ന രീതിയാണ് ഫുൾ ഫിനിഷ് കോൺട്രാക്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ വീടുപണിക്ക് ആവശ്യമായ മെറ്റീരിയൽ ലേബർ എന്നിവയെല്ലാം ബിൽഡറുടെ ഉത്തരവാദിത്വത്തിൽ ആണ്‌ ഉണ്ടാവുക.

വീട് പണി പൂർണമായും പൂർത്തിയാക്കി കീ നമ്മുടെ കൈയിൽ തരുന്ന ഒരു രീതിയിലാണ് ഇത് വർക്ക് ചെയ്യുന്നത്. ഒരു സ്ക്വയർഫീറ്റിന് ഏകദേശം 1950 മുതൽ 2100 രൂപവരെയാണ് ഫുൾ ഫിനിഷ് കോൺട്രാക്ടിൽ നൽകേണ്ടി വരുന്നത്.

ഫുൾ ഫിനിഷ് കോൺട്രാക്ട് തിരഞ്ഞെടുക്കുമ്പോൾ വരുന്ന ഏറ്റവും വലിയ കാര്യം നമ്മുടെ ജോലിഭാരം കുറയുന്നു എന്നത് തന്നെയാണ്.

ബിൽഡർ നൽകുന്ന ബഡ്ജറ്റിന് അനുസരിച്ച് പണികൾ പൂർത്തിയാകും. സമയബന്ധിതമായി പണി പൂർത്തിയാക്കിയപെടും. പണിയുടെ ഓരോഘട്ടത്തിലും കൃത്യമായ പരിശോധനകൾ നടത്താം

പോരായ്മകൾ

സർവീസ് ചാർജ് ഓരോ ഇനത്തിലും നൽകേണ്ടിവരും.

കോൺട്രാക്ടർ ഉപയോഗിക്കുന്ന മെറ്റീരിയലിനെ പറ്റി പലപ്പോഴും കൃത്യമായ അറിവ് ലഭിക്കുന്നില്ല.

റേറ്റ് കുറവാണ് പറയുന്നത് എങ്കിൽ അത് പല രീതിയിലുള്ള തട്ടിപ്പുകളുടെ ഭാഗമായിരിക്കും.

ലേബർ കോൺട്രാക്ട്.

വീടു പണി നടത്താൻ ഉപയോഗിക്കാവുന്ന മറ്റൊരു രീതിയാണ് ലേബർ കോൺട്രാക്ട്. വീടുപണിക്ക് ആവശ്യമായ എല്ലാവിധ മെറ്റീരിയലുകളും നമ്മൾ തന്നെ പർച്ചേസ് ചെയ്ത് ഏതെങ്കിലും ഒരു ബിൽഡറെ കൊണ്ട് പണിയെടുപ്പിക്കുന്ന രീതിയാണ് ഇത്.

മെറ്റീരിയൽ നമ്മൾ പർച്ചേസ് ചെയ്ത് ലേബർ കോസ്റ്റ് മാത്രം നൽകുമ്പോൾ ഒരു സ്ക്വയർഫീറ്റിന് 350 രൂപ മുതൽ 450 രൂപ വരെയാണ് നൽകേണ്ടിവരുന്നത്.

പ്രധാന ഗുണങ്ങൾ

  • നമുക്ക് ഇഷ്ടമുള്ള മെറ്റീരിയൽ നല്ല ക്വാളിറ്റിയിൽ തിരഞ്ഞെടുത്ത് നൽകാം.
  • മറ്റീരിയൽ ബഡ്ജറ്റിന് അനുസരിച്ച് മാത്രം തിരഞ്ഞെടുത്താൽ മതി.
  • ആവശ്യമുള്ള സാധനങ്ങൾ നമ്മൾ തന്നെ തിരഞ്ഞെടുത്തു നൽകുന്നതുകൊണ്ട് വിശ്വാസ്യതയുടെ പ്രശ്നം വരുന്നില്ല.

ദോഷ വശങ്ങൾ

  • കൃത്യമായ ബ്രാൻഡുകളുടെ പറ്റി അറിവില്ല എങ്കിൽ ചതിയിൽ പെടുന്നതിന് കാരണമാകും.
  • വിതരണക്കാരുടെ ചൂഷണത്തിന് ഇരയാവുകയും വാങ്ങുന്ന മെറ്റീരിയലിൽ വേസ്റ്റ് കൂടുതൽ വരാനുള്ള സാധ്യതയുമുണ്ട്.
  • മെറ്റീരിയലിനെ പറ്റി കൃത്യമായ ധാരണ ഉണ്ടായിക്കൊള്ളണമെന്നില്ല.
  • ലേബർ കോൺട്രാക്ടിൽ പറഞ്ഞ ജോലികൾ മാത്രമായിരിക്കും കോൺട്രാക്ടർ ചെയ്തു തരിക.

തച്ച് അല്ലെങ്കിൽ കൂലി രീതി

പഴയകാലത്ത് കൂടുതൽപേരും പിന്തുടർന്നിരുന്ന രീതി തച്ച് രീതിയാണ്. അതായത് വീടുപണിക്ക് ആവശ്യമായ മെറ്റീരിയലുകൾ ഓരോഘട്ടത്തിലും നമ്മൾ കണ്ടെത്തുന്നു. തുടർന്ന് അത് പണിയെടുക്കാൻ അനുയോജ്യരായ ആളുകളെ കണ്ടെത്തി അവരെ കൊണ്ട് പണി പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ പല ആളുകളും ഈ രീതി പിന്തുടരാൻ ഇഷ്ടപ്പെടുന്നില്ല.

ഓരോ ഭാഗത്തെയും ഭൂപ്രകൃതി അനുസരിച്ച് വർക്കിന് ഉള്ള തുക വ്യത്യാസം വരുന്നതാണ്.ഇവയിൽ ഓരോ രീതിക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വീടുപണി പൂർണ്ണമായും നമ്മൾ ഒരു കോൺട്രാക്ടർക്ക് നൽകുമ്പോൾ അവർ മെറ്റീരിയലിനു പറയുന്ന കോസ്റ്റ് എത്രയാണ് എന്ന് പലപ്പോഴും അറിയാറില്ല.

സ്ട്രക്ച്ചറൽ കോസ്റ്റ് എന്ന പേരിൽ ഒരു ലിസ്റ്റ് എഴുതി അതിൽ പറയുന്ന പണം നമ്മൾ നൽകുകയാണ് ചെയ്യുന്നത്. വീടുപണി യെ പറ്റി കൃത്യമായ ധാരണ ഇല്ലാത്ത ഒരാൾ ലേബർ കോൺട്രാക്ട് രീതി തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് ഉചിതം.

പലപ്പോഴും ലാഭം മുന്നിൽ കണ്ടാണ് ഇത്തരത്തിലുള്ള ഒരു രീതി തിരഞ്ഞെടുക്കുന്നത് എങ്കിലും ഭാവിയിൽ വലിയ രീതിയിലുള്ള നഷ്ടങ്ങളാണ് ഉണ്ടാകാൻ സാധ്യത.

എന്നിരുന്നാലും വീട് എന്നത് ഓരോരുത്തരുടെയും സ്വപ്നമാണ് അതുകൊണ്ടുതന്നെ അത് എങ്ങിനെ നിർമിക്കണം എന്നതും ആ വ്യക്തിയുടെയും, കുടുംബത്തിന്റെയും മാത്രം ചോയിസ് ആണ്.